സ്വപ്നങ്ങളുമായി തോരാമഴയിൽ അർജുൻ ഇറങ്ങി, കണ്ണീർപെരുമഴയിൽ ചേതനയറ്റ് മടങ്ങി;ഷിരൂർ ദുരന്തത്തിന് ഒരാണ്ട്

മലയാളികള്‍ക്കാകെ നൊമ്പരമായി മാറിയ, കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്റെ ജീവനെടുത്ത ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ജൂലായ് പതിനാറിന് ഒരാണ്ട്. ഉത്തര കന്നഡയിലെ അങ്കോളക്കടുത്ത് ഷിരൂരില്‍ കനത്ത മഴയില്‍ കുന്നിടിഞ്ഞുണ്ടായ അപകടത്തില്‍ കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനടക്കം 11 പേരാണ് മരിച്ചത്. 2024 ജൂലായ് പതിനാറിന് രാവിലെ 8.45 ഓടെയാണ് കര്‍ണാടക- ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍ - കന്യാകുമാരി ദേശീയപാതയിലായിരുന്നു അപകടം.
ബെലഗാവിയിൽ നിന്ന് മരം കയറ്റിവരുമ്പോഴാണ് അര്‍ജുന്റെ ലോറി അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നെങ്കിലും അര്‍ജുനെ കാണാനില്ലെന്ന് പറഞ്ഞ് അര്‍ജുന്റെ കുടുംബം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് ജീവന്‍വെച്ചു.
അര്‍ജുന്‍ തിരികെ വരാനായി കേരളമാകെ പ്രാര്‍ഥനയോടെ കാത്തിരുന്നു. പ്രതികൂല കാലാവസ്ഥ പലതവണ തിരച്ചില്‍ തടസ്സപ്പെടുത്തിയപ്പോഴും പ്രതീക്ഷ കൈവിടാതെ വീണ്ടും വീണ്ടും തിരഞ്ഞു. ഒടുവില്‍ എഴുപത്തിയൊന്നാം നാള്‍ സെപ്തംബര്‍ 25-ന് ഗംഗാവലിയുടെ ആഴങ്ങളില്‍നിന്നും അര്‍ജുന്റെ ചേതനയറ്റ ജഡം കണ്ടെടുത്തു.
പ്രിയപ്പെട്ടവനില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് പതിയെ സാധാരണ ജീവിതത്തിലേക്ക് വരികയാണ് അര്‍ജുന്റെ കുടുംബം. അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലിയില്‍ തുടരുന്നു. മകന്‍ അയാന്‍ പ്ലേ സ്‌കൂളിലായി. അര്‍ജുനെ കാണാതാവും മുമ്പ് പറഞ്ഞുറപ്പിച്ച ഇളയ സഹോദരിയുടെ വിവാഹം അടുത്ത വര്‍ഷം നടക്കും. സഹോദരന്‍ ഉപരിപഠനം നടത്തുന്നു. പരിക്കുപറ്റി കിടപ്പിലായിരുന്ന അച്ഛന്‍ സുഖം പ്രാപിച്ചു. പ്രിയപ്പെട്ട കുട്ടന്റെ ഓര്‍മകള്‍ പകരുന്ന കരുത്തില്‍ മുന്നോട്ട് പോവുകയാണ് കുടുംബം.
ജൂലായ് എട്ട്- അര്‍ജുന്‍ പടിയിറങ്ങിപ്പോയ ദിവസം
2024 ജൂലായ് എട്ടിന് തോരാമഴയിലാണ് അര്‍ജുന്‍ എന്ന ചെറുപ്പക്കാരന്‍ കണ്ണാടിക്കലിലെ വീട്ടില്‍നിന്നും യാത്ര പുറപ്പെട്ടത്. പൂനൂര്‍പ്പുഴ കരകവിഞ്ഞൊഴുകി വീടിന് ചുറ്റും നിറയെ വെള്ളമായിരുന്നു.വീടിന്റെ പെയിന്റിങ്, സഹോദരിയുടെ വിവാഹ നിശ്ചയം.... അങ്ങനെ തിരിച്ചുവന്നാല്‍ ചെയ്തുതീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു, അര്‍ജുന്. തടി കയറ്റിയ ലോറിയുമായി തിരികെ നാട്ടിലേക്കുള്ള യാത്രക്കിടെ മണ്ണിടിഞ്ഞുവീണ് ഇല്ലാതായത് അര്‍ജുന്റെ മാത്രമല്ല ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളായിരുന്നു.
വാര്‍ത്തകളില്‍ നിന്ന് കേരളത്തിന്റെ മനസ്സില്‍ ഇടം നേടിയ അര്‍ജുന്‍
അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കോഴിക്കോട് കണ്ണാടിക്കല്‍ എന്ന ഗ്രാമത്തിലെ അര്‍ജുന്‍, മലയാളികള്‍ക്കാകെ പ്രിയപ്പെട്ടവനായി. സ്വന്തം കുടുംബത്തിലെ ഒരംഗം പോലെ അര്‍ജുന്‍ വരുമെന്ന പ്രതീക്ഷയില്‍ നാടൊന്നാകെ കാത്തിരുന്നു.
നടന്നത് സമാനതകളില്ലാത്ത തിരച്ചില്‍
അപകടം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആരും സഹായിക്കാനില്ലാത്ത അവസ്ഥയിലായിരുന്നു അര്‍ജുന്റെ കുടുംബം. കര്‍ണാടക പോലീസും റവന്യൂ അധികൃതരും ഗൗരവത്തോടെ ഇടപെട്ടില്ലെന്ന് പരാതികളുയര്‍ന്നു. പിന്നീട് കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി. 71 ദിവസം ഒരാള്‍ക്കുവേണ്ടി എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയ ഒരു തിരച്ചില്‍ ഒരുപക്ഷേ രാജ്യത്ത് തന്നെ അപൂര്‍വമായിരിക്കും.
കര്‍ണാടക, കേരള സര്‍ക്കാരുകള്‍ ഒപ്പം നിന്നപ്പോള്‍ നാവികസേനയും കരസേനയും എന്‍ടിആര്‍എഫ് സംഘവും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി. ദേശീയപാതയോരത്ത് മണ്ണിടിഞ്ഞ സ്ഥലത്തായിരുന്നു ആദ്യ തിരച്ചില്‍. ഒരാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും ലോറി കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് പരിശോധന അവസാനിപ്പിച്ചു. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണസെയിലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം. 72 ദിവസവും അദ്ദേഹം ഗംഗാവാലിയുടെ തീരത്തുനിന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. രാവിലെ തിരച്ചില്‍ തുടങ്ങുമ്പോള്‍ സ്ഥലത്തെത്തുന്ന എംഎല്‍എ തിരച്ചില്‍ അവസാനിപ്പിക്കും വരെ അവിടെ തുടര്‍ന്നു. ഒടുവില്‍ അവസാനം അര്‍ജുന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുമ്പോളും ദൗത്യതലവനായ സതീഷ് കൃഷ്ണസെയില്‍ ഒപ്പം വന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മടങ്ങി.
അര്‍ജുനെ കണ്ടെത്താനായി നടത്തിയ ദൗത്യത്തിന്റെ നാള്‍ വഴികള്‍
- ജൂലായ് 16 - കര്‍ണാടകയിലെ ബല്‍ഗാമില്‍നിന്ന് അക്വേഷ്യ തടിയുമായി പോയ അര്‍ജുന്റെ ലോറി കന്യാകുമാരി ദേശീയപാതയില്‍ കാര്‍വാറിനടുത്ത് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചില്‍പ്പെടുന്നു.
- 17- അര്‍ജുനെ കാണാതായി എന്ന് പറഞ്ഞ് ഭാര്യ കൃഷ്ണപ്രിയ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കി.
- ഷിരൂരിലെ റോഡ് അരികിലെ കടയുടമ ഉള്‍പ്പെടെ 10 പേര്‍ അപകടത്തില്‍പ്പെട്ടതായി സ്ഥിരീകരണം.
- 18- മണ്ണ് നീക്കി പരിശോധന നടത്താന്‍ ശ്രമം
- 19- അര്‍ജുനെ കാണാന്‍ ഇല്ലെന്ന വിവരവുമായി അര്‍ജുന്റെ കുടുംബം മാധ്യമങ്ങള്‍ക്ക് മുന്നില്‍
- അതോടെ തിരച്ചില്‍ ഊര്‍ജിതമാക്കി
- 20- സൂറത്ത്കല്‍ എന്‍ഐടി സംഘം റഡാര്‍ പരിശോധന നടത്തി. പാറയും മണ്ണും ദുരന്തനിവാരണ സേന നീക്കി തുടങ്ങി
- 21 - കുടുംബത്തിന്റെ ആവശ്യപ്രകാരം കരസേനയെത്തി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്ത്. ലോറി റോഡില്‍ മണ്ണിലല്ല പുഴയിലാണ് എന്ന് കര്‍ണാടക റവന്യൂമന്ത്രി സ്ഥിരീകരിച്ചു.
- 22- പുഴയിലും തിരച്ചില്‍
- 23 - പുഴയില്‍നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചു. ലോറിയുടേത് എന്ന് കരുതുന്ന റഡാര്‍ സിഗ്‌നലും കിട്ടി. എന്നാല്‍ പുഴയിലെ ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തടസ്സമായി.
- 24- കരയില്‍നിന്നും 20 മീറ്റര്‍ അകലെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയതായി കര്‍ണാടക മന്ത്രി റവന്യൂ മന്ത്രി
- 25- റിട്ട.മേജര്‍ ഇന്ദ്രബാലന്റെ നേതൃത്വത്തില്‍ പുഴയില്‍ പരിശോധന. 60 മീറ്റര്‍ അകലെ ലോറിയുടെ സിഗ്‌നല്‍. നാലിടങ്ങളില്‍ ലോഹ സാന്നിധ്യം.
- 26 - ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് ശക്തമായതോടെ തിരച്ചില്‍ പ്രതിസന്ധിയിലായി.
- 27- ലോറി കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയാണെന്ന് ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമായി. ഈശ്വര്‍ മാൽപെയുടെ നേതൃത്വത്തില്‍ മത്സ്യ തൊഴിലാളികള്‍ എത്തി പരിശോധന
- 28- പരിശോധന തുടര്‍ന്നെങ്കിലും ഒന്നും കണ്ടെത്താനാവാതെ വന്നതോടെ താല്‍ക്കാലികമായി തിരച്ചില്‍ നിര്‍ത്തി. ഓഗസ്റ്റ് നാലിനും അഞ്ചിനും തിരച്ചില്‍ തുടരുമെന്ന് അറിയിച്ചെങ്കിലും പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ തിരച്ചില്‍ നടന്നില്ല. പിന്നീട് ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു.
- ഓഗസ്റ്റ് 12 - നാവികസേന തിരച്ചില്‍ ആരംഭിക്കാന്‍ തീരുമാനം.
- 13 - തിരച്ചില്‍ തുടങ്ങി. ലോറിയുടെ ജാക്കി ലിവര്‍, ടാങ്കര്‍ ലോറിയുടെ വാതിലിന്റെ ഭാഗം എന്നിവ ഈശ്വര്‍ മാല്‍പെ നദിയില്‍നിന്നും മുങ്ങിയെടുത്തു.
- 16- ലോറിയുടെ കയര്‍ കണ്ടെത്തി. കണ്ടെത്തിയ ലോഹഭാഗങ്ങള്‍ അര്‍ജുന്റെ ലോറിയുടേത് അല്ലെന്ന് വ്യക്തമായി.
- 17 - താല്‍ക്കാലികമായി നിര്‍ത്തി ഗോവയില്‍നിന്ന് ഡ്രജ്ജര്‍ കൊണ്ടുവന്ന ശേഷം മാത്രം തിരച്ചില്‍ നടത്താന്‍ തീരുമാനം.
- 28- ദൗത്യം പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു.
- ഡ്രജ്ജര്‍ എത്തിച്ച് ദൗത്യം തുടരുമെന്ന് ഉറപ്പ് നല്‍കി.
- ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 19 - അര്‍ജ്ജുനായുള്ള കാത്തിരിപ്പ് തുടരുന്നു.
- സെപ്റ്റംബര്‍ 20 - ഡ്രജ്ജര്‍ ഉപയോഗിച്ച് പുഴയില്‍ തിരച്ചില്‍. ഒരു ലോറിയുടെ ലോഹ ഭാഗം കണ്ടെത്തി.
- 21 - ടയറും ലോറിയുടെ ഭാഗങ്ങളും കണ്ടെത്തിയെങ്കിലും അര്‍ജുന്റേ ലോറിയുടേത് അല്ലെന്ന് ഉടമ. തുടര്‍ന്ന് നാവികസേന
- നിര്‍ദേശിച്ച മൂന്നു പോയിന്റുകള്‍ കേന്ദ്രീകരിച്ചു വീണ്ടും പരിശോധന.
- 23- അര്‍ജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി വണ്ടിയില്‍ ഉണ്ടായിരുന്ന കെട്ടും മരത്തടിയും കിട്ടി
- 24 - റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നേരത്തെ അടയാളപ്പെടുത്തിയ പോയിന്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന
- 25- അര്‍ജുന്റെ ലോറിയും ക്യാബിനില്‍ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി.
സെപ്തംബര്‍ 28 ന് അര്‍ജുന്റെ മടക്കം നാട്ടിലേക്ക്
സെപ്തംബര്‍ 28 ശനിയാഴ്ചയായിരുന്നു ജീവനറ്റ ദേഹമായി അര്‍ജുന്റെ ജന്മനാട്ടിലേക്കുള്ള മടക്കം. ഞായറാഴ്ച രാവിലെ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ ആംബുലന്‍സ് എത്തുമ്പോള്‍ മുതല്‍ തന്നെ വഴി നീളെ അര്‍ജുനെ കാണാന്‍ ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കണ്ണാടിക്കല്‍ ഗ്രാമം പലയിടത്തുനിന്നും എത്തിയ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. അര്‍ജുന്‍ തനിയെ ബൈക്കുമായി പോയ വഴിയിലൂടെ തിരികെ ആംബുലന്‍സില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ണീരോടെ ആയിരങ്ങളാണ് ആംബുലന്‍സിനെ അനുഗമിച്ചത്.
അര്‍ജുന്റെ വിയര്‍പ്പില്‍ കെട്ടിപ്പടുത്ത വീടിന്റെ മുറ്റത്ത് മൃതദേഹം കിടത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ മാത്രമല്ല വാര്‍ത്തകളിലൂടെ അറിഞ്ഞ അര്‍ജുനെ കാണാന്‍ എത്തിയവരും ഒന്നാകെ കരഞ്ഞു. ആ മുറ്റത്ത് അര്‍ജുന്റെ ചിതയെരിഞ്ഞു തീര്‍ന്ന ശേഷമാണ് അര്‍ജുനെ കാണാനെത്തിയവര്‍ മടങ്ങിയത്.
Content Highlights: kozhikode kannadikkal native arjun death shirur landslide