ഞെളിയൻപറമ്പിലെ മാലിന്യപ്രശ്നത്തിന് പരിഹാരം; വരുന്നു, കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ്

കോഴിക്കോട്: നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി ഞെളിയൻപറമ്പിൽ ബിപിസിഎൽ സ്ഥാപിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് ട്രൈപാർട്ടി എഗ്രിമെന്റ് കോർപ്പറേഷൻ കൗൺസിൽ പാസാക്കി. ഈ മാസം അവസാനത്തോടെ എഗ്രിമെന്റിൽ ഒപ്പുവെക്കും. കേരളസർക്കാർ, കോർപ്പറേഷൻ സെക്രട്ടറി, ബിപിസിഎൽ എന്നിവർചേർന്നാണ് കരാർ ഒപ്പുവെക്കുക. പദ്ധതിയുമായി വേഗത്തിൽ മുന്നോട്ടുപോകുമെന്ന് മേയർ ഡോ. എം. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽച്ചേർന്ന കൗൺസിൽ യോഗത്തിൽ സെക്രട്ടറി കെ.യു. ബിനി അറിയിച്ചു.
കൃത്യമായി കോർപ്പറേഷൻ ഇടപെടൽ വേണമെന്ന് ഭരണപക്ഷ കൗൺസിലർ ടി.കെ. പ്രേമലത പറഞ്ഞു. മുഖ്യമന്ത്രി തറക്കല്ലിട്ട മാലിന്യസംസ്കരണ പദ്ധതിയുടെ കല്ലെങ്കിലും കാണാനുണ്ടോ എന്നായിരുന്നു കോൺഗ്രസ് അംഗം എസ്.കെ. അബൂബക്കറിന്റെ ചോദ്യം. പരാജയപ്പെട്ട സോണ്ട കരാറിന്റെ കാര്യവും പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. സോണ്ട കമ്പനിക്ക് യാതൊരു മുൻപരിചയവുമുണ്ടായിരുന്നില്ല.
ബിപിസിഎൽ കമ്പനി പദ്ധതിയേറ്റെടുത്തത് ഒരുപരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ബിജെപി കൗൺസിലർ ടി. രനീഷ് പറഞ്ഞു. ബിപിസിഎൽ എപ്പോഴാണ് കുത്തകകൾക്ക് കൈമാറുകയെന്നറിയില്ലെന്ന് ഭരണപക്ഷ കൗൺസിലർ എൻ.സി. മോയിൻകുട്ടി ചർച്ചയിൽ പറഞ്ഞു. അത്യാഹിതസാഹചര്യത്തിൽ ആർക്കും ഉത്തരവാദിത്വമില്ലാത്ത രീതിയിലാണ് കരാർവ്യവസ്ഥകളെന്നും ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കപ്പെടണമെന്നും യുഡിഎഫ് കൗൺസിലർ കെ.സി. ശോഭിത ആവശ്യപ്പെട്ടു. വൻ പ്രകൃതിദുരന്തമോ മറ്റോ ഉണ്ടായാലത്തെ കാര്യമാണ് കരാർ സമ്മതപത്രത്തിൽ പറയുന്നതെന്ന് ഡെപ്യൂട്ടിമേയർ സി.പി. മുസാഫർ അഹമ്മദ് സഭയെ അറിയിച്ചു.
നഗരം പ്രകാശപൂരിതമാകുന്നു
നഗരത്തിൽ കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള അജൻഡ യോഗം പാസാക്കി. കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് വിളക്കുകൾ സ്ഥാപിക്കുക. നഗരത്തിൽ കൂടുതൽ ഇടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ നവ്യാ ഹരിദാസ് ആവശ്യപ്പെട്ടു. ‘‘നമ്മുടെ നഗരം പ്രകാശപൂരിതമാക്കും, എല്ലാവാർഡുകളും ഇതിലുൾപ്പെടും’’ -മേയറുടെ വാക്കുകൾ കൗൺസിലർമാർക്ക് സന്തോഷമേകി. പി.സി. രാജൻ, സി. ദിവാകരൻ, സി.പി. സുലൈമാൻ, ഡോ. എസ്. ജയശ്രീ തുടങ്ങിയവർ ചർച്ചകൾ നയിച്ചു.
മറ്റുനിബന്ധനകൾ
ഞെളിയൻപറമ്പിലെ ഇപ്പോഴത്തെ മാലിന്യമല സ്ഥിതിചെയ്യുന്ന സ്ഥലം പുതിയ പ്രോജക്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. മാലിന്യം പ്ലാന്റിലെത്തിക്കാൻവേണ്ട വാഹനങ്ങൾ കോർപ്പറേഷൻ കൂടുതലായി വാങ്ങേണ്ടതുണ്ട്. 300 ടൺവരെ സംസ്കരണശേഷിയുണ്ട്. പ്ലാന്റ് യാഥാർഥ്യമാകുംവരെ മാലിന്യം സംസ്കരിക്കാൻ കോർപ്പറേഷൻ ബദൽസംവിധാനമേർപ്പെടുത്തണം. സ്ഥലം കോർപ്പറേഷൻ ലീസിനുനൽകണം. പ്ലാന്റ് പ്രവർത്തിച്ചുതുടങ്ങിയാലും സ്വീകാര്യമല്ലാത്ത മാലിന്യങ്ങൾ കോർപ്പറേഷൻതന്നെ സംസ്കരിക്കണം. ഇപ്പോൾ 65-70 ടണ്ണാണ് കോർപ്പറേഷൻ പ്രതിദിനം ശേഖരിക്കുന്നത്. പൂർണമായി ശേഖരിച്ചാൽ 300 ടൺവരെ മാലിന്യമുണ്ടാകും.
Content Highlights: Kozhikode Corporation Approves Biogas Plant for Waste Management