പൂങ്കുളത്തെ അസ്ഥികൂടം: ദുരൂഹത നീക്കി പോലീസ്; തലയോട്ടികൾ മെഡിക്കൽ വിദ്യാർഥിയുടെ പഠനസാമഗ്രികൾ

കോവളം: പൂങ്കുളത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ തലയോട്ടികളും മനുഷ്യാസ്ഥികളും കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മാറി. മെഡിക്കൽ വിദ്യാർഥികൾ പഠനാവശ്യത്തിനുപയോഗിക്കുന്ന അസ്ഥികൾ ഉൾപ്പെട്ട തലയോട്ടികളാണ് അവയെന്ന് തിരുവല്ലം പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
അസ്ഥികൾ കണ്ടെത്തിയ പുരയിടത്തിന് സമീപത്തായി താമസിക്കുന്ന ത്യശ്ശൂർ മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർഥിനിയുടെ പഠനസാമഗ്രികളാണെന്ന് വ്യക്തമായി. വീടിന്റെ ടെറസിന് മുകളിൽ സൂക്ഷിച്ചിരുന്ന ഇവ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരനാണ് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടിട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി തിരുവല്ലം എസ്.എച്ച്.ഒ. ജെ. പ്രദീപ് പറഞ്ഞു.
അതേസമയം അസ്വാഭാവികമായി അസ്ഥിക്കഷണങ്ങളും തലയോട്ടികളും കണ്ടെത്തിയതിനെത്തുടർന്ന് ഫൊറൻസിക് പരിശോധന നടത്തുന്നിന്റെ ഭാഗമായി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമാർട്ടം നടത്തിയിരുന്നുവെന്നും എസ്.എച്ച്.ഒ. പറഞ്ഞു.
വ്യാഴാഴ്ച രാവിലെ പത്തോടെയാണ് പൂങ്കൂളം ആനക്കുഴി റോഡിലെ തൈക്കാട് സ്വദേശിയുടെ പുരയിടത്തിൽ പ്ലാസ്റ്റിക് കവറിനുളളിലും സമീപത്തുമായി തലയോട്ടികളും കാലിന്റെയും വാരിയെല്ലുകളുടെയും അടക്കമുളള അസ്ഥികളും കണ്ടെത്തിയത്. സംഭവമറിഞ്ഞ് തിരുവല്ലം പോലീസ്, ഫൊറൻസിക്, വിരലടയാള വിദഗ്ധർ എന്നിവരെത്തി പരിശോധ നടത്തിയിരുന്നു. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തിരുന്നു.