കോട്ടയത്തുനിന്ന് വിഴിഞ്ഞം വഴി വിദേശത്തേക്ക്‌ കണ്ടെയ്നർ കയറ്റുമതി; കൊച്ചിയേക്കാൾ സാമ്പത്തികലാഭം

പ്രതീകാത്മക ചിത്രം | kottayamport.com
പ്രതീകാത്മക ചിത്രം | kottayamport.com

തിരുവനന്തപുരം: കോട്ടയം പോർട്ടിൽനിന്ന് വിഴിഞ്ഞംവഴി കണ്ടെയ്നർ കയറ്റുമതി ആരംഭിച്ചു. കാനഡയിലെ ടൊറൊന്റോ തുറമുഖത്തേക്കുള്ള റബ്ബർ ഉത്പന്നങ്ങളാണ് കഴിഞ്ഞദിവസം കോട്ടയത്തുനിന്ന് വിഴിഞ്ഞത്തേക്ക് കരമാർഗം എത്തിച്ചത്. വിദേശത്തേക്ക് കണ്ടെയ്നർ കയറ്റുമതിക്ക് കസ്റ്റംസ് അനുമതിയുള്ള കോട്ടയം തുറമുഖംവഴി കൊച്ചി, മുംബൈ, തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങളിലൂടെയാണ് ചരക്കുനീക്കം നടന്നിരുന്നത്. എന്നാൽ വിഴിഞ്ഞംവഴി കയറ്റിറക്കുമതി ആരംഭിച്ചതോടെയാണ് ഇപ്പോൾ കണ്ടെയ്നർ എത്തിക്കാൻ തുടങ്ങിയത്. കെ.പി.ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് നിർമിച്ച റബ്ബർ മാറ്റുകളടങ്ങിയ ഒരു കണ്ടെയ്നറാണ് ആദ്യം എത്തിച്ചത്.

നേരത്തേ ചെന്നൈ, കൊച്ചി എന്നിവിടങ്ങൾവഴി കയറ്റുമതി ചെയ്തിരുന്നപ്പോൾ ടൊറന്റോയിൽ എത്താൻ 60 ദിവസം വേണ്ടിവന്നിരുന്നു. എന്നാൽ വിഴിഞ്ഞംവഴി 30 ദിവസംകൊണ്ട് ചരക്ക് ടൊറന്റോയിൽ എത്തുമെന്നതാണ് നേട്ടം. കൊച്ചിവഴി കയറ്റുമതി ചെയ്യുന്നതിനേക്കാൾ ഒരു കണ്ടെയ്നറിന് 3000 ഡോളർ (ഏകദേശം 2.86 ലക്ഷം രൂപ) ലാഭമുണ്ടെന്ന് എക്‌സ്പോർട്ടിങ് ഏജൻസി അഭിപ്രായപ്പെട്ടു. 

മാസം ശരാശരി 100 മുതൽ 120 വരെ കണ്ടെയ്നറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിൽ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഒരുഭാഗം ചരക്ക് ഇനി വിഴിഞ്ഞംവഴിയാകാൻ സാധ്യതയുണ്ട്. കൂടാതെ വിഴിഞ്ഞത്തെ സാധ്യതകൾ കണ്ടെത്തി പല ഏജൻസികളും കോട്ടയം തുറമുഖത്തെ സമീപിച്ചിട്ടുണ്ട്. തിരുപ്പൂരിൽനിന്നുള്ള തുണികയറ്റുമതിക്കാരും കേരളത്തിലെയും തമിഴ്നാട്ടിലെയും ഭക്ഷ്യഉത്പന്ന കയറ്റുമതിക്കാരും കോട്ടയംവഴി വിഴിഞ്ഞം തുറമുഖത്തേക്കു ചരക്കുകൊണ്ടുപോകാനുള്ള സാധ്യതകൾ തേടുന്നുണ്ടെന്ന് ജനറൽ മാനേജർ രൂപേഷ് ബാബു പറഞ്ഞു. വിഴിഞ്ഞത്ത് നിലവിൽ കസ്റ്റംസ് അനുമതിയുള്ള കണ്ടെയ്നർ ഫ്രൈയ്റ്റ് സ്റ്റേഷൻ ഇല്ലാത്തതിനാൽ, ഈ മേഖലയിൽ കോട്ടയം പോർട്ടിന് കൂടുതൽ പ്രാധാന്യം ലഭിക്കും. 65000 ചതുരശ്ര അടി വലുപ്പമുള്ള വെയർഹൗസും എം.എസ്.സി.യുടെ അംഗീകൃത കണ്ടെയ്നർ യാർഡും ഇവിടെയുണ്ട്.

കോട്ടയത്ത് ലജിസ്റ്റിക് പാർക്ക്

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ മുൻനിർത്തി കോട്ടയം പോർട്ടിൽ ലജിസ്റ്റിക് പാർക്ക് തുടങ്ങാനുള്ള നീക്കവുമായി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പ്രാരംഭ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. തുറമുഖ മേഖലയിലെ സംരംഭങ്ങൾ ആരംഭിക്കാനാണ് തീരുമാനം. കൂടുതൽ സ്ഥലമേറ്റെടുത്ത് കണ്ടെയ്നർ ഫ്രൈയ്റ്റ് സ്റ്റേഷൻ, കണ്ടെയ്നർ യാർഡ് എന്നിവയും നിർമിക്കും. കോട്ടയം തുറമുഖത്ത് ജലമാർഗംവഴിയുള്ള കണ്ടെയ്നർ നീക്കത്തിനു വികസനപദ്ധതികളും ആവിഷ്‌കരിക്കും. ബാർജുകളിലൂടെ കോട്ടയത്തുനിന്ന് കണ്ടെയ്നറുകൾ കായൽവഴി തൃക്കുന്നപ്പുഴ വഴി അറബിക്കടലിൽ എത്തിക്കാനാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. 

Content Highlights: First container export from Kottayam to Toronto via Vizhinjam completed successfully., Transit time reduced from 60 days (via Chennai/Kochi) to 30 days., Cost savings of $3,000 (approx. Rs 2.86 lakh) per container achieved., Government plans to set up a logistic park and container freight station at Kottayam port.