നഗരമധ്യത്തിൽ മാലിന്യം തള്ളാനെത്തി; ലോറിക്കാരെ ഓടിച്ചിട്ട് പിടിച്ച് വനിതാജീവനക്കാരും കൗൺസിലർമാരും

കോട്ടയം: നഗരമധ്യത്തില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ കൈയോടെ പൊക്കി നഗരസഭയിലെ വനിതാ ജീവനക്കാരും കൗണ്‍സിലര്‍മാരും. പാറേച്ചാല്‍ ബൈപ്പാസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. തിരുവാതുക്കല്‍ സോണ്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. സിനി, ജനറല്‍ സോണ്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രശ്മി എന്നിവരുടെ നേതൃത്വത്തിലാണ് കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി പിടികൂടിയത്.
കോട്ടയം നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ സി.ടി. രഞ്ജിത്തും നഗരസഭ അംഗം അഡ്വ. ടോം കോര അഞ്ചേരിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ചേര്‍ത്തല സ്വദേശികളാണ് പിടിയിലായത്. സംഭവം ഇങ്ങനെ: പാറേച്ചാല്‍ ഭാഗത്ത് മാലിന്യം തള്ളാനെത്തിയവരെ ഇവര്‍ പിന്തുടര്ന്ന് പുത്തനങ്ങാടി പള്ളിക്ക് മുന്നില്‍വെച്ച് പിടികൂടി. ലോറിയിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി. എങ്കിലും ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
ബുധനാഴ്ച രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ സ്ക്വാഡ് പാറേച്ചാല്‍ ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ ടാങ്കര്‍ ലോറി കണ്ടതാണ് ഇവരെ പിടികൂടാന്‍ സഹായകമായത്. ലോറി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സ്ക്വാഡ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ഇവര്‍ വാഹനം ഓടിച്ചുപോയി. ഇതോടെ ലോറിയെ പിന്തുടര്ന്നു. ഒപ്പം വിവരം കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിച്ചു. പുത്തനങ്ങാടി ഭാഗത്ത് എത്തിയതും ലോറി ഉപേക്ഷിച്ച് വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും ഇറങ്ങി ഓടി.
ശേഷം രണ്ടുപേരെ തിരുവാതുക്കല്‍ ഭാഗത്തുെവച്ചാണ് ഇവര്‍ പിടിയിലായത്. ഈ സമയം സ്ഥലത്ത് എത്തിയ കണ്ട്രോള് റൂം പോലീസിന് ഇവരെ കൈമാറി. തുടര്‍ന്ന് വാഹനം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുന്‍പ് പലതവണ കോടിമതയിലും ഇവര്‍ മാലിന്യം തള്ളിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നഗരസഭാ ജീവനക്കാരായ മനോഷ്, ഗോപാലകൃഷ്ണ ചെട്ടിയാര്‍, ഡ്രൈവര്‍ സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Content Highlights: kottayam municipality workers catches lorry drivers who tried to dump waste in public place