'ആനയെ കണ്ട് മരപ്പൊത്തിൽ ഒളിച്ചു, ചുറ്റിലും ആനകൾ; ഒടുവിൽ പാറക്കെട്ടിൽ അഭയം തേടി'

Photo: Mathrubhumi News
Photo: Mathrubhumi News

കോതമംഗലം: പശുവിനെ തിരഞ്ഞ് കാട്ടിലെത്തി കുടുങ്ങിയ മൂന്ന് സ്ത്രീകൾ ഒരു രാത്രി കഴിച്ചു കൂട്ടിയത് പാറക്കെട്ടിന് മുകളിൽ. ചുറ്റും ആനകളെത്തിയതോടെയാണ് ഇവർ പാറക്കൂട്ടത്തിന് മുകളിൽ കയറിയത്. ആനയെ കണ്ട് ചിതറിയോടിയ ഇവര്‍ ആദ്യം ഒരു മരപ്പൊത്തില്‍ ഒളിക്കുകയായിരുന്നു. അവിടേക്കും ആന എത്തിയതോടെ വീണ്ടും ഓടി പാറക്കെട്ടിനടുത്ത് അഭയം തേടുകയായിരുന്നു. കാണാതായ പശുവിനെ തിരഞ്ഞാണ് ഇവര്‍ വ്യാഴാഴ്ച വൈകീട്ട് തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനല്‍ പ്ലാന്റേഷന്‍) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവരാണ് കാട്ടിലകപ്പെട്ടത്. 

വനാതിര്‍ത്തിയിലാണ് ഇവരുടെ വീട്. പശുവിനെ ബുധനാഴ്ച മുതല്‍ കാണാതായതാണ്. നല്ല കറവയുള്ള പശുവായതിനാലാണ് തിരഞ്ഞ് പോയതെന്ന് മായ പറഞ്ഞു. മായയുടെ കുടുംബത്തിന്‍റെ ഉപജീവന മാർഗമാണ് ഈ പശു.‌ 

മലയാറ്റൂർ റിസർവിന്റെ ഭാഗമായുള്ള വനമേഖലയാണിത്. വലിയ രീതിയിൽ കാട്ടാന ശല്യം നേരിടുന്ന മേഖല കൂടിയാണിത്. കാടൊക്കെ നല്ല പരിചയമുള്ള ആൾക്കാരാണ് മൂവരും. പശുവിന് പിന്നാലെ പോന്ന മൂവർക്കും ഇടയ്ക്ക് വച്ച് വഴി തെറ്റുകയും കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെടുകയുമായിരുന്നു. മാളു ഇതിനിടയ്ക്ക് സേഫായി വീട്ടിലെത്തിച്ചേരുകയും ചെയ്തതോടെ ഒരു നാടാകെ പരിഭ്രാന്തിയിലാവുകയും മൂവരെയും അന്വേഷിച്ച് ഇറങ്ങുകയും ചെയ്തു.

14 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന സ്ഥലത്താണ് ഇവരുണ്ടായിരുന്നത്. ആനയെ കണ്ട് ചിതറിയോടിയ ഇവര്‍ ഒരു പാറക്കൂട്ടത്തിനടുത്ത് അഭയം തേടുകയായിരുന്നു. റേഞ്ച് നഷ്ടമായതോടെ ഫോണ്‍ വിളിക്കാന്‍ സാധിച്ചില്ലെന്ന് തിരിച്ചെത്തിയ മായ ജയന്‍ പറഞ്ഞു. ഇവരുടെ മകന്‍ അടക്കമുള്ളവര്‍ തിരച്ചിലിന് ഇറങ്ങിയിരുന്നു. 

പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ ഇവര്‍ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവരുമായുള്ള ഫോണ്‍ ബന്ധം നഷ്ടപ്പെട്ടു.  ഇതിനിടെ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാര്‍ ആശങ്കയിലായത്.

വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാര്‍, കുട്ടംപുഴ സി.ഐ. പി.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ വനത്തിന്റെ ആറുകിലോമീറ്റര്‍ ചുറ്റളവില്‍ രാത്രി വൈകും വരെ തിരച്ചില്‍ നടത്തിയെങ്കിലും സ്ത്രീകളെ കണ്ടെത്താനായിരുന്നില്ല. കാണാതായവരെ തേടിപ്പോയ ഒരു തിരച്ചില്‍ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Content Highlights: Three women missing in Kuttampuzha forest