കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരേ LDF പിന്തുണയില്‍ ലീഗിന്റെ അവിശ്വാസ പ്രമേയം

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്

കൂരാച്ചുണ്ട്: യു.ഡി.എഫ്. ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തില്‍ എല്‍.ഡി.എഫ്. അംഗങ്ങളുടെ പിന്തുണയോടെ മുസ്ലിംലീഗ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയ്‌ക്കെതിരേയാണ് നോട്ടീസ് നല്‍കിയത്.

എല്‍.ഡി.എഫ്. അംഗങ്ങളായ വിജയന്‍ കിഴക്കയില്‍മീത്തല്‍, എന്‍.ജെ. ആന്‍സമ്മ (സി.പി.എം.), വിത്സണ്‍ മംഗലത്ത് പുത്തന്‍പുരയില്‍, സിനി ഷിജോ (കേരള കോണ്‍. എം), മുസ്ലിംലീഗ് അംഗവും പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡന്റുമായ റസീന യൂസഫ്, യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥിയായി വിജയിച്ച മുസ്ലിംലീഗ് നേതാവ് ഒ.കെ. അമ്മദ്, സ്വതന്ത്രസ്ഥാനാര്‍ഥിയായി വിജയിച്ച അരുണ്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് നോട്ടീസ് നല്‍കിയത്. സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെയാണ് അവിശ്വാസപ്രമേയം. അടുത്തയാഴ്ചയാണ് അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കുക.

മുന്നണിത്തീരുമാനം ലംഘിച്ച് പ്രസിഡന്റ് പദവിയില്‍ തുടര്‍ന്ന കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ ചൊവ്വാഴ്ച ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാത്ത മണ്ഡലം പ്രസിഡന്റ് ജോണ്‍സണ്‍ താന്നിക്കലിനെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു.

രാജിവെക്കാന്‍ അന്ത്യശാസനം നല്‍കിയിട്ടും സ്ഥാനം ഒഴിയാത്തതിനെ തുടര്‍ന്നായിരുന്നു നടപടിയെടുത്തതെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറായിരുന്നില്ല.

പ്രസിഡന്റിനെതിരേ അവിശ്വാസം കൊണ്ടുവന്നാല്‍ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസിലെ ചില പഞ്ചായത്ത് അംഗങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട് എന്ന അഭിപ്രായം നിലനില്‍ക്കെയാണ് എല്‍.ഡി.എഫുമായി ചേര്‍ന്ന് ലീഗിന്റെ അവിശ്വാസപ്രമേയനീക്കം.

മുന്നണിധാരണ ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരേയും മണ്ഡലം പ്രസിഡന്റിനെതിരേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായ നടപടിയെടുത്തിട്ടും എല്‍.ഡി.എഫുമായിച്ചേര്‍ന്ന് അവിശ്വാസം കൊണ്ടുവരാനുള്ള ലീഗ് നിലപാടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അമര്‍ഷത്തിലാണ്.

Content Highlights: LDF and Muslim League members file no-confidence motion against the UDF president of Koorachundu