കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം: വിശദപരിശോധന വേണമെന്ന് PWD വിജിലന്‍സ്

നിര്‍മാണത്തിനിടെ തകര്‍ന്നുവീണ കൂളിമാട് പാലത്തിന്റെ ബീമുകള്‍
നിര്‍മാണത്തിനിടെ തകര്‍ന്നുവീണ കൂളിമാട് പാലത്തിന്റെ ബീമുകള്‍

കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കൂളിമാട് പാലത്തിന്റെ ബീമുകളുടെ തകര്‍ന്നുവീണ സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം. തകര്‍ന്ന ബീമുകള്‍ക്ക് പകരം പുതിയത് സ്ഥാപിക്കേണ്ടിവരും. ഹൈഡ്രോളിക് ജാക്കിയുടെ പിഴവാണോ അപകട കാരണം എന്നത് വിശദ പരിശോധനകള്‍ക്ക് ശേഷമേ പറയാനാകൂവെന്നും പി.ഡബ്ല്യു.ഡി. വിജിലന്‍സ് വിഭാഗം വ്യക്തമാക്കി. 

പാലത്തിന് ഘടനാപരമായ പ്രശ്‌നങ്ങളോ നിര്‍മാണത്തില്‍ അപാകതയോ ഉണ്ടോ എന്നും വിശദപരിശോധനയില്‍ വ്യക്തമാകും. കോഴിക്കോട് - മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ 25 ലക്ഷം രൂപ വീതം ചെലവിട്ട് നിര്‍മിച്ച മൂന്ന് ബീമുകളാണ്  തകര്‍ന്നത്. തകര്‍ന്ന ബീമുകള്‍, പാലത്തിന്റെ ശേഷിക്കുന്ന ഭാഗം എന്നിവ വിജിലന്‍സ് സംഘം പരിശോധിച്ചു. 

തുടര്‍ പരിശോധനകളുടെ ഭാഗമായി നിര്‍മാണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും പരിസരവാസികളുടേയും മൊഴി, വരുംദിവസങ്ങളില്‍ രേഖപ്പെടുത്തും. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടി, 25 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകളാണ് തിങ്കളാഴ്ച രാവിലെ തകര്‍ന്നത്. 

Content Highlights: koolimad bridge beam collapse: detailed inspection needed says pwd vigilance