കോന്നി പാറമട ദുരന്തം: മരണം രണ്ടായി, കാബിനിൽ കുടുങ്ങിക്കിടന്ന തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു

കോന്നി: കോന്നി പയ്യനാമണിൽ ചെങ്കുളം പാറമടയിൽ പാറ അടർന്നുവീണ് അപകടത്തിൽപ്പെട്ട രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി അജയ് റായിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രിയോടെ പാറമടയ്ക്ക് പുറത്തെത്തിച്ചത്. അപകടത്തില്‍ മരിച്ച ഒറീസ സ്വദേശി മഹാദേവ് പ്രധാന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ കണ്ടെത്തി പുറത്തെത്തിച്ചിരുന്നു.
പാറ വീണ്ടും ഇടിയുന്നതിനെ തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്ച വെെകുന്നേരത്തോടെയാണ് പുനരാരംഭിച്ചത്. ലോങ് ബൂം എക്‌സ്‌വേറ്റര്‍ എത്തിച്ചുള്ള ദൗത്യത്തിനിടെയാണ് അജയ് റായിയുടെ മൃതദേഹം രാത്രിയോടെ കണ്ടെത്തിയത്. മണ്ണുമാന്തിയന്ത്രം നിയന്ത്രിച്ചിരുന്ന അജയ് റായിയുടെ മൃതദേഹം ക്യാബിനിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ വടംകെട്ടി ക്യാബിനടുത്തേക്കിറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്.
മണ്ണുമാന്തിയന്ത്രമുപയോഗിച്ച് പാറ നീക്കുന്നതിനിടെയായിരുന്നു അപകടം. നാലുതട്ടായുള്ള പാറമടയിൽ രണ്ടാമത്തെ തട്ടിലാണ് തൊഴിലാളികൾ ജോലിചെയ്തിരുന്നത്. അജയ്‌കുമാർ റായ് ആയിരുന്നു യന്ത്രത്തിന്റെ ഓപ്പറേറ്റർ. മഹാദേവ് സഹായിയായിരുന്നു.
ഉച്ചയ്ക്ക് പാറപൊട്ടിച്ചതിന്റെ കല്ലുകൾ നീക്കുന്നതിനിടയിലാണ് മൂന്നാമത്തെ തട്ടിൽനിന്ന് വലിയ പാറ അടർന്ന് മണ്ണുമാന്തിയന്ത്രത്തിന്റെ മുകളിലേക്ക് വീണത്. ഇവിടെ തുടർച്ചയായി പാറ അടർന്നുവീഴുന്നതിനാൽ, മണ്ണുമാന്തിയന്ത്രം കുടുങ്ങിക്കിടക്കുന്നിടത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. മഹാദേവിന്റെ മൃതദേഹം ഒന്നാമത്തെ തട്ടിൽ കൂറ്റൻ പാറയ്ക്കടിയിൽനിന്നാണ് കണ്ടെത്തിയത്. സംഭവം നടന്നതിനുപിന്നാലെ അഗ്നിരക്ഷാസേന വന്നെങ്കിലും മണ്ണുമാന്തിയന്ത്രം കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്താനായില്ല. മൂന്നുമണിക്കൂറിനുശേഷമാണ് ഒരു മൃതദേഹം പുറത്തെടുത്തത്.
പയ്യനാമൺ ചെങ്കുളം വീട്ടിൽ മത്തായിക്കുഞ്ഞ്, മകൻ ടോം എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പാറമട.
Content Highlights: konni quarry rock fall accident one more dead body recovered