പിടിതരാതെ തവനൂർ, കൊണ്ടോട്ടിയിൽ സസ്‌പെൻസ്; പ്രതീക്ഷയോടെ മുന്നണികൾ

കൊണ്ടോട്ടി: മുസ്‌ലിം ലീഗിന്റെ അടിയുറച്ച കോട്ടയായ കൊണ്ടോട്ടിയിൽ ഇത്തവണയും നിയമസഭാതിരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. കൂടുതൽ വോട്ടുപിടിച്ച് നില മെച്ചപ്പെടുത്താനാകുമെന്ന വിശ്വാസം ഇടതുക്യാമ്പിലുമുണ്ട്.
കഴിഞ്ഞ രണ്ടുതവണയെ അപേക്ഷിച്ച് മുന്നണിക്കുള്ളിലോ പാർട്ടിക്കുള്ളിലോ കാര്യമായ അന്തഃഛിദ്രങ്ങളോ പടലപ്പിണക്കമോ ഇല്ലാതെയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും ജയവും ആവേശംകൂട്ടി.
മണ്ഡലത്തിനകത്തുനിന്നൊരു സ്ഥാനാർഥിയോ നിലവിലെ എം.എൽ.എ. ടി.വി. ഇബ്രാഹിമിന് ഒരവസരമോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. ക്യാമ്പ്. അപ്രതീക്ഷിതമായാണ് ടി.പി. അഷ്‌റഫ് അലി സ്ഥാനാർഥിയായത്. പ്രചാരണത്തിന്റെ തുടക്കത്തിൽ ഇത് നിഴലിച്ചിരുന്നെങ്കിലും അവസാനമായപ്പോഴേക്കും നാട് സ്ഥാനാർഥിയെ ഏറ്റെടുത്തു.
2016-ൽ ടി.വി. ഇബ്രാഹിം ഇടതു സ്വതന്ത്ര സ്ഥാനാർഥി കെ.പി. ബീരാൻകുട്ടിയെ 10,654 വോട്ടിനും 21-ൽ കെ.പി. സുലൈമാൻ ഹാജിയെ 17,666 വോട്ടിനുമാണ് പരാജയപ്പെടുത്തിയത്. ഇത്തവണ 25,000-ത്തിനു മുകളിൽ ഭൂരിപക്ഷമുണ്ടാകുമെന്നാണ് യു.ഡി.എഫ്. ക്യാമ്പ് പ്രതീക്ഷിക്കുന്നത്.
പാർട്ടിയുടെ സജീവ പ്രവർത്തകയെ സ്ഥാനാർഥിയാക്കി, പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സി.പി.എം. രാഷ്‌ട്രീയപ്പോരാട്ടമാണ് കൊണ്ടോട്ടിയിൽ കാഴ്‌ചവെച്ചത്. എടവണ്ണപ്പാറ സ്വദേശിയായ ഡോ. പി. ജിജി മത്സരത്തിനിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ഗോദ യുവത്വത്തിന്റെ പോരാട്ടമായി.
സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളും കൊണ്ടോട്ടിയിലെ വികസനമുരടിപ്പുമാണ് പ്രധാന പ്രചരണായുധമാക്കിയത്. നിഷ്‌പക്ഷരുടെയും യുവാക്കളുടെയും വനിതകളുടെയുമെല്ലാം വോട്ട് ആകർഷിക്കാൻ കഴിഞ്ഞതായാണ് ഇടതുക്യാമ്പ് വിലയിരുത്തൽ.
2021-ൽ 82,759 വോട്ടാണ് ടി.വി. ഇബ്രാഹിമിന് ലഭിച്ചത്. കാട്ടിപ്പരുത്തി സുലൈമാൻ ഹാജിക്ക് 65,093 വോട്ടും ലഭിച്ചു. ബി.ജെ.പി. സ്ഥാനാർഥി ഷീബ ഉണ്ണിക്കൃഷ്ണന് 11,114 വോട്ടും ലഭിച്ചു. 1,64,145 വോട്ടിൽ 50.42 ശതമാനവും യു.ഡി.എഫിനാണ് ലഭിച്ചത്. എൽ.ഡി.എഫിന്റെ വോട്ടുവിഹിതം 39.66 ശതമാനമാണ്. ബി.ജെ.പി.യുടേത് 6.77 ശതമാനവും. ഇത്തവണ 82.48 ശതമാനമാണ് പോളിങ്. ഉയർന്ന പോളിങ് ശതമാനം ആരെ സഹായിച്ചെന്ന ചോദ്യത്തിന് മേയ് നാലുവരെ കാത്തിരിക്കണം.
പിടിതരാതെ തവനൂർ
എടപ്പാൾ: ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് തവനൂർ. മൂന്നുതവണ ജയിച്ച കെ.ടി. ജലീൽ മത്സരിക്കാനില്ലെന്നും തനിക്കാരോടും ബാധ്യതയില്ലെന്നും പറഞ്ഞ് മാറിനിന്ന് വീണ്ടും രംഗത്തിറങ്ങി കളംപിടിച്ച മണ്ഡലം.
ഒരു ശതമാനംപോലും ക്രിസ്ത്യൻ വോട്ടർമാരില്ലാത്ത മണ്ഡലത്തിലേക്ക് വി.എസ്. ജോയ് എന്ന യുവാവിനെ മത്സരത്തിനയച്ച് യഥാർഥ കേരള സ്റ്റോറി തവനൂരിൽ പിറക്കുമെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചതിന്റെപേരിലും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായ തവനൂർ.
തിരഞ്ഞെടുപ്പുദിവസം തവനൂരിൽ രാവിലെമുതൽ ബൂത്തുകളിൽ വലിയ തിരക്കാണുണ്ടായത്. വൈകീട്ട് മൂന്നുവരെ ഒരുപോലെ തുടർന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളേക്കാൾ ഉയർന്ന നിരക്കായ 77.08 ശതമാനത്തിലാണ് അവസാനിച്ചത്. (2016-ൽ 76.65, 2021-ൽ 74.38 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.) 2.7 ശതമാനത്തിന്റെ വർധന. ഇത് ആർക്ക് അനുകൂലമാണ്, ആർക്ക് എതിരേയാണ് എന്നതാണ് മുന്നണികളുടെ കണക്കുകൂട്ടൽ.
ന്യൂനപക്ഷ വോട്ടുകൾ വൻതോതിൽ പോൾചെയ്തിട്ടുണ്ടെന്നതാണ് നിർണായകം. പി.ഡി.പി. എൽ.ഡി.എഫിനൊപ്പം നിന്നതോടെ ഇതെല്ലാം ആ സമുദായക്കാരനായ ജലീലിനെ തുണയ്ക്കുമെന്ന വിലയിരുത്തലിൽ നേരിയ മുൻതൂക്കം അദ്ദേഹത്തിനുണ്ടെന്ന് അനുമാനിക്കാം. അതേസമയം പിണറായി സർക്കാരിനെ പുറത്താക്കാനുള്ള കേരള ജനതയുടെ പൊതുവായ തീരുമാനത്തിന്റെ പ്രകടനമാണ് വോട്ടെടുപ്പിലുണ്ടായ ആവേശത്തിനു കാരണമെന്ന മറ്റൊരു വിലയിരുത്തലുമുണ്ട്.
ഭരണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനൊപ്പം ജലീലിനും പിടിച്ചുനിൽക്കാനാകില്ലെന്നതിനാൽ വി.എസ്. ജോയ് ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കുമെന്നതാണ് ഈ വിലയിരുത്തൽ. എസ്.ഡി.പി.ഐ. പല മണ്ഡലത്തിലും എൽ.ഡിഎഫിനെ തുണച്ചെങ്കിലും തവനൂരിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടായിരത്തോളം വോട്ടുപിടിച്ച പാർട്ടി ഇത്തവണ അയ്യായിരത്തോളം വോട്ടുപിടിക്കുമെന്നാണ് പ്രതീക്ഷ. ഇത് ജലീലിനെയാണ് കൂടുതൽ ബാധിക്കുക.
സി.പി.എം.- ബി.ജെ.പി. ഡീലുണ്ടെന്ന എതിർപക്ഷത്തിന്റെ ആരോപണങ്ങളും മത്സരിക്കാനില്ലെന്നുപറഞ്ഞ് മാറിയ സമയത്ത് ജലീൽ പറഞ്ഞ വാക്കുകളുമെല്ലാം വലിയതോതിൽ ചർച്ചയായിരുന്നു.
കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളെവരെ കൊണ്ടുവന്ന് നടത്തിയ പ്രചാരണവും ജോയിക്ക് അനുകൂലമാകാനിടയായി. വി.എസ്. ജോയിയാകട്ടെ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അതേ രീതിയിലാണ് ഇത്തവണത്തെ വോട്ടെടുപ്പ് നടന്നിട്ടുള്ളത്. 4000 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്നു ലഭിച്ചത്. ഇത്തവണ അതിന്റെ ഇരട്ടിയാണ് ജോയിയുടെ പ്രതീക്ഷ.
വട്ടംകുളം പഞ്ചായത്തിൽനിന്ന് 1500 വോട്ടിന്റെ ലീഡ് ലഭിച്ചാൽതന്നെ വിജയം ഉറപ്പാകുമെന്നും അവർ പറയുന്നു. എൽ.ഡി.എഫിനാകട്ടെ വികസനം, ഭരണത്തുടർച്ച എന്നീ രണ്ടു കാര്യങ്ങൾ മാത്രമായിരുന്നു കാര്യമായി പറയാനുണ്ടായിരുന്നത്.
ആദ്യഘട്ടത്തിലെ അനിശ്ചിതത്വം
സ്ഥാനാർഥിനിർണയത്തിൽ ഇരുപക്ഷത്തും ആദ്യഘട്ടം വലിയ അനിശ്ചിതത്വം നിലനിന്നിരുന്നു. ജലീൽ ഇല്ലെങ്കിൽ പിന്നെയാരെന്ന ചോദ്യം സി.പി.എമ്മിനെ വലച്ചു. പല നേതാക്കളെയും പരിഗണിച്ചെങ്കിലും വിജയസാധ്യതയില്ലെന്ന വിലയിരുത്തലിലാണ് ഒടുവിൽ അദ്ദേഹത്തിൽ തന്നെയെത്തിയത്. ഇത് പാർട്ടിക്കുള്ളിൽ നല്ലൊരു വിഭാഗത്തിന്റെ അതൃപ്തിക്കും കാരണമായി. തിരഞ്ഞെടുപ്പുരംഗത്തേക്ക് ഇവരെയൊക്കെ എത്തിക്കാൻ പാർട്ടി സംവിധാനത്തിനായെങ്കിലും വേണ്ടത്ര ഫലപ്രദമായ ഇടപെടലുണ്ടായിട്ടില്ലെന്നാണ് സൂചന.
യു.ഡി.എഫിനാണെങ്കിൽ ആരെ നിർത്തണമെന്ന കാര്യത്തിൽ ഒരു തീരുമാനമില്ലാത്ത അവസ്ഥയായിരുന്നു. ഒടുവിൽ മണ്ഡലം മുസ്‌ലിം ലീഗിന് നൽകി മേഖലയിലെ നേതാവിന് സീറ്റ് കൊടുക്കാമെന്ന തീരുമാനം വന്നതായിവരെ പ്രചാരണം നടന്നു. പിന്നീട് പിണങ്ങിനിന്ന അദ്ദേഹത്തിന് രാജ്യസഭാസീറ്റടക്കം വാഗ്‌ദാനംചെയ്ത് അനുനയിപ്പിച്ചാണ് വി.എസ്. ജോയിയെ പ്രഖ്യാപിച്ചത്.
അപ്പോഴേക്കും ജലീൽ പ്രചാരണരംഗത്ത് ഏറെ മുന്നേറിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ എടപ്പാൾ, വട്ടംകുളം, തവനൂർ, കാലടി, പുറത്തൂർ, തൃപ്രങ്ങോട്, മംഗലം എന്നീ പഞ്ചായത്തുകളിലെല്ലാം യു.ഡി.എഫ്. ഭരണം നേടുകയും 9492 വോട്ടിന്റെ ഭൂരിപക്ഷം നേടുകയും ചെയ്തെങ്കിലും നിയമസഭാതിരഞ്ഞെടുപ്പിൽ വോട്ടിങ് രീതിക്ക് മാറ്റംവന്നിട്ടുണ്ട്.
കെ.ടി. ജലീലിന് മണ്ഡലത്തിലെ മുക്കിലും മൂലയിലും ജനങ്ങളിലുള്ള സ്വാധീനവും വ്യക്തിപരമായ ബന്ധവും എൽ.ഡി.എഫിനെ സംബന്ധിച്ച് വലിയ മുതൽക്കൂട്ടായി. കാന്തപുരത്തിന്റെ നിലപാടും അനൂകൂലമായി ജലീൽ കാണുന്നു. 10,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ജലീൽ അവകാശപ്പെടുന്നതെങ്കിലും കഴിഞ്ഞതവണ ജലീലിന് ലഭിച്ച 2564 വോട്ടിന്റെ ഭൂരിപക്ഷത്തിനൊപ്പമെങ്കിലും ഉണ്ടാകുമെന്നാണ് എൽ.ഡി.എഫ്. ക്യാമ്പ് കരുതുന്നത്. എൻ.ഡി.എ. ക്യാമ്പാകട്ടെ ആവേശത്തിലാണ്. കേന്ദ്രസർക്കാരിനോടും മോദിയോടുമുള്ള താത്പര്യം ജനങ്ങൾ വോട്ടിലൂടെ പ്രകടിപ്പിക്കുമെന്നും 2016-ൽ നേടിയ 15,801 വോട്ടിനേക്കാൾ കൂടുതൽ വോട്ട് നേടുമെന്നുമാണ് രവി തേലത്തിന്റെ പ്രതീക്ഷ.
Content Highlights: UDF anticipates a increased majority in the Kondotty constituency for 2026., Tanur remains a high-stakes battleground with intense competition between KT Jaleel and VS Joy., Higher voter turnout in 2026 indicates significant public engagement across both constituencies., Strategic shift in candidate selection and internal party dynamics influencing voter sentiment., Minority vote consolidation remains a critical factor in determining the outcome.