56-കാരൻ മരിച്ചത് ആരുമറിഞ്ഞില്ല; മൃതദേഹം വീട്ടിൽ അഴുകിയനിലയിൽ

കൊല്ലങ്കോട്: കൊല്ലങ്കോട് കിഴക്കേഗ്രാമത്തിൽ 56-കാരന്റെ മൃതദേഹം വീട്ടിലെ മുറിയിൽ അഴുകിയനിലയിൽ കണ്ടെത്തി. കിഴക്കേഗ്രാമം വീട്ടിൽ പരേതനായ രാജഗോപാലിന്റെ മകൻ രാജേഷിന്റെ (രാജേഷ് സ്വാമി-57) മൃതദേഹമാണ് വെള്ളിയാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്. മുറിയിൽ പായയിൽ മലർന്നുകിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് അഞ്ചു ദിവസത്തിലധികം പഴക്കമുള്ളതായി സംശയിക്കുന്നു.
പാചക ജോലിക്കാരനായ രാജേഷ് അച്ഛനമ്മമാരുടെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അവിവാഹിതനായ ഇദ്ദേഹത്തിന് മൂന്നു സഹോദരിമാർ ഉണ്ടെങ്കിലും അവരെല്ലാം ദൂരസ്ഥലങ്ങളിലാണുള്ളത്. പകൽ വീടിന്റെ മുൻവാതിൽ ചാരി രാജേഷ് അകത്ത് കഴിയുകയായിരുന്നു പതിവെന്ന് അയൽക്കാർ പറയുന്നു. അതുകൊണ്ടുതന്നെ മരണവിവരം അയൽക്കാരും അറിഞ്ഞില്ല.
വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടിൽനിന്ന് ദുർഗന്ധം വന്നപ്പോഴാണ് അയൽക്കാർ വാതിൽതുറന്ന് നോക്കിയത്.രണ്ടുമാസംമുൻപ് ഹൃദയസംബന്ധമായ അസുഖത്തിന് ഇദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി സുഹൃത്ത് ശ്രീജിത്ത് പറഞ്ഞു. ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ ലഭിച്ചിട്ടുള്ള സൂചന. കൊല്ലങ്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Content Highlights: 56-year-old Rajesh found dead in his home in Kollengode, Body discovered in a decomposed state after 5 days, Police suspect death due to cardiac arrest during sleep, Unnatural death case registered by Kollengode police