ആനകളെ കാടുകയറ്റുന്നതിനിടെ വനപാലകസംഘം ചെന്നുപെട്ടത് കരടിയുടെ മുന്നില്‍; ഓടിരക്ഷപ്പെടുന്നതിനിടെ വീണ് പരിക്ക്

#ന്യൂസ് ഡെസ്‌ക്
തെന്മലയോരത്തെ കൃഷിയിടങ്ങളിൽ കഴിഞ്ഞദിവസം തീറ്റതേടി എത്തിയ കാട്ടാനകൾ
തെന്മലയോരത്തെ കൃഷിയിടങ്ങളിൽ കഴിഞ്ഞദിവസം തീറ്റതേടി എത്തിയ കാട്ടാനകൾ

കൊല്ലങ്കോട്(പാലക്കാട്): തെന്മലയോരത്തെ കള്ളിയമ്പാറയ്ക്കുസമീപം വേലാങ്കാട്ടില്‍ ജനവാസമേഖലയിലെത്തിയ കാട്ടാനകളെ മലകയറ്റുന്നതിനിടെ വനപാലകസംഘം ചെന്നുപെട്ടത് കരടിയുടെ മുന്‍പില്‍. കരടിയുടെ ആക്രമണത്തില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കൊല്ലങ്കോട് വനം റേഞ്ച് ഓഫീസിലെ രണ്ടുജീവനക്കാര്‍ക്ക് പരിക്കേറ്റു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സനോജ് (31), വാച്ചര്‍ ഗണേഷ് (25) എന്നിവര്‍ക്കാണ് കാലിനും കൈകള്‍ക്കും പരിക്കേറ്റത്. ഇതോടെ മറ്റുള്ളവര്‍ പടക്കം പൊട്ടിച്ച് കരടിയെ പിന്തിരിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വീഴ്ചയില്‍ സനോജിന് കാലിന്റെ എല്ലിനും ക്ഷതമേറ്റിട്ടുണ്ട്. ഇരുവരും മുതലമടയിലെ ചുള്ളിയാര്‍മേട് സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി.

വേലാങ്കാട് ഭാഗത്തെ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടാനകള്‍ എത്തുന്നുണ്ട്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് കൊല്ലങ്കോട്ടുനിന്നു വനംവകുപ്പിന്റെ ദ്രുതപ്രതികരണസേനയും ജീവനക്കാരുമടങ്ങുന്ന സംഘമെത്തിയത്.

ഒരാളുയരത്തില്‍ പുല്ല് വളര്‍ന്നുനില്‍ക്കുന്ന പ്രദേശമായതിനാല്‍ കരടിയെ കണ്ടില്ലെന്നു ജീവനക്കാര്‍ പറയുന്നു. ആന കാട്ടിലേക്കു കടന്നപ്പോള്‍ പെട്ടെന്ന് കരടി മുന്‍പിലേക്കു ചാടുകയായിരുന്നുവെന്നു ജീവനക്കാര്‍ പറഞ്ഞു.

Content Highlights: Forest officers in Kollengode were attacked by a bear while guiding wild elephants back to the forest. Two officers were injured in the incident. Read for details.