കൊല്ലത്തും വാട്ടർ മെട്രോയ്ക്ക് സാധ്യത; പദ്ധതി തുടങ്ങാനുദ്ദേശിക്കുന്ന 15 സ്ഥലങ്ങളുടെ പട്ടികയിൽ 6-ാമത്

കൊച്ചി വാട്ടർ മെട്രോ സർവീസ് | ഫോട്ടോ: എം.വി.സിനോജ് \ മാതൃഭൂമി
കൊച്ചി വാട്ടർ മെട്രോ സർവീസ് | ഫോട്ടോ: എം.വി.സിനോജ് \ മാതൃഭൂമി

കൊല്ലം: അഷ്ടമുടിക്കായലിലും വാട്ടർ മെട്രോ സർവീസ് തുടങ്ങാൻ സാധ്യത തെളിയുന്നു. കേന്ദ്ര സർക്കാർ, വാട്ടർ മെട്രോ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന 15 സ്ഥലങ്ങളുടെ പട്ടികയിൽ കൊല്ലം ആറാംസ്ഥാനത്തുണ്ടെന്ന് മേയർ പ്രസന്ന ഏണസ്റ്റ് കൗൺസിൽ യോഗത്തിൽ അറിയിച്ചു.

ആശ്രാമം ജൈവവൈവിധ്യ ഹബ്, കൊല്ലം ബീച്ച് സംരക്ഷണം, ആശ്രാമം-മങ്ങാട് ലിങ്ക് റോഡ് ഉൾപ്പെടെയുള്ളവയ്ക്ക് പദ്ധതി തയ്യാറാക്കി കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ അനുമതി ലഭിച്ചത്. ഞാങ്കടവ് കുടിവെള്ളപദ്ധതി പൂർത്തീകരണത്തിന് ദേശീയപാതയിൽ ഒരുകിലോമീറ്റർ സ്ഥലത്ത് പൈപ്പിടുന്നതിനുള്ള അനുമതി തേടാൻ വീണ്ടും കേന്ദ്രത്തെ സമീപിക്കും. എസ്.എം.പി.പാലസിനു സമീപത്തെ റെയിൽവേ ഗേറ്റ് തുറന്നുനൽകാത്തപക്ഷം റെയിൽവേ സ്റ്റേഷനിലെത്തി പ്രതിഷേധിക്കേണ്ടിവരുമെന്നും മേയർ പറഞ്ഞു.

കോർപ്പറേഷൻ പരിധിയിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ യു.പവിത്ര പറഞ്ഞു.

നഗരത്തിൽ കൂടുതൽ മാലിന്യശേഖരണികളും ഡബിൾ ചേംബർ ഇൻസിനറേറ്ററും സ്ഥാപിക്കും. സംസ്കരണസംവിധാനങ്ങൾ കാര്യക്ഷമമാക്കുമെന്നും അറിയിച്ചു.

Content Highlights: Kollam is among 15 locations for a potential Water Metro project, as announced at a council meeting.