DYFI നേതാക്കളുടെ RSP പ്രവേശനം: യു.ഡി.എഫിൽ കലഹം; പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: facebook.com/dyfikeralastatecommittee
പ്രതീകാത്മക ചിത്രം | Photo: facebook.com/dyfikeralastatecommittee

കൊല്ലം: ചേരിപ്പോരിനെത്തുടർന്ന് ഡി.വൈ.എഫ്.ഐ. നേതാക്കൾ ആർ.എസ്.പി.യിൽ ചേർന്നതിനെത്തുടർന്ന് യു.ഡി.എഫിൽ കലഹം. യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ചവരെ ആർ.എസ്.പി.യിലേക്ക് സ്വീകരിച്ചതാണ് അഭിപ്രായഭിന്നത രൂക്ഷമാക്കിയത്. ഡി.വൈ.എഫ്.ഐ. കൊല്ലം ഏരിയ ജോയിന്റ് സെക്രട്ടറി സനോഫർ പോളയത്തോട്, കൊട്ടിയം മേഖലാ വൈസ് പ്രസിഡന്റ് ഷഹാൻ ഉമയനല്ലൂർ, ഇരവിപുരം മേഖലാ കമ്മിറ്റിയംഗം ജിത്തു താന്നി, കൊല്ലം പോർട്ട് മേഖലാ കമ്മിറ്റി അംഗം സന്ദീപ്, ചിന്നു എന്നിവരടക്കം 30 പേരാണ് കഴിഞ്ഞദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിന്റെ സാന്നിധ്യത്തിൽ ആർ.എസ്.പി.യിൽ ചേർന്നത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച, നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമടക്കമുള്ളവരെ മർദിച്ചയാളെ ഇരവിപുരം എം.എൽ.എ. വിഷ്ണു മോഹന്റെ നേതൃത്വത്തിൽ ആർ.എസ്.പി.യിലേക്ക് സ്വീകരിച്ചതിലാണ് യൂത്ത് കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നത്.

ഒട്ടേറെ കേസുകളിൽ പ്രതിയായവരാണ് ആർ.എസ്.പി.യിൽ ചേർന്നതെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ ആരോപണം. വിഷയം ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ. വേണുഗോപാലിന്റെയും യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.സി. രാജന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് വിഷ്ണു സുനിൽ അറിയിച്ചു.

യു.ഡി.എഫ്. പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്

ക്രിമിനൽക്കേസിൽപ്പെട്ടയാൾ ഡി.വൈ.എഫ്.ഐ.യിൽനിന്ന് ആർ.എസ്.പി.യിൽ എത്തിയെങ്കിലും അയാളെ യു.ഡി.എഫിന്റെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യൂത്ത് കോൺഗ്രസ് ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനിച്ചു. ആർ.എസ്.പി. നടപടിയോടുള്ള വിയോജിപ്പ് അംഗങ്ങൾ യോഗത്തിൽ അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിക്കാൻ മുൻകൈയെടുത്ത വിഷ്ണു മോഹൻ എം.എൽ.എ.യ്ക്ക് എതിരേയും പ്രതിഷേധമുയർന്നു. ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക് എം. ദാസ് എന്നിവർ ആർ.എസ്.പി. നടപടിയെ അതിശക്തമായി വിമർശിച്ചു. ആർ.എസ്.പി.യുടെ നിലപാടിൽ പ്രതിഷേധിച്ച് ആർ.വൈ.എഫുമായി സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നിട്ടുണ്ട്.

Content Highlights: DYFI leaders joined RSP in the presence of Shibu Baby John., Youth Congress opposes the induction of individuals with criminal backgrounds., Vishnu Mohan MLA faces criticism for facilitating the entry of these members., Youth Congress decides to boycott UDF events involving these new RSP members., Internal rift within the UDF coalition in Kollam district.