കൊല്ലം-ചെങ്കോട്ട പാതയിലൂടെ ഓടുന്ന ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂട്ടും; വേഗത വർധിപ്പിക്കാനും നടപടി ഉടൻ

കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയിലൂടെ സർവീസ് നടത്തുന്ന തീവണ്ടികളിൽ കോച്ചുകളുടെ എണ്ണം കൂട്ടുന്നതിനും വേഗം വർധിപ്പിക്കുന്നതിനും സമയബദ്ധമായി നടപടി സ്വീകരിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ചെന്നൈയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിനുശേഷമാണ് വിവരം അറിയിച്ചത്. തീവണ്ടികളുടെ വേഗം ഏതുതരത്തിൽ വർധിപ്പിക്കാമെന്നതു സംബന്ധിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കും.
രാവിലെ 8.10-നും വൈകീട്ട് 5.30-നുമിടയിൽ ചെങ്കോട്ട-കൊല്ലം റൂട്ടിൽ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ തിരുനെൽവേലി-കൊല്ലം സർവീസ് ആരംഭിക്കുന്നതും മെമു സർവീസ് ട്രയൽ റൺ നടത്തി റേക്കുകൾ അനുവദിക്കുന്ന മുറയ്ക്ക് സർവ്വീസ് ആരംഭിക്കുന്നതിനും മുൻഗണന നൽകുമെന്ന് വ്യക്തമാക്കി. പുനലൂർ റെയിൽവേ സ്റ്റേഷൻ മൂന്നാം ട്രാക്കും രണ്ടാം ടെർമിനലും പരിഗണനയിലാണ്.
വിസ്റ്റാഡോം കൊച്ചുകൾക്ക് ലഭിച്ച അംഗീകാരവും കനത്ത റിസർവേഷനും കണക്കിലെടുത്ത് എട്ട് വിസ്റ്റാഡോം കോച്ചുകളുള്ള മധുര-കൊല്ലം വിസ്റ്റാഡോം ടൂറിസ്റ്റ് തീവണ്ടി സർവീസ് ആരംഭിക്കണമെന്ന ആവശ്യവും എം.പി. ഉന്നയിച്ചു. തിരുവനന്തപുരം-താംബരം സ്പെഷ്യൽ, കൊല്ലം-ഹൂബ്ലി-കൊല്ലം, ചെന്നൈ എഗ്മൂർ എന്നീ സ്പെഷ്യൽ തീവണ്ടികൾ റഗുലർ തീവണ്ടികളാക്കി മാറ്റണമെന്ന നിർദേശത്തിൽ നടപടി സ്വീകരിക്കും.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ മൾട്ടി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നിർമാണം 2027-ൽ പൂർത്തിയാക്കും. മെമു ഷെഡിന്റെ പ്രവർത്തനം ഡിസംബറോടെ പൂർത്തിയാക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പരവൂർ സ്റ്റേഷനിൽ 104.35 ലക്ഷം രൂപയുടെ പ്രവൃത്തികളും ഇരവിപുരം റെയിൽവേ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളും ഉയർത്തുന്നതിനുള്ള പ്രവൃത്തികളും ഡിസംബറിൽ പൂർത്തിയാകും. പെരിനാട് റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിൽ ടാക്ടൈൽ ഗൈഡൻസ് ടൈൽ സ്ഥാപിക്കുന്ന നിർമാണം പൂർത്തിയായി. മയ്യനാട് റെയിൽവേ സ്റ്റേഷനിലും ഒന്നാം പ്ലാറ്റ്ഫോം ഉയർത്തുന്നത് ഉൾപ്പെടെ നവീകരിക്കുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. അപ്രോച്ച് റോഡിന്റെയും സർക്കുലേറ്റിങ് ഏരിയയുടെയും പണി ഡിസംബറിൽ പൂർത്തിയാകും.
കിളികൊല്ലൂർ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോം നീളംകൂട്ടുന്ന പ്രവൃത്തിക്ക് അനുമതി നൽകിയിട്ടുണ്ട്. കൊല്ലം റെയിൽവേ ഹെൽത്ത് യൂണിറ്റ് പുതിയ കെട്ടിടത്തിന് അനുമതിയായിട്ടുണ്ടെന്നും ടെൻഡർ നടപടി ഉടൻ ആരംഭിക്കുമെന്നും യോഗത്തിൽ അറിയിച്ചു.
Content Highlights: Southern Railway will implement time-bound measures to increase train speed and add coaches on the Kollam-Sengottai route, following a high-level meeting chaired by MP NK Premachandran with the General Manager.