അമിത് ഷായുടെ സുരക്ഷാവീഴ്ച നിസ്സാരമായി കാണാനാവില്ല, പ്രതിഷേധങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ സ്വാഭാവിക പ്രതികരണം- രാജീവ് ചന്ദ്രശേഖർ

#സ്വന്തം ലേഖകന്‍
രാജീവ് ചന്ദ്രശേഖര്‍ |ഫോട്ടോ:PTI
രാജീവ് ചന്ദ്രശേഖര്‍ |ഫോട്ടോ:PTI

കൊല്ലത്ത് കേന്ദ്രമന്ത്രി അമിത്ഷാ എത്തിയപ്പോഴുണ്ടായ സുരക്ഷാവീഴ്ച നിസ്സാരമായി കാണാനാവില്ലെന്നും അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ ഭാഗത്തുനിന്ന് അതേച്ചൊല്ലി പ്രതിഷേധമുണ്ടാകുക സ്വാഭാവികമാണെന്നും ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് പാർട്ടി ഓഫീസുകൾക്കുനേരേയുണ്ടായ അക്രമത്തിന്റെകൂടി പശ്ചാത്തലത്തിൽ രാജീവ് ചന്ദ്രശേഖർ പ്രതികരിക്കുന്നു.

? കേന്ദ്രമന്ത്രി അമിത്ഷായ്ക്കെതിരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന് ബദലായുള്ള യുവമോർച്ച- ബി.ജെ.പി. പ്രതിഷേധം തുടരുമോ? 

= കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനസർക്കാരിനാണ്. അതിലുണ്ടായ വീഴ്ചയ്ക്ക് ആരാണ് ഉത്തരവാദിയെന്നും എന്തു നടപടി സ്വീകരിച്ചെന്നും വ്യക്തമാക്കണം. കേന്ദ്ര ആഭ്യന്തരമന്ത്രിയെ സ്നേഹിക്കുന്ന ആളുകളുടെ ഭാഗത്തുനിന്ന് സ്വാഭാവികമായും പ്രതിഷേധമുണ്ടാകും.

? തിരുവനന്തപുരം ഡി.സി.സി. ഓഫീസിനുനേരേ അക്രമം കാട്ടിയത് ബി.ജെ.പി.ക്കാരാണെന്നാണ് കോൺഗ്രസ് ആരോപണം

= മന്ത്രി ഒ.ജെ. ജനീഷിനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് മറുപടി ബി.ജെ.പി. ജില്ലാപ്രസിഡന്റിന്റെ വാഹനം തടഞ്ഞ് ആക്രമിക്കുകയല്ല. തിരുവനന്തപുരം ഡി.സി.സി. ഓഫീസിനുനേരേയുണ്ടായ അക്രമത്തിന് ആരാണ് ഉത്തരവാദികളെന്ന് പോലീസ് കണ്ടെത്തട്ടെ.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന് നേരേയുള്ള ആരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണോ ബി.ജെ.പി. ശ്രമം.

= എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തീരുമാനങ്ങളും ഷെഡ്യൂളുകളും മൂന്നുകമ്മിഷണർമാരും ചേർന്ന് എടുത്തതാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻതന്നെ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിക്കാൻ ആർക്കും അവകാശമുണ്ട്. എന്നാൽ, തെളിവുകളും വസ്തുതകളും മുന്നിൽവെച്ചാവണം അത്.

?പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരേ പോലീസ് കേസെടുക്കാത്തതിൽ ഒത്തുകളി കാണുന്നുണ്ടോ?

= ഇ.ഡി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യണോ, പ്രാഥമിക അന്വേഷണം നടത്തണമോ എന്നത് സംസ്ഥാനസർക്കാർ തീരുമാനിക്കേണ്ട വിഷയമല്ല. ഇവിടെ സംഭവിക്കുന്നത് എൽ.ഡി.എഫും യു.ഡി.എഫും. തമ്മിലുള്ള മാച്ച് ഫിക്സിങ്ങാണ്. പരസ്പര സഹകരണത്തിലൂടെ അന്വേഷണം അട്ടിമറിക്കാനാണു ശ്രമം.

?സമരവും പ്രതിഷേധവും സമാധാനപരമായിക്കൂടേ

= സമരം സമാധാനപരമായിരിക്കണമെന്നതിൽ ബി.ജെ.പി.ക്ക്‌ യാതൊരു സംശയവുമില്ല. ജനാധിപത്യപ്രതിഷേധം അവകാശമാണ്; അക്രമം അവകാശമല്ല. ബി.ജെ.പി. പ്രതിഷേധം നിയമത്തിന്റെ പരിധിക്കുള്ളിലായിരിക്കും.

Content Highlights: Rajeev Chandrashekhar addresses the security breach during Amit Shah's visit to Kollam, emphasizing the natural protest from his supporters.