ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ തീവണ്ടിയിൽനിന്ന് വീണുമരിച്ചു

#ന്യൂസ് ഡെസ്ക്ക്
കൊല്ലം മോഹൻ
കൊല്ലം മോഹൻ

കൊല്ലം: സ്റ്റിൽഫോട്ടോഗ്രാഫർ കൊല്ലം മോഹൻ(73) തീവണ്ടിയിൽനിന്ന്  വീണുമരിച്ചു. മാർത്താണ്ഡം കുഴിത്തുറ വെസ്ററിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. സഹോദരങ്ങൾക്കൊപ്പം മാർത്താണ്ഡത്തുള്ള കുടുംബക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു.

കേരളശബ്ദം, നാന, കുങ്കുമം, മഹിളാരത്നം, ജ്യോതിഷരത്നം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി എണ്ണമറ്റ ചിത്രങ്ങൾ പകർത്തിയ മോഹൻ അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം, അനന്തരം, മതിലുകൾ എന്നീ ചിത്രങ്ങളുടെ നിശ്ചലഛായാഗ്രാഹകനായിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത രാധ എന്ന പെൺകുട്ടി, കലിക തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിൽ ചെറിയ വേഷവും ചെയ്തിട്ടുണ്ട്.

ദേശീയഅന്തർദ്ദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഫോട്ടോഗ്രാഫി മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി അംഗീകാരങ്ങൾ നേടി. മാക്ടയിലെ ആജീവനാന്ത അംഗമാണ്. ഫെഫ്ക -ഫോട്ടോഗ്രാഫേഴ്സ് യൂണിയനിലും അംഗമാണ്.

1953 ആഗസ്റ്റ് അഞ്ചിന് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് ശങ്കരനാരായണപിള്ളയുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച മോഹൻ, കൊല്ലത്ത് മാധ്യമപ്രവർത്തകനായെത്തിയശേഷമാണ് കൊല്ലം മോഹൻ എന്ന പേരിൽ പ്രശസ്തനായത്. കരീപ്പുഴ മണലിൽ ക്ഷേത്രത്തിനു സമീപം ആനേഴത്ത് മുക്ക് ലക്ഷ്മി ഭവനിലായിരുന്നു താമസം.

സൂം ലെൻസിലൂടെ മോഹൻലാൽ, ക്യാമറയ്ക്ക് മുന്നിലും പിന്നിലും എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ രുഗ്മിണിദേവി. മക്കൾ: രഞ്ജിത്ത് മോഹൻ, രഞ്ജിനി. മരുമകൻ ആദർശ്. മൃതദേഹം നാഗർകോവിൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച കൊല്ലത്തേക്ക് കൊണ്ടുവരും. മുളങ്കാടകം ശ്മശാനത്തിൽ സംസ്കരിക്കും.

Content Highlights: Veteran photographer and still cameraman Kollam Mohan passed away at the age of 73., He died after falling from a train near Kuzhithurai, Marthandam., Worked for prominent Malayalam publications like Keralasabdam, Nana, and Kumkumam., Served as a still photographer for legendary films directed by Adoor Gopalakrishnan like Mukhamukham and Mathilukal., Funeral rites to be held at Mulankadakam crematorium after post-mortem.