എക്‌സൈസിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, ഇതുവരെ പിരിഞ്ഞുകിട്ടിയത് 2.82 കോടി രൂപ

#ജി. സജിത്കുമാർ
പ്രതീകാത്മകചിത്രം | Photo: REUTERS
പ്രതീകാത്മകചിത്രം | Photo: REUTERS

കൊല്ലം: എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ആംനസ്റ്റി സ്‌കീമിൽ (ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി) അബ്കാരി കുടിശ്ശികയിനത്തിൽ ഇതുവരെ പിരിഞ്ഞുകിട്ടിയത് 2.82 കോടി രൂപ. 60 അപേക്ഷകളിൽനിന്നാണിത്. പരിഗണനയുള്ള അപേക്ഷകളിൽ പലതും തുക അടയ്ക്കാൻ സാധ്യതയുള്ളതാണെന്നും അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് പദ്ധതിയുടെ കാലാവധി സർക്കാർ നീട്ടി. രണ്ടുകോടി രൂപകൂടി പിരിച്ചെടുക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.

കള്ളുഷാപ്പുകളും ചാരായഷാപ്പുകളും മറ്റും ലേലംകൊണ്ടവർ കുടിശ്ശികവരുത്തിയ ലൈസൻസ് ഫീസ് (കിസ്ത്) പിഴയില്ലാതെ അടയ്ക്കാനുള്ള പദ്ധതി 2008-ലാണ് ആരംഭിച്ചത്. കുടിശ്ശിക അടയ്ക്കാനുള്ള അപേക്ഷ സ്വീകരിക്കുന്ന കാലാവധി ഈവർഷം ഡിസംബർ 31 വരെയും കുടിശ്ശിക ഒടുക്കാനുള്ള കാലാവധി 2026 മാർച്ച് 31 വരെയുമാണ് ദീർഘിപ്പിച്ചത്.

2008-ൽ ആരംഭിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2017 വരെ തുടർന്നിരുന്നു. പിന്നീടാണ് പുതുക്കിയ ആംനസ്റ്റി പദ്ധതിപ്രകാരം 2023 വരെ സമയം നൽകിയത്. അപേക്ഷ നൽകാൻ വീണ്ടും നീട്ടിക്കൊടുത്ത സമയം ജൂൺ 30-ന് അവസാനിച്ചിരുന്നു.

1949-50 മുതൽ 1996 മാർച്ച് 31 വരെയുള്ള കുടിശ്ശികയുടെ 75 ശതമാനം അടച്ചാൽ മുഴുവൻ പലിശയും പിഴപ്പലിശയും മുതലിന്റെ 25 ശതമാനവും ഒഴിവാക്കിനൽകും.

1996-97-നും 2000-2001-നും ഇടയിലുള്ള കുടിശ്ശികയാണെങ്കിൽ 90 ശതമാനം തുക അടയ്ക്കണം. 2001-02-നും 2011-12-നും ഇടയ്ക്കുള്ള കുടിശ്ശികയ്ക്ക് 100 ശതമാനം തുക അടച്ച് പിഴയും പിഴപ്പലിശയും ഒഴിവാക്കാം. ആംനസ്റ്റി സ്‌കീം പ്രയോജനപ്പെടുത്താത്ത കുടിശ്ശികക്കാർക്കെതിരേ നിയമനടപടികൾ തുടരും. റവന്യൂ റിക്കവറി നടപടികളാണ് നടന്നുവരുന്നത്.

ഷാപ്പുകൾ ലേലംകൊണ്ടവരിൽനിന്ന് തവണകളായാണ് ലേലത്തുക ഈടാക്കിയിരുന്നത്. ഇതിൽ വീഴ്ചവരുത്തിയവർക്ക് കൂട്ടുപലിശക്രമത്തിൽ വലിയ ബാധ്യതയാണ് അവശേഷിക്കുന്നത്. പിൽക്കാലത്ത് ഷാപ്പുകൾക്ക് ലേലമൊഴിവാക്കി പകരം വിൽപ്പന തുടങ്ങിയിരുന്നു.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ കുടിശ്ശികയുടെ 25 ശതമാനമാണ് അടയ്ക്കേണ്ടത്. അവശേഷിക്കുന്ന തുക മൂന്നു ഗഡുക്കളായി അടയ്ക്കാം. കോടതികളിൽ കേസ് നൽകില്ലെന്ന സത്യവാങ്മൂലവും സമർപ്പിക്കണം. നിലവിലുള്ള അബ്കാരി കുടിശ്ശിക സംബന്ധിച്ച കേസുകൾ പിൻവലിക്കേണ്ടിയും വരും.

Content Highlights: Kollam Excise Department`s amnesty scheme recovers ₹2.82 crore in liquor license fee arrears