ചടയമംഗലം കേസ്; 13-കാരനേയും കുടുംബത്തേയും CWC-യിലേക്ക് മാറ്റും, അമ്മയ്ക്ക് താത്കാലിക ജോലിനൽകിയേക്കും

#ന്യൂസ് ഡെസ്ക്
പ്രതി രാജേഷ്
പ്രതി രാജേഷ്

കൊല്ലം: ചടയമംഗലത്ത് രണ്ടാനച്ഛന്റെ ക്രൂരമർദനത്തിനിരയായ പതിമ്മൂന്നുകാരനേയും കുടുംബത്തേയും ശിശുക്ഷേമ സമിതിയിലേക്ക് (സി.ഡബ്ല്യു.സി.) മാറ്റും. കുട്ടിയുടെ അമ്മയ്ക്ക് ശിശുക്ഷേമ സമിതി ഹോമിൽ താത്കാലിക ജോലിനൽകാനും ആലോചനയുണ്ട്. രണ്ടാനച്ഛന്റെ ക്രൂരമർദനത്തിനിരയായ കുട്ടി അമ്മയുടെ ആദ്യ ബന്ധത്തിലുള്ളതാണ്. മറ്റു രണ്ടു കുട്ടികളുമുണ്ട്. അതിൽ ഒരു കുട്ടിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്ന് കുട്ടികളേയും അമ്മയേയും ശിശുക്ഷേമ സമിതിയിലേക്ക് മാറ്റാനുള്ള തീരുമാനം.

അമ്മയ്ക്ക് ശിശുക്ഷേമ സമിതിയിൽ താത്കാലിക ജോലിനൽകുന്നതോടെ കുടുംബത്തിന് വരുമാനമാർഗമാവുകയും ചെയ്യും. ഇത് കണക്കിലെടുത്താണ് ജോലിനൽകാനുള്ള തീരുമാനം. അതിനിടെ മന്ത്രി ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവർ മർദനത്തിനിരയായ കുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു.

മദ്യലഹരിയിൽ പതിമ്മൂന്നുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. നിലമേൽ സ്വദേശിയായ എട്ടാംക്ലാസുകാരനെയാണ് രണ്ടാനച്ഛനായ ഓയൂർ സ്വദേശി രാജേഷ്(44) മർദിച്ചത്. ഇയാൾ കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾവഴി പ്രചരിച്ചതോടെ പ്രതിയെ ഉടൻ അറസ്റ്റുചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ രാജേഷ് വീട്ടിലെ ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മർദിച്ചത്. കുട്ടിയുടെ ദേഹത്ത് കമ്പുകൊണ്ട് തുടരെ അടിച്ചു. പിന്നീട് കുട്ടിയെ ഓടിച്ചിട്ടുതല്ലി. കുട്ടിയുടെ അമ്മ ഈ ദൃശ്യങ്ങളുടെ വീഡിയോ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. ഹാളിനു പുറത്തുവെച്ച് കുട്ടിയെ തൂക്കിയെടുത്തും കുട്ടിയുടെ വസ്ത്രങ്ങൾ ഊരിയും ഇയാൾ മർദിച്ചു. 'അടിക്കല്ലേ അച്ഛാ' എന്ന് ഉറക്കെ കുട്ടി നിലവിളിച്ചിട്ടും തല്ലിച്ചതയ്ക്കുകയായിരുന്നു. 'എനിക്കു പേടിയാകുന്നു'വെന്ന് കുട്ടി കരഞ്ഞുകൊണ്ടുപറയുന്നതും വീഡിയോയിൽ കാണാം.

മിക്കപ്പോഴും ഇയാൾ കുട്ടികളെ തല്ലുമായിരുന്നതുകൊണ്ടാണ് മർദനദൃശ്യങ്ങൾ അമ്മ വീഡിയോയിൽ പകർത്തിയത്. അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകി. മാധ്യമങ്ങൾവഴി മർദനദൃശ്യങ്ങൾ കണ്ട മുഖ്യമന്ത്രി, പ്രതിയെ ഉടൻ അറസ്റ്റുചെയ്യണമെന്ന് കൊല്ലം റൂറൽ എസ്.പി.യോടു നിർദേശിച്ചു. തുടർന്നാണ് വ്യാഴാഴ്ച ഉച്ചയോടെ വീടിനു സമീപത്തുനിന്ന് ഇയാളെ അറസ്റ്റുചെയ്തത്.

കടയ്ക്കൽ സി.ഐ. എസ്. ശരലാൽ, ചടയമംഗലം എസ്.ഐ.മാരായ ബാലാജി എസ്.കുറുപ്പ്, ഹരിചന്ദ്, അമീൻ, സി.പി.ഒ. നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തു.

Content Highlights: The 13-year-old abuse victim and his family are being shifted to CWC., The mother may be provided temporary employment at the CWC home.