നെഞ്ചുപൊട്ടി പൊന്നുമോനെ ഒരുനോക്കുകണ്ട് അമ്മ, നിസ്സഹായരായി ഉറ്റവർ; മിഥുന്റെ സംസ്കാരം അഞ്ചുമണിക്ക്

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ സുരക്ഷയില്ലാതെ കടന്നുപോയ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം ശാസ്താംകോട്ടയിലെ വീട്ടിലെത്തിച്ചു. മകന്‍റെ മരണവിവരമറിഞ്ഞ് വിദേശത്തുനിന്ന് വീട്ടിലെത്തിയ അമ്മ സുജ മിഥുന്‍റെ മൃതദേഹം കണ്ട് നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. മകന്റെ ശവമഞ്ചത്തില്‍ കെട്ടിപ്പിടിച്ചുകരഞ്ഞ സുജയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ പ്രയാസപ്പെട്ടു.
തേവലക്കര സ്‌കൂളില്‍ രാവിലെ മുതൽ ഉച്ചവരെ പൊതുദർശനത്തിന് മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ വിദ്യാർഥികളും നാട്ടുകാരുമായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ഉച്ചയോടെ സ്‌കൂളില്‍നിന്ന് മൃതദേഹം വീട്ടിലേയ്ക്ക് എത്തിച്ചു. യാത്രാമധ്യേ പാതയോരങ്ങളില്‍ മിഥുനെ ഒരുനോക്ക് കാണാന്‍ നിരവധി ആളുകൾ കാത്തുനിന്നിരുന്നു. വീട്ടിലും നിരവധി ആളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. വൈകീട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിലാണ് മിഥുന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.
ശനിയാഴ്ച രാവിലെ ഒമ്പതിനു ശേഷമാണ് മിഥുന്‍റെ അമ്മ സുജ കുവൈത്തില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഇളയ മകനും ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അകമ്പടിയോടെയാണ് സുജയെ കൊല്ലത്തെ വീട്ടിലെത്തിച്ചത്.
കുവൈത്തില്‍ വീട്ടുജോലിക്കായി മൂന്നു മാസം മുമ്പാണ് സുജ പോയത്. മിഥുന് അപകടം സംഭവിക്കുന്ന സമയത്ത് ജോലിചെയ്യുന്ന വീട്ടുകാരുമൊത്ത് സുജ തുര്‍ക്കിയിലായിരുന്നു. മകന്റെ മരണ വിവരം സുജയെ അറിയിക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രമം നടത്തിയിട്ടും മണിക്കൂറുകളോളം സാധിച്ചിരുന്നില്ല. ഒടുവില്‍ വ്യാഴാഴ്ച രാത്രിയാണ് സുജ വിവരമറിഞ്ഞത്. തുടര്‍ന്ന് വെള്ളിയാഴ്ച നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
Content Highlights: Mithun, a student, died after being electrocuted by a live wire. His mother, Suja