ആനകളുടെ കാലില്‍ ഇടച്ചങ്ങല ഇട്ടിരുന്നില്ല, തുടര്‍ച്ചയായ വെടിക്കെട്ട് ഇടയാന്‍ കാരണമായി-റിപ്പോര്‍ട്ട്

Photo: Mathrubhumi
Photo: Mathrubhumi

കോഴിക്കോട്: കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വനംമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി. ഇത്രയേറെ ആളുകള്‍ എത്തുന്നയിടത്ത് പ്രാഥമികമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെയാണ് ആനയെ എത്തിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്ഷേത്ര പരിസരത്ത് പടക്കം പൊട്ടിച്ചത് അശ്രദ്ധമായിട്ടാണെന്നും തുടര്‍ച്ചയായ വെടിക്കെട്ടിന്റെ ആഘാതത്തിലാണ് ഗുരുവായൂര്‍ പീതാംബരന്‍ എന്ന ആന ഇടഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആനയ്ക്ക് അടുത്ത് നിന്ന് ഏതാനും മീറ്റര്‍ അകലെ നിന്നാണ് പടക്കം പൊട്ടിച്ചത്. ആന വിരണ്ടോടാനുള്ള സാഹചര്യമുണ്ടാക്കി. ആനകളുടെ കാലില്‍ ഇടച്ചങ്ങല ഇട്ടിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

ക്ഷേത്ര ഭാരവാഹികളും ആനയുടെ പാപ്പാനും നാട്ടാന പരിപാലന ചട്ടങ്ങള്‍ ലഘിച്ചതായി കണ്ടെത്തിയെന്നും കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരോട് കോടതിയില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനകള്‍ വിരണ്ടുണ്ടായ അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. തൊട്ടടുത്ത് വന്‍ശബ്ദത്തോടെ പടക്കം പൊട്ടിയതോടെയാണ് ആനകള്‍ വിരണ്ടത്. കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയില്‍ രാജന്‍ (68) എന്നിവരാണ് മരിച്ചത്. ഉത്സവത്തിനെത്തിച്ച പീതാംബരന്‍ എന്ന ആന വിരണ്ട് ഗോകുല്‍ എന്ന ആനയെ കുത്തുകയും ആ ആന കമ്മിറ്റി ഓഫീസിനുമുകളിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.

Content Highlights: Koilandy Elephant Rampage: 3 Dead, Forest Report Filed