കൊടകര കുഴൽപ്പണം: BJPക്കായി കേരളത്തിലെത്തിച്ചത് 41.4 കോടിയെന്ന് പോലീസ് അറിയിച്ചു, കേന്ദ്രം അവഗണിച്ചു

Photo: AFP
Photo: AFP

തൃശ്ശൂർ: 2021-ലെ നിമയസഭാ തിരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി.ക്കായി കേരളത്തിലെത്തിച്ച് വിതരണംചെയ്തത് 41.4 കോടിയാണെന്ന കേരള പോലീസിന്റെ റിപ്പോർട്ടിന് കേന്ദ്രതലത്തിൽ പൂർണ അവഗണന. കേരള പോലീസ് മേധാവി 2022 ജൂണിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ഇ.ഡി., ആദായനികുതിവകുപ്പ്, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയ്ക്ക് റിപ്പോർട്ട് അയച്ചത്. രണ്ടരവർഷമായിട്ടും ഒരു നടപടിയുമുണ്ടായില്ല.

കൊടകരസംഭവത്തിലെ ഹവാലസംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മേധാവി വി.കെ. രാജു, കൊച്ചിയിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർക്കും കത്തയച്ചിരുന്നു.

2021 മാർച്ച് അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെയാണ് 41.4 കോടി വിതരണം ചെയ്തതെന്നാണ് റിപ്പോർട്ടിലുള്ളത്. പണം വാങ്ങിയവരും നൽകിയവരും തമ്മിൽ നടന്ന ഫോൺ വിളികളുടെ രേഖകളും ഇവർ ഒരേപ്രദേശത്ത് വന്നതിന്റെ തെളിവുകളും പണം കൈമാറിയതിന്റെ വിവരങ്ങളും സഹിതമാണ് റിപ്പോർട്ട് നൽകിയത്.

ഇതിന്മേൽ നടപടിയും അന്വേഷണവും ഉണ്ടാകാതിരുന്നതിനാൽ 2023 ഓഗസ്റ്റിൽ ഇക്കാര്യം സൂചിപ്പിച്ച് റിപ്പോർട്ട് അയച്ചെങ്കിലും അതിലും മറുപടിയും നടപടിയുമുണ്ടായില്ല.

Content Highlights: BJP Election Funding Probe: Kerala Police Report Ignored by Central Agencies