നട്ടുവളർത്തിയ മരം മുറിച്ചുകളയാൻ തോന്നിയില്ല, മാറ്റി നട്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: നട്ടുവളർത്തിയ ടെർമിനാലിയയെ അങ്ങനെ കൈവിട്ടുകളയാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് തോന്നിയില്ല. ചിറ്റിലപ്പള്ളി സ്ക്വയറിലെ നിർമാണ പ്രവർത്തനങ്ങൾക്കുവേണ്ടി മുറിച്ചുമാറ്റേണ്ടിവരുമായിരുന്ന ടെർമിനാലിയ വൃക്ഷം പാർക്കിൽതന്നെ ഇനിയുമുണ്ടാകും. അപൂർവമായി കണ്ടുവരുന്ന മഡഗാസ്കർ ആൽമണ്ട് ഇനത്തിൽപ്പെട്ട വൃക്ഷത്തെ മറ്റൊരിടത്തേക്ക് മാറ്റി നട്ടു കൊണ്ട് ഈ പ്രകൃതിസംരക്ഷണ ദിനത്തിലും മാതൃകയാവുകയാണ് ചിറ്റിലപ്പിള്ളി സ്ക്വയർ.
രണ്ടാഴ്ചത്തെ ശ്രമംകൊണ്ടാണ് 10 വർഷം പ്രായമുള്ള വൃക്ഷം മറ്റൊരിടത്തേക്ക് മാറ്റിനട്ടത്. ചിറ്റിലപ്പിള്ളി സ്ക്വയറിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുകയാണ്. നിർമാണത്തിനായി കണ്ടെത്തിയ സ്ഥലത്തായിരുന്നു മരം. വെട്ടണമോ എന്നായിരുന്നു സഹപ്രവർത്തകരുടെ ചോദ്യം. എന്നാൽ മരത്തിന് സുരക്ഷിത ഇടം ഒരുക്കണമെന്നായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ മറുപടി. ജെസിബി എത്തി, മരംനടാൻ മറ്റൊരിടം കണ്ടെത്തി. അവിടെ വേരിന് സുരക്ഷിതമായിരിക്കാനുള്ള അളവിൽ വലിയ കുഴി സജ്ജമാക്കി. തുടർന്ന് രണ്ടാഴ്ചനീണ്ട പ്രവർത്തനം.
‘സൂക്ഷിക്കണം, മരത്തിന്റെ തൊലിക്കുപോലും കേടുപറ്റാത്ത രീതിയിലാവണം മാറ്റിനടാൻ’- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രത്യേകം നിർദേശിച്ചിരുന്നു. സഹപ്രവർത്തകർ അക്ഷരംപ്രതി അത് അനുസരിച്ചു. വേരുകൾ പോകാതെ മരം പിഴുതെടുത്ത് ക്രെയിനിൽ പൊക്കി പുതിയ കഴിയിൽ നട്ടു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വീട്ടിൽ നട്ടുവളർത്തിയിരുന്ന തൈ, ചിറ്റിലപ്പള്ളി സ്ക്വയർ ആരംഭിച്ചപ്പോൾ അവിടെ നട്ടുപിടിപ്പിക്കുകയായിരുന്നു.
“നഴ്‌സറിയിൽനിന്ന് ചെടിവാങ്ങുമ്പോൾ മൂന്നുകൊല്ലം പഴക്കമുണ്ടായിരുന്നു. ഇപ്പോൾ പത്തുവർഷം കഴിഞ്ഞു. ആ മരംവെട്ടാൻ മനസ്സ് അനുവദിച്ചില്ല.”- കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറയുന്നു. 50,000 ത്തോളം സസ്യങ്ങളും നൂറിലധികം മരങ്ങളും ചിറ്റിലപ്പിള്ളി സ്ക്വയറിലുണ്ട്. വികസനം നമുക്കല്ലെ, അതിനെന്തിനാണ് വൃക്ഷങ്ങളെ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.