എറണാകുളത്ത് പുതിയ റെയിൽവേ ടെർമിനൽ: 267 കോടിയുടെ DPR; 6 പ്ലാറ്റ്ഫോമുകൾ; മൊബിലിറ്റി ഹബ്ബ് കുതിക്കും

#കെ. ഉണ്ണികൃഷ്ണൻ
• പൊന്നുരുന്നിയിലെ മാർഷലിങ് യാർഡ്
• പൊന്നുരുന്നിയിലെ മാർഷലിങ് യാർഡ്

കൊച്ചി: എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനലിന്റെ നിർമാണത്തിനായി റെയിൽവേ വിശദപദ്ധതി രേഖ (ഡി.പി.ആർ.) സമർപ്പിച്ചു. പൊന്നുരുന്നിയിലെ മാർഷലിങ് യാർഡിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ടെർമിനലിന് 267 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം, തിരുവനന്തപുരം ഡിവിഷന് സമർപ്പിച്ച ഡി.പി.ആർ. വൈകാതെ റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് എത്തും. അനുമതിയായാൽ മൂന്നു വർഷത്തിനകം ടെർമിനൽ പ്രവർത്തനസജ്ജമാകും.

പുതിയ ഡി.പി.ആർ. പ്രകാരം ഇവിടെ ആറ് പ്ലാറ്റ്ഫോമുകളാണ് പണിയുന്നത്. നേരത്തെ നാലു പ്ലാറ്റ്ഫോമുകൾ നിർമിക്കാനാണ് ചെലവ് കണക്കാക്കിയിരുന്നത്. പിന്നീട് എണ്ണം കൂട്ടുകയായിരുന്നു.

ഒപ്പം, മൂന്ന് സ്റ്റേബിളിങ് ലൈനുകൾ (യാത്ര കഴിഞ്ഞ് വരുന്ന ട്രെയിനുകൾ നിർത്തിയിടുന്നതിനുള്ള ലൈൻ), മൂന്നു പിറ്റ് ലൈനുകൾ (ബോഗി പരിശോധിക്കാനും വൃത്തിയാക്കാനുമുള്ള പ്രത്യേക ട്രാക്കുകൾ) എന്നിവ ഉണ്ടാകും. വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾക്കുള്ളതാണ് ഇതിൽ രണ്ട് പിറ്റ് ലൈനുകൾ.

കൊച്ചിയിലെ റെയിൽവേ ഗതാഗതത്തിരക്ക് കുറയ്ക്കാൻ മാർഷലിങ് യാർഡിലെ പുതിയ ടെർമിനൽ സഹായകമാകും. നിലവിൽ സൗത്ത് സ്റ്റേഷനിലും ആറു പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. നോർത്തിൽ രണ്ടും.

മൊബിലിറ്റി ഹബ്ബ് കുതിക്കും

നഗരത്തിനോട് ചേർന്നുള്ള പൊന്നുരുന്നി ഭാഗത്ത് റെയിൽവേയ്ക്ക് 110 ഏക്കർ സ്ഥലമുണ്ട്. ഈ സ്ഥലത്താണ് പദ്ധതി വരുന്നത്. ഇപ്പോൾ അവിടെ കോച്ചുകളുടെ അറ്റകുറ്റപ്പണിയും ചരക്കുവണ്ടികളുടെ പരിശോധനയുമാണ് നടക്കുന്നത്.

എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ വികസനപദ്ധതിയുടെ ഭാഗമായുള്ള നിർമാണം നടക്കുന്നുണ്ട്. രണ്ടിടത്തും ഇനി കൂടുതൽ പ്ലാറ്റ്ഫോമുകൾ നിർമിക്കാൻ സ്ഥലമില്ല. എന്നാൽ പൊന്നുരുന്നി യാർഡിൽ ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് 15 പ്ലാറ്റ്ഫോമുകൾ വരെ പണിയാനുള്ള വിശാലമായ സ്ഥലസൗകര്യമുണ്ട്.

എറണാകുളത്തെ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനും, മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കാനും, കേരളത്തിലേക്ക് പുതിയതായി കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കാനും പുതിയ ടെർമിനൽ സഹായിക്കും. മെട്രോ, വാട്ടർ മെട്രോ, വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവയുമായി ബന്ധിപ്പിച്ച് ഇതൊരു മികച്ച ഗതാഗത ഹബ്ബായി മാറും.

Content Highlights: DPR submitted for Rs 267 crore coaching terminal in Ponnurunni., Project includes 6 platforms, 3 stabling lines, and 3 pit lines., Two pit lines dedicated to Vande Bharat train maintenance., Aims to reduce congestion at Ernakulam South and North stations., Strategic location with potential for 15 future platforms.