മയക്കുമരുന്ന് ഉപയോഗം, സംഘർഷം, ശബ്ദ, വെളിച്ച ശല്യം; രാത്രിനീളുന്ന ഡി.ജെ. പാർട്ടികൾ ഭീഷണിയെന്ന് പോലീസ്

കൊച്ചി: നഗരത്തിലെ രാത്രി വൈകിനീളുന്ന ഡി.ജെ. പാർട്ടികൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കൊച്ചി പോലീസ് ഹൈക്കോടതിയിൽ. ഡി.ജെ. പാർട്ടികൾക്ക് രാത്രി 11-നുശേഷം വിലക്കേർപ്പെടുത്തിയത് ചോദ്യംചെയ്യുന്ന ഹർജിയെ എതിർത്താണ് സിറ്റി പോലീസ് കമ്മിഷണർ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തത്. നിയന്ത്രണ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടവന്ത്ര എളംകുളം റാഡിസൺ ബ്ലൂ ഹോട്ടൽ ലൈസൻസി ഉദയംപേരൂർ സ്വദേശി മഹാദേവൻ സമർപ്പിച്ച ഹർജിയിലാണ് പോലീസിന്റെ വിശദീകരണം. ഹർജി പരിഗണിച്ച് ജസ്റ്റിസ് മുരളി പുരുഷോത്തമൻ വിശദവാദത്തിനായി 13-ലേക്ക് മാറ്റി.
പഞ്ചനക്ഷത്ര ഹോട്ടൽ നടത്തുന്ന തങ്ങൾക്ക് പുലർച്ചെ മൂന്നുവരെ മദ്യവിൽപ്പനയ്ക്ക് എക്സൈസ് ലൈസൻസുണ്ടെന്നും അതിനാൽ നിയന്ത്രണം ഏർപ്പെടുത്തരുതെന്നുമാണ് ഹർജിക്കാരുടെ വാദം. ലൈസൻസ് പ്രകാരമുള്ള മദ്യവിൽപ്പനയ്ക്ക് എതിരല്ല, എന്നാൽ ക്രമസമാധ പ്രശ്നങ്ങളുണ്ടായാൽ പോലീസ് നിയമപരമായി ഇടപെടുമെന്ന് പോലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
നേരത്തേ നഗരത്തിലെ വിവിധ ഹോട്ടലുകളിലായി മൂന്ന് ഡി.ജെ. പാർട്ടികൾ ഉണ്ടായിരുന്നതിൽനിന്ന് നിലവിൽ 34 ആയി വർധിച്ചിട്ടുണ്ട്. 1,500 മുതൽ 6,000 രൂപ വരെയാണ് പ്രവേശന ഫീസ്. മേശ ബുക്കുചെയ്യാൻ 20,000 രൂപവരെ ഈടാക്കുന്നുണ്ട്. ഇത്തരത്തിൽ രാത്രി പാർട്ടികൾ നീളുന്നത് വലിയ സുരക്ഷാഭീഷണിയാണ്. അടുത്തിടെ സിറ്റി പോലീസ് 27 കേസുകളാണ് ഇത്തരം പാർട്ടികളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലഹരി ഉപയോഗം, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഐ.ജി. വിളിച്ചുചേർത്ത എക്സൈസ്, കൊച്ചി കോർപ്പറേഷൻ തുടങ്ങിയ വിവിധ വകുപ്പുകളുടെ യോഗം ചേർന്നാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഡി.ജെ പാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗം, സംഘർഷം, അടിപിടി, ശബ്ദ, വെളിച്ച ശല്യം തുടങ്ങിയ പരാതിയിൽ കടവന്ത്ര പോലീസിൽ കേസുകൾ നിലവിലുണ്ട്. ഫർണിച്ചറുകളും മറ്റും തല്ലിത്തകർത്തതിന് ഹോട്ടലുകാർ തന്നെ പരാതി നൽകിയിട്ടുണ്ട്.
നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി റേവ് പാർട്ടികൾ മറ്റു പലയിടത്തും നടക്കുന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ പാർട്ടിക്കുശേഷം ലഹരി ഉപയോഗിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ഒലിവ് ഡൗൺടൗൺ ഹോട്ടലിൽ ലൈംഗികാതിക്രമവും കത്തിക്കുത്ത് കേസുമുണ്ടായി. ഈയിടെ നോർത്ത് ഗോവയിലെ നൈറ്റ് ക്ലബിന് തീപിടിച്ച് 25 പേർ മരിച്ച സംഭവവും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണം കൊണ്ടുവന്നതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
Content Highlights: Kochi Police tells High Court that late-night DJ parties pose severe safety risks, including drug use and violence.