നേവിക്കൊപ്പം ഓടി കൊച്ചി; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കെഎൻഎം 25

കൊച്ചി : ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ദക്ഷിണമേഖല നാവിക കമാൻഡ് സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണിന്റെ (കെഎൻഎം 25) ആറാം പതിപ്പ്. പല പ്രായത്തിലുള്ള 7058 കായികപ്രേമികളാണ് ഇത്തവണ മാരത്തണിൽ പങ്കെടുത്തത്. 21 കിലോമീറ്ററിന്റെ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റൺ, അഞ്ച് കിലോമീറ്ററിന്റെ ഫൺ റൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. ഇതാദ്യമായി 'ഫാമിലി റണ്ണും' നേവി മാരത്തണിലുണ്ടായിരുന്നു. അഞ്ച് കിലോമീറ്റർ ഫൺ റണ്ണിന്റെ ഭാഗമായിട്ട് നടന്ന ഫാമിലി റണ്ണിൽ 12 വയസ്സിന് താഴെ പ്രായമുള്ള പ്രായമുള്ള കുട്ടികളുമായി കുടുംബങ്ങൾ ഓടാനെത്തിയത് മാരത്തണിന്റെ ആവേശം കൂട്ടി.
കാഴ്ച്ചാപ്പരിമിതരായ കുട്ടികളും ഇത്തവണ ആദ്യമായി മാരത്തണിന്റെ ഭാഗമായി. ആലുവ ബ്ലൈൻഡ് സ്കൂളിൽ നിന്ന് 28 കുട്ടികളും നേവി സങ്കൽപ് സ്പെഷ്യൽ സ്കൂളിലെ രണ്ട് കുട്ടികളും മാരത്തണിൽ പങ്കെടുത്തു. നേവിയിൽ നിന്നുള്ള ഗൈഡഡ് വോളന്റിയർമാരുടെ സഹായത്തോടെയാണ് കുട്ടികളിൽ മാരത്തണിൽ ഓടിയത്.
പാലക്കാട് സ്വദേശിയായ അമൽ ആണ് പുരുഷന്മാരുടെ 21 കിലോമീറ്റർ ഹാഫ് മാരത്തണിൽ വിജയി ആയത്. ഹരിയാണ സ്വദേശിയായ സോമ്യയാണ് സ്ത്രീകളുടെ 21 കിലോമീറ്റർ ഹാഫ് മാരത്തണിൽ വിജയിച്ചത്. ഇരുപത്തിയൊന്നായിരം രൂപയും രണ്ട് പേർക്കുള്ള എയർ ഇന്ത്യയുടെ അന്താരാഷ്ട്ര യാത്രയ്ക്കുള്ള ടിക്കറ്റും ഫലകവുമാണ് വിജയിക്ക് ലഭിക്കുക.
വേൾഡ് അത്‌ലറ്റിക്‌സ് മാരത്തൺ റൂട്ടിന് സർട്ടിഫിക്കറ്റ് നൽകിയതോടെ കേരളത്തിലെ ചുരുക്കം ചില അംഗീകൃത മാരത്തണുകളിൽ ഒന്നായി കൊച്ചി നേവി മാരത്തൺ മാറിയിരിക്കുകയാണ്. മാരത്തണിന്റെ മീഡിയ പാർട്ണർ & റെയ്സ് മാനേജ്ഡ് ബൈ മാതൃഭൂമിയാണ്.
Content Highlights: Kochi Navy Marathon 2025 saw record participation with 7058 runners across half marathon, 10k, 5k fun run & family run. Inclusive event!