കൊച്ചി മെട്രോ രണ്ടാംഘട്ടം ജൂണിലില്ല; ഡിസംബർവരെ കാക്കണം

#കെ.പി. പ്രവിത
പ്രതീകാത്മകചിത്രം | ചിത്രം: ബി. മുരളീകൃഷ്ണൻ
പ്രതീകാത്മകചിത്രം | ചിത്രം: ബി. മുരളീകൃഷ്ണൻ

കൊച്ചി: കാക്കനാട്ടേക്കുള്ള കൊച്ചി മെട്രോ പിങ്ക് ലൈനിനായി ഇനിയും കാത്തിരിക്കേണ്ടിവരും. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട് വരെയുള്ള മെട്രോ രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ചു സ്റ്റേഷനുകൾ ഈവർഷം ജൂണിൽ യാഥാർഥ്യമാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാകില്ല. ഇതിനെ തുടർന്ന് ജൂൺ സമയക്രമം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഉപേക്ഷിച്ചു. കലൂർ സ്റ്റേഡിയം-കാക്കനാട് റൂട്ടിലെ മുഴുവൻ നിർമാണവും ഡിസംബറിനകം പൂർത്തിയാക്കി സർവീസ് തുടങ്ങാനാണ് നിലവിലെ നീക്കം.

സ്റ്റേഡിയത്തിൽനിന്ന് പടമുകൾ വരെയുള്ള ഭാഗം ജൂണിലും ശേഷിക്കുന്ന റൂട്ടിൽ ഡിസംബറിലും സർവീസെന്നായിരുന്നു കെഎംആർഎൽ ആദ്യം വ്യക്തമാക്കിയിരുന്നത്. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, സിവിൽ സ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നീ സ്റ്റേഷനുകളാണ് രണ്ടാംഘട്ടത്തിലുള്ളത്. ഇതിൽ വാഴക്കാല, പടമുകൾ സ്റ്റേഷനുകളുടെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളുടെ നിർമാണത്തിന് സ്ഥലം ലഭിച്ചിട്ടില്ല. ആലിൻചുവട് മുതൽ പടമുകൾ വരെയുള്ള ഭാഗത്ത് മെട്രോ മേഖലയിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ് ലൈൻ മാറ്റുന്നതിൽവന്ന കാലതാമസവും നിർമാണത്തിന് തിരിച്ചടിയായി.

11.2 കിലോമീറ്ററാണ് രണ്ടാംഘട്ടത്തിന്റെ നീളം. രണ്ടാംഘട്ടത്തിൽ ആകെ വേണ്ട 2027 പൈലുകളിൽ 1532 പൈലുകൾ പൂർത്തിയായി. 470 തൂണുകളിൽ 195 എണ്ണം പൂർത്തിയായി. 84 തൂണുകളിൽ പിയർക്യാപ്പ് സ്ഥാപിച്ചിട്ടുണ്ട്. ആകെ 340 പിയർക്യാപ്പുണ്ട്. 486 യു ഗർഡറിൽ 60 എണ്ണം സ്ഥാപിച്ചു. കളമശ്ശേരിയിലെ കാസ്റ്റിങ് യാർഡിൽ 169 യു ഗർഡറുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. 546 ഐ ഗർഡറുകൾ വേണ്ടതിൽ 108 എണ്ണത്തിന്റെ നിർമാണം കഴിഞ്ഞു.

Content Highlights: Kochi Metro`s Pink Line to Kakkanad faces delays. Phase 2, initially planned for June completion, now targets December for full service. Construction updates.