കൊച്ചിയിൽ വീണ്ടും രാസലഹരി പിടിച്ചു; അഞ്ചാമത്തെ വലിയ വാണിജ്യ അളവിലുള്ള മയക്കുമരുന്ന് വേട്ട

മരട്: കൊച്ചിയിൽ വീണ്ടും വൻ രാസലഹരി വേട്ട. ഇടുക്കി തൊടുപുഴ സ്വദേശി ദേവജിത് സുനിലാ (26)ണ് പിടിയിലായത്. ബാംഗ്ലൂരിൽനിന്ന് വ്യാഴാഴ്ച്ച രാവിലെ ബസിൽ വൈറ്റിലയിൽ എത്തിയ പ്രതി മരടിലുള്ള ലോഡ്ജിൽ റൂം എടുത്തതായി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി പിടികൂടിയത്.
കൊച്ചിയിലെ പ്രധാനപ്പെട്ട മയക്കുമരുന്ന് കച്ചവടക്കാരുമായി അടുത്ത ബന്ധമുള്ള ആളാണ് പിടിയിലായ ദേവജിത്ത്. ഇതിനുമുമ്പും ബാംഗ്ലൂരിൽനിന്ന് വിൽപ്പനയ്ക്കായി പ്രതി എംഡിഎംഎ എത്തിച്ചിട്ടുണ്ട് എന്ന് പോലീസിനോട് പറഞ്ഞു.
250 കിലോ കഞ്ചാവുമായി ബാംഗ്ലൂരിൽ പിടിയിലായ വിഷ്ണുവുമായി അടുത്ത സൗഹൃദമുള്ള ആളാണ് പിടിയിലായ പ്രതി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.സി.പി മാരായ മോഹിത് റാവത്, അരുൺ പവിത്രൻ എന്നിവരുടെ നിർദ്ദേശാനുസരണം അസി. കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച കോടതിയിൽ ഹാജരാക്കും.
ഈമാസത്തെ അഞ്ചാമത്തെ വലിയ വാണിജ്യ അളവിലുള്ള മയക്കുമരുന്ന് വേട്ടയാണിത്. മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി അറിയിച്ചു.
Content Highlights: Commercial quantity of MDMA seized in Maradu, Kochi., Devajith Sunil (26) from Idukki arrested by DANSAF team., Drugs smuggled from Bangalore via bus and stored in a lodge., Operation conducted under Kochi City Police Commissioner R. Nishanthini's Operation Thoofan., Fifth major drug bust in Kochi for the month.