ദീപ്തി ഇതുവരെ എത്തിയത് മെറിറ്റിലല്ല, വെട്ടിയത് കൂടെനിന്ന അതേ പവർ ഗ്രൂപ്പ്: സിമി റോസ്ബെൽ ജോൺ

കൊച്ചി: തന്നെ പുറത്താക്കാൻ ദീപ്തി മേരി വർഗീസിനോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന അതേ പവർ ഗ്രൂപ്പാണ് ഇപ്പോൾ മേയറാക്കുന്നതിൽ നിന്നും ദീപ്തിയെ വെട്ടിയതെന്ന് മുൻ കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ജോൺ. ദീപ്തി ഇതുവരേയും മെരിറ്റിൽ അല്ല എത്തിയത്. കർമയിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും അതാണ് ഇപ്പോൾ ദീപ്തിക്കും സംഭവിച്ചിരിക്കുന്നതെന്നും അവർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ എറണാകുളത്ത് യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്ന ദീപ്തി മേരി വർഗീസിനെ വെട്ടിയാണ് പാർട്ടി തീരുമാനം വന്നത്. ദീപ്തി മേരി വർഗീസിനെ ഒഴിവാക്കുന്നതിനായി എ ഐ ഗ്രൂപ്പുകൾ ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു. കൊച്ചി മേയർ സ്ഥാനത്തേക്ക് വി കെ മിനി മോളും ഷൈനി മാത്യുവും ടേം വ്യവസ്ഥയിൽ മേയറാകും. പാർട്ടിയുടെ ഉന്നത പദവിയിലിരിക്കുന്നവർക്ക് മുൻഗണന നൽകണമെന്ന നിർദ്ദേശമിരിക്കെ അതും അവഗണിച്ചായിരുന്നു കൊച്ചിയിൽ കോൺഗ്രസ് നീക്കം. ദീപ്തിയെ വെട്ടിയതിനെതിരേ വിമർശനങ്ങൾ ഉയരുമ്പോൾ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ദീപ്തിയും രംഗത്തെത്തി.
'ഇന്ന് പാർട്ടിക്ക് വിധേയ ആണെന്ന് പറയുന്ന ദീപ്തി ഒരുകാലത്ത് പാർട്ടിക്ക് വിധേയ ആയിരുന്നില്ല. കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പിൽ പനമ്പള്ളി നഗറിൽ നിന്ന് താൻ മത്സരിക്കുമ്പോൾ അന്ന് ദീപ്തി തനിക്കെതിരേ വിമത സ്ഥാനാർഥിയായി മത്സരിച്ചു. അന്ന് വി ഡി സതീശൻ പറഞ്ഞിട്ടാണ് തനിക്കെതിരേ മത്സരിക്കുന്നതെന്ന് ദീപ്തി പറഞ്ഞിരുന്നു. ഇന്ന് അതേ സതീശൻ തന്നെയാണ് ദീപ്തിയെ വെട്ടിയത്. പ്രതിപക്ഷ നേതാവും എറണാകുളത്തെ എംഎൽഎമാരും എല്ലാവരും കൂടി ചേർന്ന് കൂട്ടായി ആണ് ദീപ്തിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. പാർട്ടിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്തിട്ടും എനിക്ക് ഒരു കെപിസിസി ഭാരവാഹി ആകാൻ സാധിച്ചില്ല. ഇവർക്കൊക്കെ നിരവധി പദവികൾ കിട്ടിയല്ലോ. ദീപ്തിയെ പാർട്ടി പുറത്താക്കിയിട്ട് മൂന്ന് മാസം കഴിഞ്ഞപ്പോൾ ആൾ ഇന്ത്യാ സെക്രട്ടറി ആവുകയാണ് ചെയ്തത്.-സിമി റോസ്ബെൽ ജോൺ പറഞ്ഞു.
ദീപ്തിയെ കൊണ്ട് നടന്നതും വളർത്തിയവരുമെല്ലാം തന്നെയാണ് ഇപ്പോൾ വെട്ടിയത്. അക്കാലത്ത് എൻ വേണുഗോപാൽ കൊച്ചിയുടെ മേയറാകാതിരിക്കാൻ കുറേ റിബൽ സ്ഥാനാർഥികളെ നിർത്തിയിരുന്നു. അന്ന് ഒരു വോട്ടിനാണ് വേണുഗോപാലിന് മേയറാകാൻ കഴിയാതെ പോയത്. ആ പകയെല്ലാം ഇന്ന് ദീപ്തിക്കെതിരേ വീട്ടിയതാകാനാണ് സാധ്യത.- അവർ പറഞ്ഞു.
ഇവിടുത്തെ പവർ ഗ്രൂപ്പിനെപ്പറ്റി മൂന്ന് പേർ എന്നോട് പരാതി പറഞ്ഞിരുന്നു. അത് തുറന്നു പറയുകയാണ് ഞാൻ ചെയ്തത്. കോൺഗ്രസിലെ ഒരു സ്ത്രീകളെക്കുറിച്ചും ഞാൻ മോശമായി പറഞ്ഞിട്ടില്ല. എനിക്ക് കിട്ടേണ്ട പദവികൾ തട്ടിയെടുക്കുകയും കോൺഗ്രസിൽ മെരിറ്റ് നഷ്ടപ്പെടുകയും ചെയ്തു. എന്റെ പൊതുപ്രവർത്തനം അവസാനിപ്പിച്ച് എന്നോട് വീട്ടിലിരിക്കാൻ പറഞ്ഞത് ചോദ്യം ചെയ്തതോടെയാണ് ഇതേ പവർഗ്രൂപ്പ് തന്നെ അന്ന് എന്നെ പുറത്താക്കിയത്. കെ കരുണാകരന്റെ മകൾക്ക് കോൺഗ്രസ് പാർട്ടിയിൽ ഇരിക്കാൻ ഒരു കസേര പോലും കൊടുത്തിരുന്നില്ല. അവരോട് വീട്ടിൽ പോയിരിക്കാൻ വി ഡി സതീശൻ പറഞ്ഞിട്ടുണ്ട്. രാഹുൽഗാന്ധി വന്നപ്പോൾ പത്മജ വേണുഗോപാലിനെ സ്റ്റേജിൽ കയറ്റില്ല. പത്മജയെ തഴഞ്ഞിട്ട് ദീപ്തിയെ സ്റ്റേജിൽ കയറ്റി ഇരുത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഒരുപാട് അവഗണന പത്മജ അനുഭവിച്ചിട്ടുണ്ട്.
സിനിമയിലേതിന് സമാനമായികോൺഗ്രസ് പാർട്ടിയിലും 'കാസ്റ്റിങ് കൗച്ച്' ഉണ്ടെന്ന ആരോപണം ഉന്നയിച്ചവനിതാ നേതാവ് സിമി റോസ്‌ബെൽ ജോണിനെ കഴിഞ്ഞ വർഷം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ദീപ്തി മേരി വർഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാൻ സതീശൻ തന്നെ ഒതുക്കിയെന്നായിരുന്നു അന്ന് സിമി റോസ്ബെല്ലിന്റെ പ്രധാന ആക്ഷേപം.
Content Highlights: Former Congress leader Simi Rosebell John alleges power groups sidelined Deepthi Mary Varghese from Kochi Mayor post. Details of political maneuvering and past rivalries.