കൊച്ചി വിമാനത്താവളം അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജം; എമര്‍ജന്‍സി മോക്ക് ഡ്രില്‍ വിജയകരം

കൊച്ചി: അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി മോക്ഡ്രില്‍ കൊച്ചി വിമാനത്താവളത്തില്‍ നടത്തി. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് സമ്പൂര്‍ണ മോക്ഡ്രില്‍ നടത്തുന്നത്.
സിയാലിന്റെ മേല്‍നോട്ടത്തില്‍, വിവിധ എയര്‍ലൈനുകള്‍, ദുരന്ത നിവാരണ സേന, ഇന്ത്യന്‍ നേവി, ജില്ലാ ഭരണകൂടം, എയര്‍പോര്‍ട്ട് അതോറിറ്റി, കോസ്റ്റ്ഗാര്‍ഡ്, സിഐഎസ്എഫ്, കേന്ദ്ര കാലാവസ്ഥാ വകുപ്പ്, എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്ഗനൈസേഷന്, ആശുപത്രികള്‍ തുടങ്ങി മുപ്പതോളം ഏജന്‍സികള്‍ മോക്ഡ്രില്ലില്‍ പങ്കെടുത്തു. ഇന്‍ഡിഗോ എയര്‍ലൈനാണ് മോക് ഡ്രില്ലിനായി സിയാലിനൊപ്പം കൈകോര്‍ത്തത്.
എ567, ആല്‍ഫാ എയര്‍ലൈന്‍സ് എന്ന സാങ്കല്പിക വിമാനമാണ് എമര്‍ജന്‍സി മോക്ക് ഡ്രില്ലിന് ഉപയോഗിച്ചത്. ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ 113 പേര് വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനം ടേക് ഓഫ് ചെയ്ത് കഴിഞ്ഞ്, ഉച്ചയ്ക്ക് 2:11ന്, എന്‍ജിനില്‍ തീപിടിത്തമുണ്ടായതായി പൈലറ്റ് ഇന്‍ കമാന്‍ഡ്, എടിസി യെ അറിയിച്ചു. റണ്‍വേയില്‍ വിമാനം ഇറക്കാന്‍ സാധിക്കാതെ സിയാല്‍ ഗോള്‍ഫ് ക്ലബിന് സമീപം വിമാനം തകര്‍ന്നു വീണതായിട്ടാണ് മോക്ക് ഡ്രില്ലില്‍ ചിത്രീകരിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി പ്രഖ്യാപിക്കപ്പെട്ടു. സിയാല്‍ അഗ്നി ശമന രക്ഷാ വിഭാഗം (എആര്‍എഫ്എഫ്) അത്യാധുനിക ഉപകരണങ്ങളുമായി വിമാനത്തിന് അരികിലെത്തി. 'അപകടത്തില്‍' പരിക്കേറ്റവരേയും കൊണ്ട് ഇരുപതോളം ആംബുലന്‍സുകള്‍ കുതിച്ചു.
കമാന്‍ഡന്റ് നാഗേന്ദ്ര ദേവ്രാരിയുടെ നേതൃത്വത്തില്‍ സിഐഎസ്എഫ് സുരക്ഷാ ചുമതല ഏറ്റെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. നിര്‍വഹിച്ചു. കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ എമര്‍ജന്‍സി കണ്ട്രോള് റൂം, അംസംബ്ലി ഏരിയ, സര്‍വൈവേഴ്സ് റിസപ്ഷന് ഏരിയ, മീഡിയ സെന്റര്‍ എന്നിവയും പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ സംഘവും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതില്‍ പങ്കുവഹിച്ചു. മൂന്നരയോടെ രക്ഷാദൗത്യം അവസാനിച്ചതായുള്ള പ്രഖ്യാപനം വന്നു.
'ചൊവ്വാഴ്ച്ച നടന്ന മോക്ക് ഡ്രില്ലിലൂടെ സിയാലിന്റെ സുരക്ഷാ തയ്യാറെടുപ്പുകള്‍ പരീക്ഷിക്കപ്പെടുകയും വിജയം കാണുകയും ചെയ്തു. ഇതിനായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു', സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐഎഎസ് പറഞ്ഞു.
സിയാല്‍ എമര്‍ജന്‍സി ടാസ്ക് ഫോഴ്സ്, കേരള പോലീസ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, കേരള ഫയര്‍ഫോഴ്സ്, ബിപിസിഎല്‍ എന്നീ ഏജന്‍സികള്‍ക്ക് പുറമെ രാജഗിരി, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, ലിറ്റില്‍ ഫ്ളവര്‍ അപ്പോളോ, സി.എ. ഹോസ്പിറ്റല്‍, നജാത് ഹോസ്പിറ്റല്‍, കാരോത്തുകുഴി ഹോസ്പിറ്റല്‍, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവ മോക്ഡ്രില്ലില്‍ പങ്കെടുത്തു.
Content Highlights: kochi airport mock drill