ജീവിക്കാൻപറ്റാതെ സാക്ഷികൾ നാടുവിട്ടു; ഷുക്കൂർ വധത്തിൽ ജയരാജന് തുടക്കംമുതൽ പങ്ക് -കെ.എം. ഷാജി

#ന്യൂസ് ഡെസ്ക്
മന്ത്രി കെ.എം.ഷാജി |ഫോട്ടോ:മാതൃഭൂമി
മന്ത്രി കെ.എം.ഷാജി |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ആശുപത്രിയിൽവെച്ച് ഗൂഢാലോചന നടത്തിയത് കേട്ടു എന്ന പറഞ്ഞ സാക്ഷികളെ പുറകെ നടന്ന് ജയരാജനും ടി.വി. രാജേഷും വേട്ടയാടുകയായിരുന്നെന്ന് മന്ത്രി കെ.എം. ഷാജി.

ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് അവർ നാടുവിട്ടുപോയത്. ജയരാജന്റെയും ടി.വി. രാജേഷിന്റെയും ഗുണ്ടാരാഷ്ട്രീയത്തിന്റെ ഭാഗമായാണ് സാക്ഷിമൊഴി മാറ്റിച്ചതെന്നും കെ.എം. ഷാജി കോഴിക്കോട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എന്നിട്ടും കൃത്യമായി സാക്ഷിപറയാൻ ചിലർ ഉണ്ടായി എന്നതാണ് ഇത്രയുംപേരെ ശിക്ഷിക്കാൻ ഇടയാക്കിയ ഒരു ഘടകമെന്നും മന്ത്രി പറഞ്ഞു.

“ജയരാജൻ ഇന്നും പറഞ്ഞത് ഞങ്ങളുടെ കേന്ദ്രത്തിൽവെച്ച് ഞങ്ങളുടെ ഓഫീസ് ആക്രമിച്ചുയെന്നാണ്. എങ്ങനെയാണ് കുറച്ചാളുകൾ ഉണ്ടെന്ന് കരുതി അവരുടെ കേന്ദ്രമായി മാറുക. തന്റെ വണ്ടി ആക്രമിച്ചുയെന്നും ജയരാജൻ പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന് പറഞ്ഞ് കേസ് കോടതി തള്ളിയതാണ്. ജയരാജനെ, അദ്ദേഹത്തിന്റെ ക്രിമിനൽ പ്രവൃത്തികളെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. തുടക്കംമുതൽ ജയരാജന് ഈ കേസിൽ പങ്കുണ്ട്” -കെ.എം. ഷാജി പറഞ്ഞു.

കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകക്കേസുകളിലും സംഭവിക്കുന്ന ദുരന്തം ഇതിലുണ്ടായില്ല. പക്ഷേ, സാക്ഷികൾ തിരിച്ചറിഞ്ഞ ചില പ്രതികൾ കുറ്റവിമുക്തരായത് ഞങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. പകർപ്പുകിട്ടിയശേഷം തുടർനടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലൻസെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയത് ഞാൻ പറയുന്നത് ശരിയാണെന്നതിനുള്ള അംഗീകാരമാണ്. മീഡിയാമുറികളിൽ ക്രൂരമായ മാനഭംഗത്തിന് ഇരയാക്കപ്പെട്ടയാളാണ് ഞാൻ. ഈ കേസിൽ എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. കേരളത്തിൽ ഏതെങ്കിലും കേസ് ഇ.ഡി. എഴുതിത്തള്ളിയിട്ടുണ്ടെങ്കിൽ അത് കെ.എം. ഷാജിയുടേതാണ്.

പിണറായിയും ബി.ജെ.പി.യും തമ്മിലുള്ള ഡീലിന്റെ ഭാഗമായി എസ്.എഫ്.ഐ.ക്കാരനായ ക്രിമിനൽ സ്വഭാവമുള്ള ഇ.ഡി. ഉദ്യോഗസ്ഥനാണ് എന്നെ വേട്ടയാടിയത്. ചോദിക്കാൻ പാടില്ലാത്ത വൃത്തികെട്ട ചോദ്യങ്ങൾവരെ അദ്ദേഹം ചോദിച്ചു”- കെ.എം. ഷാജി പറഞ്ഞു.

വിധി വരുന്നത് 14 വർഷത്തിനുശേഷം

യൂത്ത് ലീഗ് പ്രവർത്തകൻ പുതിയാറമ്പത്ത് അബ്ദുൽ ഷുക്കൂർ (23) കൊല്ലപ്പെട്ട് 14 വർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്. 2012 ഫെബ്രുവരി 20-നാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എ.യും സഞ്ചരിച്ച വാഹനത്തിനുനേരേ മുസ്‌ലീം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഷുക്കൂറിന്റെ മരണത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്.

കണ്ണപുരം പഞ്ചായത്തിലുൾപ്പെട്ട കീഴറ വള്ളുവൻകടവ് എടോത്ത് വയൽ കൈപ്പാടിനടുത്തെ വയലിലാണ് ഷുക്കൂറിന്റെ മൃതദേഹം കണ്ടെത്തിയത്. ഷുക്കൂറിന് ഒപ്പമുണ്ടായിരുന്ന സക്കരിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

അക്രമികളെക്കണ്ട് ഒരു വീട്ടിൽ കയറിയൊളിച്ച ഷുക്കൂറിനെയും സുഹൃത്തുക്കളെയും വിചാരണ നടത്തി പിടിച്ചുകൊണ്ടുപോയി. വയലിലെത്തിച്ച് വെട്ടിക്കൊലപ്പെടുത്തി. സംഭവം നടക്കുമ്പോൾ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവർ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലുണ്ടായിരുന്നു. ആശുപത്രിമുറിയിൽ വെച്ചാണ് വധഗൂഢാലോചന നടന്നതെന്നുമാണ് പ്രോസിക്യൂഷൻ കേസ്. ഷുക്കൂറിനെ കൊലപ്പെടുത്താൻ ഫോണിൽ നിർദേശിച്ചെന്നും ഇത് തടയാൻ നേതാക്കളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായില്ലെന്നുമാണ് പോലീസ് കുറ്റപത്രത്തിലുണ്ടായിരുന്നത്.