മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര: അഴിമതി ആരോപിച്ച് ലോകായുക്തയിൽ പരാതി നൽകി കെ.എം. ഷാജഹാൻ

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയപ്പോൾ
മുഖ്യമന്ത്രി വി.ഡി. സതീശൻ ചാർട്ടേഡ് വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയപ്പോൾ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും ആരോപിച്ച് ലോകായുക്തയിൽ പരാതി. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കായി പണം ചെലവഴിച്ചിരിക്കുന്നത് ചിപ്‌സൺ എയർവേയ്‌സ് ആണെന്നും സർക്കാരുമായുള്ള ഹെലികോപ്ടർ കരാർ നീട്ടാൻ കാത്തിരിക്കുന്ന കമ്പനിയാണ് ഇതെന്നും പരാതിയിൽ ആരോപിക്കുന്നു.

കരാർ നീട്ടിനൽകുന്നതിനായി സർക്കാരിന് അപേക്ഷ സമർപ്പിച്ച് അനുകൂല നിലപാടിനായി ചിപ്‌സൺ കാത്തിരിക്കുന്ന ഘട്ടത്തിലാണ് കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി ഇത്തരം ഒരു ആനുകൂല്യം കൈപ്പറ്റിയതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിലൂടെ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും നടന്നിട്ടുണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം.

വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരവും ലോകായുക്ത ആക്ട് പ്രകാരവും അന്വേഷണത്തിനുള്ള സാധ്യതകളും പശ്ചാത്തലവുമുണ്ടെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ ലോകായുക്ത ആക്ട് അനുസരിച്ച് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണ് കെ.എം. ഷാജഹാന്റെ ആവശ്യം. ഇടപാടിൽ പ്രാഥമികമായി തന്നെ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു.

മുഖ്യമന്ത്രി നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ ഇൻവോയ്‌സും ചിപ്‌സൺ എയർവേയ്‌സുമായി സർക്കാർ നടത്തിയ ഹെലികോപ്റ്റർ കരാറിന്റെയും അതിന്റെ അനുബന്ധ നടപടികളുടെയും മുഴുവൻ രേഖകളും ലോകായുക്ത വിളിച്ചുവരുത്തി അന്വേഷണം നടത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

Content Highlights: Activist KM Shajahan filed a complaint with the Lokayukta alleging corruption, nepotism, and abuse of power against Chief Minister VD Satheesan concerning his chartered flight trip funded by Chipson Airways.