‘ജില്ലാ സെക്രട്ടറി കനിഞ്ഞുനൽകുന്ന അംഗത്വം വേണ്ടാ’; സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് കെ.കെ.ശിവരാമൻ

കെ.കെ.ശിവരാമന്‍ |ഫോട്ടോ:മാതൃഭൂമി
കെ.കെ.ശിവരാമന്‍ |ഫോട്ടോ:മാതൃഭൂമി

തൊടുപുഴ: സി.പി.ഐ. മുൻ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ സജീവ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചു. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ചില നടപടികൾക്കെതിരേ നിലപാടെടുത്ത കെ.കെ.ശിവരാമനെ, കഴിഞ്ഞദിവസം ജില്ലാ കമ്മിറ്റി ചേർന്ന്, തിരഞ്ഞെടുത്ത പാർട്ടി നേതൃസ്ഥാനങ്ങളിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, 56 വർഷം തുടർന്ന രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.

നടപടി എടുത്തെങ്കിലും കെ.കെ.ശിവരാമന് പാർട്ടി അംഗത്വം പുതുക്കാമെന്ന് ജില്ലാ സെക്രട്ടറി കെ.സലിംകുമാറിന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. എന്നാൽ, ജില്ലാ സെക്രട്ടറി കനിഞ്ഞുനൽകുന്ന പാർട്ടി അംഗത്വം തനിക്ക് ആവശ്യമില്ലെന്നും കെ.കെ.ശിവരാമൻ പ്രതികരിച്ചു. ജില്ലാ സെക്രട്ടറിക്കെതിരേ രൂക്ഷവിമർശനവും ഉന്നയിച്ചു.

പാർട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കുന്ന പ്രസ്താവന താൻ നടത്തിയെന്ന ആരോപണം തെറ്റാണെന്നും ശിവരാമൻ പറഞ്ഞു. പാർട്ടിയും താനുമായി ഒരു പ്രശ്‌നവുമില്ല. 56 കൊല്ലം താൻ പ്രവർത്തിച്ചു. അത് ഇപ്പോഴും തന്റെ പാർട്ടിയാണ്.

ജില്ലാ സെക്രട്ടറിയും കുറച്ച് സ്തുതിപാഠകരും ചേർന്ന്, കൂറുള്ള നേതാക്കൻമാരെ മാറ്റിനിർത്തി. പലരും രാജിവെച്ചുപോയി. അദ്ദേഹവും ഏതാനും ശിങ്കിടികളും പാർട്ടിയെ തകർത്തു. അതിനോട് യോജിക്കാൻ കഴിയില്ല. ചൊക്രമുടി ഭൂമികൈയേറ്റത്തിൽ സകലമാന നേതാക്കളും പാർട്ടിയെ കുറ്റപ്പെടുത്തിയപ്പോൾ അത് പ്രതിരോധിക്കാൻ യാതൊന്നും ചെയ്തില്ല. ഇതിൽ ദുരൂഹതയുണ്ട്. കാൻഡിഡേറ്റ് മെമ്പർഷിപ്പ് കിട്ടുന്നതിനുമുമ്പ് നേതാവായ ആളാണ് അദ്ദേഹം. മൂക്കാതെ പഴുത്തതിന്റെ പ്രശ്‌നമുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റുപോലും കിട്ടിയില്ല. അത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ താനാണ് കുറ്റവാളി എന്ന് പറഞ്ഞ് കമ്മിറ്റിയിൽ പരസ്യമായി ആക്ഷേപിച്ചു.

തുടർന്നാണ് സജീവരാഷ്ട്രീയം ഉപേക്ഷിച്ച് സാധാരണ പ്രവർത്തകനാകാൻ തീരുമാനിച്ചത്. ഒടുവിൽ സംസ്ഥാന സെക്രട്ടറി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് കെ.സലിംകുമാറിനൊപ്പം ഇരുത്തി ചർച്ച നടത്തി. ശിവരാമനെ മാറ്റി നിർത്തരുതെന്നും ഒന്നിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം നിർദേശിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിൽ ഒരു ബൂത്തിന്റെ പോലും ചുമതല തന്നില്ല.

പീരുമേട്ടിലെ സ്ഥാനാർഥി നിർണയം പാളിപ്പോയെന്ന്, ഫലം വന്നശേഷം താൻ പറഞ്ഞതാണ് അടുത്തകുറ്റം. പരാജയത്തിന്റെ പ്രധാന കാരണം സ്ഥാനാർഥി തന്നെയാണ്. പാർട്ടി സെക്രട്ടറിയായതുകൊണ്ട് സാധാരണ ജനങ്ങളോട് ബന്ധമുണ്ടാകണമെന്നില്ല. ആ വിമർശനം വ്യക്തിപരമല്ല. പ്രശ്‌നത്തിൽ പുനർവായന നടത്തിയാൽ പാർട്ടിക്ക് നല്ലത്. ജില്ലയിലെ പാർട്ടിയെ ഒരാൾക്ക് ചവിട്ടിമെതിക്കാൻ വിട്ടുകൊടുക്കാൻ പാടില്ലല്ലോ. ഇന്നല്ലെങ്കിൽ നാളെ അവർ ഗൗരവമായി ഇടപെടുമെന്നാണ് കരുതുന്നത് -കെ.കെ.ശിവരാമൻ പറയുന്നു.

Content Highlights: Former CPI Idukki Secretary KK Sivaraman retires from active politics after leadership disputes.