‘മുസ്ലിംപേരുള്ള CPMകാരെ കാണുമ്പോൾ വെള്ളാപ്പള്ളിക്ക് കലിയുണരും, പദ്മരാജന്റെ ജാമ്യം സർക്കാർ ഒത്തുകളി’

കണ്ണൂർ: വെള്ളാപ്പള്ളി നടേശന്റെ കടുത്ത മുസ്ലിം വിരോധമാണ് സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീറിനെപ്പറ്റി മോശം പരാമർശം നടത്തിയതിന്റെ അടിസ്ഥാനമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു. മുസ്ലിം നാമധാരികളായ സി.പി.എം. നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിയുടെ കലി കൂടുതൽ ഉണരുകയാണ്. പാർട്ടിയിൽ തികച്ചും മതേതരമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തിൽ ആക്രമിക്കുന്നത് നീചമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തൽ പാർട്ടി ജനാധിപത്യപരമായി നടത്തി അനുഭാവികളെയടക്കം അറിയിച്ചതാണ്. പാർട്ടി നേതാക്കൾക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾക്കെതിരേ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പാലത്തായി കേസ്: പദ്മരാജന് ജാമ്യം ലഭിച്ചത് ഒത്തുകളി-സി.പി.എം.
പാലത്തായിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി. നേതാവായ അധ്യാപകൻ പദ്മരാജന് ജാമ്യം ലഭിച്ചത് യു.ഡി.എഫ്. സർക്കാറിന്റെ ഒത്തുകളിയുടെ ഭാഗമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പോലീസ് കുറ്റമറ്റ രീതിയിൽ അന്വേഷിച്ചതിനാൽ പ്രതിക്ക് കടുത്ത ശിക്ഷതന്നെ കോടതി നൽകിയതായിരുന്നു.
യു.ഡി.എഫ്. സർക്കാർ അധികാരമേറ്റ് മാസങ്ങൾക്കുള്ളിലാണ് പ്രതിക്ക് പ്രോസിക്യുഷന്റെ ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചിരിക്കുന്നത്. ആർ.എസ്.എസ്. നയം പിന്തുടരുന്ന സർക്കാർ ഇടപെടലില്ലാതെ പ്രൊസിക്യൂഷൻ ഇത്രയും പ്രമാദമായ കേസിനെ ലാഘവബുദ്ധിയോടെ സമീപിക്കില്ല.
പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്വ ത്തിൽനിന്ന് മുഖ്യമന്ത്രിക്കും സർക്കാറിനും ഒഴിഞ്ഞുമാറാനാകില്ല-അദ്ദേഹം പറഞ്ഞു.