കാഫിർ വിവാദം: ഇടതുപക്ഷത്തെ ആർക്കും പങ്കില്ല, റിബേഷ് പറയാത്തതിന് കാരണമുണ്ടാകും- കെ.കെ ലതിക

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടതുപക്ഷത്തെ ഒരാൾക്കും പങ്കുണ്ടാവില്ലെന്ന് മുൻ എം.എൽ.എ കെ.കെ. ലതിക. മുഖ്യമന്ത്രിയും എം.വി. ഗോവിന്ദനും പറഞ്ഞതിലപ്പുറമൊന്നും പറയാനില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഒരുതരത്തിലുള്ള വർഗീയ പ്രചാരണം ഉണ്ടാകരുതെന്ന് നിർദേശമുണ്ടായിരുന്നുവെന്നും ലതിക മാധ്യമങ്ങളോട് പറഞ്ഞു.
എവിടെ നിന്നാണ് സ്‌ക്രീൻഷോട്ട് ലഭിച്ചതെന്ന് റിബേഷ് പറയാത്തതിന് കാരണമുണ്ടാകും. റിബേഷിന് മാത്രമല്ല, ഇടതുപക്ഷത്തെ ഒരാൾക്കും ഇതിൽ പങ്കുണ്ടാവില്ല. ഈ തിരഞ്ഞെടുപ്പിന്റെ ആദ്യാവസാനം വിജയപരാജയങ്ങൾക്കപ്പുറത്തേക്ക് തങ്ങളുടെ മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് വലിയ രൂപത്തിലുള്ള ഇടപെടലാണ് പാർട്ടി നടത്തുന്നത്. വര്‍ഗീയതയുടെ ഒരംശംപോലുമുണ്ടാകരുതെന്ന് നിർദേശമുണ്ടായിരുന്നു.
'ഇങ്ങനെയുള്ള ഒരു കാര്യം പ്രചരിപ്പിക്കാന്‍ പാടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നമ്മള്‍ ഇവിടെ ജീവിക്കേണ്ടവരല്ലേ എന്നാണ് പ്രചരിപ്പിച്ചത്. ഇത് എം.വി. ഗോവിന്ദനും പറഞ്ഞു. ഇങ്ങനെയൊന്ന് പ്രചരിപ്പിക്കരുത് എന്ന് പറയുന്നത് തെറ്റാണോ. ആ നാട്ടിൽ നടന്ന പ്രചരണം എന്താണെന്ന് അറിയാവുന്ന വ്യക്തിയാണ് ഞാൻ. അന്വേഷണം പുരോഗിമക്കട്ടെ', കെ.കെ. ലതിക പറഞ്ഞു.
Content Highlights: Former MLA K.K. Lathika says no one from the Left is involved in matter related to Kafir screenshot