'വസ്തുതകൾ മറച്ചുവച്ചു'; കെ‌.കെ ലതികയുടെ ഹർജയിൽ എം.എ. വഹിദിനും സർക്കാരിനും സുപ്രീംകോടതി നോട്ടീസ്

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
കെകെ ലതിക, എം.എ വാഹിദ്
കെകെ ലതിക, എം.എ വാഹിദ്

ന്യൂഡൽഹി: 2015 ൽ നിയമസഭയിൽ നടന്ന കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ എം.എൽ.എ എം എ വാഹിദിനെതിരായ കേസ് റദ്ദാക്കിയത് ചോദ്യം ചെയ്ത് മുൻ സി.പി.എം എം.എൽ.എ കെ.കെ ലതിക ഫയൽ ചെയ്ത ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. വാഹിദിനും സംസ്ഥാന സർക്കാരിനുമാണ്  ജസ്റ്റിസ്മാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. വസ്തുതകൾ ഹൈക്കോടതിയിൽ നിന്ന് മറച്ചുവച്ചാണ് വാഹിദ് കേസ് റദ്ദാക്കിപ്പിച്ചതെന്ന് ആരോപിച്ചായിരുന്നു ലതികയുടെ ഹർജി.

2015 മാർച്ച് 13ന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രി കെ എം മാണി എത്തിയപ്പോൾ ഉണ്ടായ കൈയാങ്കളിയിൽ എം എ വഹിദ് തന്നെ അക്രമിച്ചുവെന്നാണ് ലതികയുടെ പരാതി. വനിത എം.എൽ.എമാരുടെ സമീപത്തേക്ക് പോകുകയായിരുന്ന തന്നെ വഹിദ് തടയുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിക്കുകയും ചെയ്‌തെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ലതിക ആരോപിച്ചു. എന്നാൽ, ഇത് വകവയ്ക്കാതെ മുന്നോട്ടുപോയ തന്നെ തള്ളി താഴെയിട്ടുവെന്നും ലതിക പരാതിയിൽ പറഞ്ഞു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മുമ്പാകെ ഫയൽ ചെയ്ത കേസ് കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ലതിക നൽകിയ മൊഴിയുടെ പല ഭാഗങ്ങളും മറച്ചുവച്ചാണ് വഹീദ് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചതെന്ന് അവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശൻ വാദിച്ചു. തുടർന്നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കെ കെ ലതികയ്ക്ക് വേണ്ടി അഭിഭാഷകൻ പിഎസ് സുധീറും സുപ്രീം കോടതിയിൽ ഹാജരായി.

Content Highlights: KK lalitha against former MLA MA vaheed at supreme court