കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണം; കെ.എം. ഷാജഹാന്റെ വീട്ടില്‍ റെയ്ഡ്

തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ കെ.എം. ഷാജഹാന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ്. എറണാകുളം റൂറല്‍ സൈബര്‍ ടീമിനൊപ്പം പരവൂര്‍ പോലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തുന്നത്. ഷാജഹാന്റെ തിരുവനന്തപുരം ഉള്ളൂരിലുള്ള വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.
കെ.ജെ. ഷൈനിനെതിരെയും വൈപ്പിന്‍ എംഎല്‍എ ഉണ്ണികൃഷ്ണനെതിരെയുമാണ് വലിയ തോതിലുള്ള സൈബര്‍ ആക്രമണം നടന്നത്. ഇതിനെതിരെ പോലീസിന് നല്‍കിയ പരാതികളില്‍ പ്രധാനപ്രതികളിൽ ഒരാളായി ഷൈനും ഉണ്ണികൃഷ്ണനും ചൂണ്ടിക്കാട്ടിയിരുന്നത് കെ.എം. ഷാജഹാനെയായിരുന്നു. വി.എസ്. അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് ഷാജഹാന്‍.
ഷാജഹാന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വിവരങ്ങള്‍ പങ്കുവെച്ചു എന്ന് കാണിച്ചാണ് ഷൈനും ഉണ്ണികൃഷ്ണനും പരാതി നല്‍കിയത്. ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുക, കേസുമായി ബന്ധപ്പെട്ട രേഖകള്‍ എന്തെങ്കിലും വീട്ടില്‍ ഉണ്ടോ എന്ന് പരിശോധിക്കുക എന്നിവയാണ് റെയ്ഡിനെത്തിയ സംഘത്തിന്റെ ലക്ഷ്യം. നിലവില്‍ ഷാജഹാന്‍ വീട്ടിലില്ല. റെയ്ഡിന്റെ വിവരമറിഞ്ഞ് മാറിയതാണെന്നാണ് വിവരം.
ഷാജഹാന്റെ വീട്ടിൽനിന്നും ഒരു മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. റെയ്ഡ് തുടരുകയാണ്. പരാതി ലഭിച്ചതിന് ശേഷം പോലീസിന്റെ ഭാഗത്തുനിന്നും ഊര്‍ജിതമായ അന്വേഷണമാണ് നടന്നുവരുന്നത്. കേസിലെ ഒന്നാം പ്രതിയും പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ഗോപാലകൃഷ്ണന്റെ വീട്ടിലും പോലീസ് സംഘം ഇന്ന് രാവിലെ പരിശോധന നടത്തിയിരുന്നു.
Content Highlights: police raid at km shajahans home at thiruvananthapuram in kj shine cyber crime case