30 അടിയുള്ള കിണറ്റിൽ 5 നാൾ; ഉയിർത്തെഴുന്നേറ്റ് ‘ചിരഞ്ജീവി’, ജീവൻ പണയംവെച്ച് രക്ഷകനായത് ലിജോ

ലിജോ കാച്ചേരി പൂച്ചക്കുട്ടിയെ രക്ഷിച്ച ശേഷം: കിണറിനുള്ളിൽനിന്നുള്ള ദൃശ്യം, • രക്ഷപ്പെട്ട പൂച്ചക്കുട്ടി
ലിജോ കാച്ചേരി പൂച്ചക്കുട്ടിയെ രക്ഷിച്ച ശേഷം: കിണറിനുള്ളിൽനിന്നുള്ള ദൃശ്യം, • രക്ഷപ്പെട്ട പൂച്ചക്കുട്ടി

തൃശ്ശൂർ: 30-അടി താഴ്ചയുള്ള കിണറ്റിനുള്ളിലെ പൊത്തിൽക്കുടുങ്ങിയ പൂച്ചക്കുട്ടി രക്ഷയ്ക്കായി കരഞ്ഞത് അഞ്ചുദിവസം. രക്ഷാപ്രവർത്തനവുമായി പലരും കിണറ്റിലിറങ്ങിയെങ്കിലും പൂച്ചയെ കാണാൻകഴിയാതെ പിൻവാങ്ങി. റെസ്‌ക്യൂവർ ആയ ലിജോ കാച്ചേരിയും കിണറ്റിലിറങ്ങിയെങ്കിലും രക്ഷിക്കാനാകാതെ മടങ്ങേണ്ടിവന്നു. എന്നാൽ, പൂച്ചക്കുട്ടിയുടെ കരച്ചിലോർത്ത് ഉറക്കംവന്നില്ല. അഞ്ചാംദിവസം ലിജു വീണ്ടും കിണറ്റിലിറങ്ങി. ഇടിയുന്ന പൊത്തിലിരുന്ന പൂച്ചക്കുട്ടിയെ നാലു മണിക്കൂർ ജീവൻ പണയം വെച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷിച്ചു.എട്ടടി നീളത്തിൽ കമ്പിപ്പാര ഉപയോഗിച്ച് തുരന്നായിരുന്നു രക്ഷാപ്രവർത്തനം.

നാലു മാസം പ്രായമുള്ള പൂച്ചക്കുഞ്ഞിന്റെ കൂടപ്പിറപ്പുകളെ തെരുവുനായകൾ കൊന്നു. രണ്ടുതവണ തെരുവുനായ്ക്കളിൽനിന്നും രക്ഷപ്പെട്ട പൂച്ചക്കുട്ടിയെ വീട്ടുകാർ ചിരഞ്ജീവി എന്നാണ് വിളിക്കാറ്. മൂന്നാംതവണയും ജീവൻ തിരിച്ചുകിട്ടിയ 'ചിരഞ്ജീവി' ഇപ്പോൾ പൂർണ ആരോഗ്യവതി. ചിയ്യാരം ബിസ്‌കറ്റുകമ്പനിക്കു സമീപം പേരാത്ത് ജയപ്രകാശിന്റെ വീട്ടുകിണറ്റിലാണ് പൂച്ച വീണത്. ഇവിടെ വാടകയ്ക്കുതാമസിക്കുന്ന കാഞ്ഞിരത്തിങ്കൽ സുഗന്ധിയാണ് പൂച്ചയെ വളർത്തുന്നത്.

'സെപ്റ്റിക്ടാങ്കിൽനിന്ന് കിണറ്റിലേക്ക് മാലിന്യം എത്തുന്നതുമൂലം കിണറിലെ വെള്ളം വർഷങ്ങളായി ഉപയോഗിക്കാറില്ല. ഓക്‌സിജൻ കിട്ടാത്തതിനാൽ മറ്റ് രക്ഷാപ്രവർത്തകർ കിണറിൽ അധികസമയം ചെലവഴിച്ച് പൊത്ത് തുരക്കാൻ ധൈര്യപ്പെട്ടില്ല. ''ശ്വാസം കിട്ടാതെ ലിജോ ഇടക്കിടെ പുറത്തുകടന്ന് പ്രയാസപ്പെടുന്നതു കണ്ടപ്പോൾ വിഷമവും ഭയവും തോന്നി. യാതൊരു പ്രതിഫലവുമില്ലാതെയാണ് ലിജോ കഠിനപ്രയത്‌നം നടത്തിയത്''-സുഗന്ധി പറഞ്ഞു. ''കിണറിനു പുറത്തെത്തിയപ്പോൾ അമ്മപ്പൂച്ച കുഞ്ഞിന്റെ അടുത്തേക്ക് ഓടിയെത്തി കൂട്ടിക്കൊണ്ടുപോകുന്ന മനോഹര കാഴ്ച. ഇനി എനിക്ക് സുഖമായി ഉറങ്ങാം''-ലിജോ കാച്ചേരി പറഞ്ഞു.

Content Highlights: A 4-month-old kitten named Chiranjeevi survived 5 days in a 30ft deep well., Rescuer Lijo Kachery performed a high-risk operation involving tunnel excavation., The rescue was conducted despite hazardous conditions and lack of oxygen in the well., The kitten, previously attacked by stray dogs, is now safe and reunited with its mother.