മസാല ബോണ്ട് ധനവിനിയോഗം; മുഖ്യമന്ത്രിക്കും മുൻ ധനകാര്യമന്ത്രിക്കും ബന്ധമില്ലെന്ന് കിഫ്ബി രേഖ

#ടി.ജെ. ശ്രീജിത്ത്
തോമസ് ഐസക്ക്, പിണറായി വിജയന്‍| Photo: Mathrubhumi
തോമസ് ഐസക്ക്, പിണറായി വിജയന്‍| Photo: Mathrubhumi

കൊച്ചി: മസാലബോണ്ട് കേസിൽ ഫെമ ലംഘനം ആരോപിച്ച് ഇ.ഡി. അജുഡിക്കേറ്റിങ് അതോറിറ്റി മുഖ്യമന്ത്രിക്കും മുൻ ധനകാര്യമന്ത്രിക്കും നോട്ടീസ് നൽകിയിരിക്കെ, ഇരുവർക്കും ധനവിനിയോഗത്തിൽ നേരിട്ട് ബന്ധമില്ലെന്ന് കിഫ്ബി രേഖ. ബോണ്ടിലൂടെ ലഭിച്ച ഫണ്ട് ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്നതാണ് ഫെമ ചട്ടലംഘനമായി ഇ.ഡി. ആരോപിക്കുന്നത്.

എന്നാൽ, കിഫ്ബി ഗവേണിങ് ബോഡി ചെയർമാനായ മുഖ്യമന്ത്രിയും വൈസ് ചെയർമാനായ ധനമന്ത്രിയും പദ്ധതികൾ അംഗീകരിക്കുകമാത്രമാണ് ചെയ്യുന്നതെന്നും ഫണ്ട് വിനിയോഗത്തിൽ തീരുമാനമെടുക്കുന്നത് കിഫ്ബി സിഇഒ ആണെന്നും രേഖ വ്യക്തമാക്കുന്നു.

ഇ.ഡി.ക്കെതിരേയുള്ള ഹൈക്കോടതിയിലെ കേസിൽ കിഫ്ബി നൽകിയ സത്യവാങ്മൂലത്തിലാണ് ഇതുസംബന്ധിച്ച വിശദാംശം. ഇ.ഡി. നോട്ടീസിന് നൽകുന്ന മറുപടിയിലും ഇതേ നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക.

ധനമന്ത്രി കിഫ്ബി എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ ചെയർമാനുമാണ്. കോടി രൂപ വരെയുള്ള പദ്ധതികൾക്ക് അംഗീകാരം നൽകുന്നത് എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ്. 100 കോടി രൂപയ്ക്കു മുകളിലുള്ള എല്ലാ പദ്ധതികൾക്കും ഗവേണിങ് ബോഡിയുടെ അനുമതി വേണം. അനുമതി ലഭിച്ചുകഴിഞ്ഞാൽ ഫണ്ട് ഉൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമെടുത്ത് നടപ്പാക്കുന്നതിനുള്ള ചുമതല സിഇഒക്കാണ്.

മസാലബോണ്ടിലൂടെ ലഭിച്ച ഫണ്ട് ഉപയോഗപ്പെടുത്തിയിട്ടുള്ള എല്ലാ പദ്ധതികളുടെയും ചെലവ് സംബന്ധിച്ച പ്രതിമാസ റിപ്പോർട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)ക്ക് നൽകുന്നുണ്ട്. ഫണ്ട് വിനിയോഗം ആർബിഐ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നോ ഫെമ ചട്ടലംഘനമാണെന്നോ ഇതുവരെ ആർബിഐ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കിഫ്ബി പറയുന്നു.

മസാലബോണ്ട് അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. നൽകിയ സമൻസുകളുടെ അടിസ്ഥാനത്തിൽ കിഫ്ബി ഉദ്യോഗസ്ഥർ 2021 ഫെബ്രുവരി 17, 24, ഡിസംബർ 15, 2022 ജൂലായ് 19 എന്നീ തീയതികളിലാണ് കിഫ്ബി മസാലബോണ്ട് ധനവിനിയോഗം സംബന്ധിച്ച രേഖ കൈമാറിയത്. ഈ രേഖകൾ പരിശോധിച്ചശേഷമാണ് ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട് ഫെമ ചട്ടങ്ങളുടെ ലംഘനം നടന്നെന്ന് ഇ.ഡി. കണ്ടെത്തിയത്.

കിഫ്ബി ഗവേണിങ് ബോഡി വൈസ് ചെയർമാൻ, എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിന് മസാലബോണ്ട് ധനവിനിയോഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പ്രധാന പങ്കുണ്ടെന്ന് ഇ.ഡി. നേരത്തേ ആരോപിച്ചിട്ടുണ്ട്. കിഫ്ബി ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിക്ക് നേരെയും സമാന ആരോപണം ഉന്നയിക്കുകയാണ് അന്വേഷണസംഘം ഇപ്പോൾ.

Content Highlights: KIIFB documents state CM & former FM had no direct role in Masala Bond fund utilization, refuting ED allegations of FEMA violations for land purchase. Learn more.