സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഒരുമണി വരെ ആക്കണം- ഖാദര്‍ കമ്മിറ്റി ശുപാര്‍ശ

#ഫെലിക്‌സ് | മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിന് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ. സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്കു ശേഷം ഒരു മണിവരെ ആക്കണമെന്നാണ് ശുപാര്‍ശ. അധ്യാപകരാകാന്‍ അഞ്ചുവര്‍ഷത്തെ സംയോജിത കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നും ശുപാര്‍ശയുണ്ട്.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗമാണ് ഇന്ന് വിദ്യാഭ്യാസവകുപ്പിന് മുന്നില്‍ സമര്‍പ്പിച്ചത്. പ്രധാന ശുപാര്‍ശകളിലൊന്ന് സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ടതാണ്. സ്‌കൂള്‍ സമയം രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്കു ശേഷം ഒരുമണി വരെ ആക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. കുട്ടികള്‍ക്ക് രാവിലെ ആയിരിക്കും പഠിക്കാന്‍ നല്ല സമയമെന്നും ഉച്ചയ്ക്കു ശേഷം കായികപഠനം ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളിലേക്ക് കടക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. 

നിലവില്‍ ടി.ടി.സി., ബി.എഡ്. യോഗ്യതയുള്ളവരാണ് അധ്യാപകരാകുന്നത്. അതിന് പകരം അഞ്ചുവര്‍ഷത്തെ സംയോജിത കോഴ്‌സ് പഠിച്ചവരെ അധ്യാപകരാക്കണമെന്നും കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു. ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ ഇത് നടപ്പിലാവുകയുള്ളൂ. ദേശീയവിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഖാദര്‍ കമ്മിറ്റി 2017-ല്‍ രൂപവത്കരിച്ചത്. കമ്മിറ്റിയുടെ ആദ്യ റിപ്പോര്‍ട്ട് 2019-ല്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.

Content Highlights: khader committee recommends change in school time