സംസ്ഥാനത്തെ ചെറുകിട - ഇടത്തരം സംരംഭകർക്ക് പ്രതീക്ഷ; 100 കോടി രൂപവരെ സഹായം, കെ.എഫ്.സിക്ക് അനുമതി

പാലക്കാട്: വ്യവസായ സംരംഭങ്ങളുടെ വികസനത്തിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) വഴി 100 കോടി രൂപവരെ സാമ്പത്തികസഹായം നൽകാൻ അനുമതി. സംസ്ഥാനത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ (എം.എസ്.എം.ഇ.) എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് വായ്പാപരിധി ഉയർത്തിയത്. നിലവിലുള്ള 50കോടി പരിധി അപര്യാപ്തമാണെന്ന വിലയിരുത്തലിലാണ് നടപടി.
വായ്പാതോത് ഉയർത്തിയതോടെ കഞ്ചിക്കോട് വ്യവസായ മേഖലയിലടക്കം വ്യാപകമായിക്കൊണ്ടിരിക്കുന്ന എം.എസ്.എം.ഇ, സംരംഭങ്ങൾക്ക് കെ.എഫ്.സി. വഴി ഫണ്ട്ലഭ്യത ഉറപ്പാക്കാനാവും.
എം.എസ്.എം.ഇ.ക്ക് പുറമേ മറ്റ് വ്യവസായസ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (പി.എസ്.യു.) എന്നിവയ്ക്കായി സർക്കാർ നൽകുന്ന സാമ്പത്തിക പിന്തുണയുടെയും ഏജൻസി (ഇടനിലക്കാർ) ആയി കെ.എഫ്.സി.യെ ചുമതലപ്പെടുത്തിയതായി വ്യവസായവകുപ്പ് അധികൃതർ പറഞ്ഞു. 2028 ഫെബ്രുവരി വരെയാണ് ഇതിനുള്ള കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ നീട്ടിനൽകും. പുതിയ സംരംഭകർക്കുപുറമേ വ്യവസായം വിപുലീകരിക്കാൻ ലക്ഷ്യമിടുന്നവർക്കും സാമ്പത്തികസഹായം ലഭിക്കും.
കെ.എഫ്.സി. സ്വന്തംനിലയിലാണ് വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ വായ്പാനിധി കണ്ടെത്തേണ്ടത്. 50കോടി രൂപയാണ് കഴിഞ്ഞ രണ്ടുവർഷത്തേക്കുള്ള വിഹിതം നിശ്ചയിച്ചിരുന്നത്. ഇത് 100 കോടിയായി ഉയർത്തുന്നതിനുള്ള ഫണ്ട്‌സമാഹരണ നടപടികളുമായി കെ.എഫ്.സി.ക്ക് മുന്നോട്ടുപോകാം.
2.18 ലക്ഷം
കഴിഞ്ഞ മൂന്നുവർഷത്തിനിടെ സംസ്ഥാനത്ത് എം.എസ്.എം.ഇ. സംരംഭങ്ങളുടെ എണ്ണം കുത്തനെ ഉയർന്നു. രജിസ്റ്റർ ചെയ്ത സംരംഭങ്ങൾ 2.18 ലക്ഷമാണ്. ഇതിൽ 70 ശതമാനത്തിലേറെയും സജീവമായി പ്രവർത്തന രംഗത്തുള്ളവയാണ്
Content Highlights: KFC loan limit increased from Rs 50 crore to Rs 100 crore for MSMEs and industries., Aims to support the surge of 2.18 lakh registered MSMEs in Kerala., Assistance available for new entrepreneurs and business expansion until February 2028., KFC will self-mobilize the required funds for the increased loan corpus.