ഓരോ ബൂത്തിലും പോൾചെയ്യാത്തത് 200-250 വോട്ടുകൾ; മലയോര മേഖലയിൽ ചർച്ചയായി യുവതലമുറയുടെ 'നാടുവിടൽ'

കൂരാച്ചുണ്ട്(കോഴിക്കോട്): ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും മലയോര മേഖലയിൽ പോളിങ് ശതമാനം ഉയരാത്തതിന്റെ കാരണം തേടിയുള്ള ചർച്ചകൾ നടക്കാറുണ്ട്. ഒടുവിൽ ഉത്തരത്തിലെത്തും: 'യുവതലമുറയുടെ നാട് വിടൽ'. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ പതിനഞ്ച് ബൂത്തുകളിലും ശരാശരി 200-250 വോട്ടുകൾ പോൾ ചെയ്യാത്തതായുണ്ട്. ഇതിൽ ഭൂരിപക്ഷവും യുവ വോട്ടർമാരാണ്.
പഠനം കഴിഞ്ഞ് തൊഴിൽ പരിചയം കൂടി ലഭിച്ചതിന് ശേഷമാണു പണ്ട് മലയാളികൾ ഗൾഫ് രാജ്യങ്ങളിലേക്ക് കടന്നിരുന്നതെങ്കിൽ, ഇപ്പോൾ പ്ലസ് ടു പഠനം കഴിയുമ്പോൾ തന്നെ കേരളത്തിലെ പ്രത്യേകിച്ച് മലയോര മേഖലയിലെ കുട്ടികൾ കടൽ കടക്കാൻ ശ്രമങ്ങൾ തുടങ്ങുകയാണ്. പഠനം കഴിഞ്ഞവർ എന്തെങ്കിലും വിധത്തിൽ കാര്യങ്ങൾ റെഡിയാക്കി നാട് വിടുകയാണ്. എഴുപത് കാലഘട്ടങ്ങളിൽ അറബ് രാജ്യങ്ങളിലേക്കാണ് കുടിയേറ്റം നടന്നിരുന്നതെങ്കിൽ, ഇപ്പോഴത് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കായി മാറിയിരിക്കുന്നു. ഇവരിൽ കൂടുതൽ പേരും തിരിച്ചു വരുന്നില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം.
യൂറോപ്പ്, കാനഡ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറി പഠനത്തിന് ശേഷം അവിടെ തന്നെ ജോലി, ജീവിതം എന്നിങ്ങനെയാണ് പ്ലസ്ടുവിലേക്ക് കടക്കുന്ന വിദ്യാർഥികളുടെ സ്വപ്നങ്ങളിൽ. കാർഷിക മേഖല തകർന്നതും മറ്റ് പ്രതിസന്ധികളും കാരണം ജീവിതം വഴി മുട്ടിയ രക്ഷകർത്താക്കളും മക്കളുടെ വിദേശ സ്‌നേഹത്തിന് പച്ചക്കൊടി വീശുകയാണ്.
നാട്ടിലെ ജോലിയുടെ സ്വഭാവം, പഠനം പൂർത്തിയാക്കിയതിന് ശേഷം പ്രതീക്ഷിച്ച രീതിയിലുള്ള തൊഴിൽ ലഭ്യതയില്ലായ്മ, കുറഞ്ഞ ശമ്പളം തുടങ്ങിയ നിരവധി കാരണങ്ങളാണ് യുവാക്കൾ നാട് വിടുന്നതിനു പിന്നിലുള്ളത്. വിദ്യാഭ്യാസ മേഖലയിലും ഇത്തരം പ്രശ്‌നങ്ങളാണ് യുവാക്കൾ അഭിമുഖീകരിക്കുന്നത്. സോഷ്യൽ സ്റ്റാറ്റസ്, മെച്ചപ്പെട്ട ജീവിത നിലവാരം, ആരോഗ്യ സംവിധാനങ്ങൾ, എന്നിവയെല്ലാം വിദേശത്തേക്ക് യുവാക്കളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. വളർന്നു വരുന്ന കഴിവുള്ള ഒരു സമൂഹം മുഴുവൻ ഇങ്ങനെ വിദേശത്തേക്ക് പോകുന്നത് സാമ്പത്തികമായും സാമൂഹികമായും നാടിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.
Content Highlights: Discover why young people are leaving Kerala`s hill regions after Plus Two. Explore reasons like job scarcity, better opportunities abroad, and their impact on local polls and economy.