യൂത്ത് കോൺഗ്രസിനെ നയിക്കാൻ വനിത വരുമോ? ചർച്ച ചൂടുപിടിക്കുന്നു; പുതിയ പേരുകളും സജീവം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി പേരുകള്‍ സജീവ ചര്‍ച്ചയില്‍. അബിന്‍ വര്‍ക്കി, കെഎം അഭിജിത്ത്, ബിനു ചുള്ളിയില്‍ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യപരിഗണനയില്‍ ഉള്ളതെങ്കിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഒ.ജെ. ജനീഷ്, അനു താജ്, അരിതാ ബാബു, വി.കെ. ഷിബിന തുടങ്ങിയ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.
അഭിജിത്തിനെ പ്രസിഡന്റ് ആക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെടുമ്പോള്‍ ഏറ്റവുമധികം വോട്ടുകള്‍ നേടി വൈസ് പ്രസിഡന്റായ അബിനെ പരിഗണിക്കണം എന്നാണ് ഐ ഗ്രൂപ്പ് വാദം. കെ.സി. വേണുഗോപാല്‍ ബിനു ചുള്ളിയിലിനായും രംഗത്തുണ്ട്. ഇതിനിടെയാണ് സംസ്ഥാന വൈസ് പ്രസിഡണ്ട് അനു താജിനായി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നത്.
എം.എം. ഹസ്സന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതിനുശേഷം ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടത്ര പരിഗണന നേതൃസ്ഥാനങ്ങളില്‍ ലഭിച്ചിട്ടില്ല എന്ന വാദമാണ് അനുവിനെ പിന്തുണക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പിന്തുണയും അനുവിനുണ്ട്.
ഡല്‍ഹി കേന്ദ്രീകരിച്ചും സംസ്ഥാനം കേന്ദ്രീകരിച്ചും ആലോചനകള്‍ സജീവമാകുമ്പോള്‍ അരിത ബാബുവിന്റെ പേരും വി.കെ. ഷിബിനയുടെ പേരും ചര്‍ച്ചകളില്‍ ഇടംപിടിക്കുന്നുണ്ട്. രാഹുലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഒരു വനിത അധ്യക്ഷയായാല്‍ ഗുണംചെയ്യും എന്നാണ് ഒരുവിഭാഗത്തിന്റെ വാദം.
Content Highlights: Several names are in active discussion for the Kerala Youth Congress president post