റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും;മറ്റൊരാൾക്ക് ജോലിയേകാൻ പണിമുടക്ക് ദിനത്തിലും പണിയെടുത്ത് PV അനു

തൃപ്പൂണിത്തുറ: ദേശീയ പണിമുടക്ക് ദിനത്തിലും ഓഫീസിലെത്തി മറ്റൊരാളുടെ തൊഴിൽ എന്ന സ്വപ്നം യാഥാർഥ്യമാക്കി തൃപ്പൂണിത്തുറ പുതിയകാവ് ഗവ. ആയുർവേദ കോളേജിലെ എൽ.ഡി. ക്ലാർക്കും എൻ.ജി.ഒ. യൂണിയൻ പ്രവർത്തകയുമായ പി.വി. അനു.
ജില്ലയിലെ എൽ.ഡി. ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ദേശീയ പണിമുടക്ക് ദിനമായ ഫെബ്രുവരി 12 അർധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ്, ആ പട്ടികയിൽ നിന്നൊരാൾക്കുകൂടി ജോലി ഉറപ്പാക്കാൻ അനു അവധിദിനത്തിലും കർമനിരതയായത്.
തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ എൽ.ഡി. ടൈപ്പിസ്റ്റ് ഹൈക്കോടതിയിൽ ജോലി ലഭിച്ചതിനേത്തുടർന്ന് ഫെബ്രുവരി 11-ന് വിടുതൽ ചെയ്തിരുന്നു. ഈ ഒഴിവ് തൊട്ടടുത്ത ദിവസം (ഫെബ്രുവരി-12) അർധരാത്രിക്കുള്ളിൽ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്താൽ മാത്രമേ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നൊരാൾക്ക് ജോലി ലഭിക്കുമായിരുന്നുള്ളൂ. എന്നാൽ ഫെബ്രുവരി 12 ദേശീയ പണിമുടക്ക് ദിനമായത് പ്രതിസന്ധി സൃഷ്ടിച്ചു.
മുഴുവൻ ഒഴിവുകളും സമയബന്ധിതമായി റിപ്പോർട്ട് ചെയ്യണമെന്ന സർക്കാരിന്റെ പ്രഖ്യാപിതനയം നടപ്പിലാക്കാൻ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെയും മാനേജരുടെയും നിർദേശാനുസരണം അനു ഓഫീസിലെത്തുകയായിരുന്നു. പണിമുടക്ക് ദിനമായതിനാൽ ഹാജർ പുസ്തകത്തിൽ ഒപ്പിടാതെ തന്നെ, റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നതിനുമുൻപ് ഒഴിവ് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ തടസ്സമില്ലാതെ പൂർത്തിയാക്കി.
ഒരു ഉദ്യോഗാർഥിയുടെപോലും തൊഴിൽ അവസരം നഷ്ടപ്പെടരുതെന്ന നിശ്ചയദാർഢ്യത്തോടെ അനു നടത്തിയ ഈ ഇടപെടൽ വലിയ പ്രശംസയ്ക്ക് അർഹമായി. പണിമുടക്ക് ദിനത്തിലും തന്റെ കർത്തവ്യം കൃത്യമായി നിർവഹിച്ച അനു പി.വി.യെ കേരള എൻ.ജി.ഒ. യൂണിയൻ തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അഭിനന്ദിച്ചു.
Content Highlights: A dedicated LD Clerk works on a national strike day to ensure a job for another aspirant before a rank list expires. Read her inspiring story.