കെ-ടെറ്റ്: മന്ത്രി ഇടപെട്ടു; വിവാദ സർക്കുലർ പിൻവലിച്ചു

തിരുവനന്തപുരം: അധ്യാപകരുടെയും സ്കൂൾ മാനേജർമാരുടെയും പ്രതിഷേധം പുകഞ്ഞതോടെ, കെ-ടെറ്റ് ഇല്ലാത്ത എയ്ഡഡ് സ്കൂൾ അധ്യാപകരെ തരംതാഴ്ത്താനും പുറത്താക്കാനും നിർദേശിച്ച സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പിൻവലിച്ചു. മന്ത്രി എൻ. ഷംസുദ്ദീൻ ഇടപെട്ടതിനെത്തുടർന്നാണ് നടപടി. പരിഷ്കരിച്ച സർക്കുലർ, ഉന്നതതല കൂടിയാലോചനയ്ക്കുശേഷം പുറത്തിറക്കും.
കെ-ടെറ്റ് യോഗ്യതയില്ലാത്തവർ അധ്യാപകരാവാൻ പാടില്ലെന്നാണ് 2025 സെപ്റ്റംബറിലെ സുപ്രീംകോടതിവിധി. ഇതു നടപ്പാക്കുന്നതിനായാണ് ശനിയാഴ്ച സർക്കുലർ ഇറക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും നിയമനാംഗീകാരത്തിനുമായി മുൻ എൽ.ഡി.എഫ്. സർക്കാർ നൽകിയ ഇളവുകളെല്ലാം സർക്കുലറിൽ റദ്ദാക്കിയിരുന്നു. 2025 സെപ്റ്റംബർ ഒന്നിനോ അതിനു ശേഷമോ കെ-ടെറ്റ് യോഗ്യത ഇല്ലാതെ നിയമിച്ച അധ്യാപകരെ പുറത്താക്കണമെന്നും സ്ഥാനക്കയറ്റം ലഭിച്ചവരെ തരംതാഴ്ത്തണമെന്നും നിർദേശിച്ചിരുന്നു.
യോഗ്യതനേടാൻ 2028 ഓഗസ്റ്റുവരെ സുപ്രീംകോടതി കാലാവധി നൽകിയിട്ടുണ്ടെന്നിരിക്കേ തൊഴിൽപ്രതിസന്ധി സൃഷ്ടിക്കുന്നതാണ് സർക്കുലറെന്ന് വിമർശനമുയർന്നു.
അധ്യാപകരെ ദ്രോഹിക്കുകയാണെന്ന് കെ.എസ്.ടി.എ.യും സർക്കാർ നൽകിയ ഇളവുതന്നെ റദ്ദാക്കിയെന്ന് എ.കെ.എസ്.ടി.യു.വും കുറ്റപ്പെടുത്തി.
Content Highlights: Kerala’s Public Education Directorate withdrew a circular directing demotion and dismissal of aided-school teachers without K-TET qualifications following protests and ministerial intervention.