വഖഫ് ബോർഡിൽ റോളില്ല; മറികടക്കാൻ തന്ത്രം തിരഞ്ഞ് സർക്കാർ

മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും| ഫോട്ടോ:മാതൃഭൂമി
മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും| ഫോട്ടോ:മാതൃഭൂമി

കൊച്ചി: കേരള വഖഫ് ബോർഡിൽ ഒരു നിയന്ത്രണവുമില്ലാത്തത് സംസ്ഥാന സർക്കാരിനെ കുഴക്കുന്നു.

കെ.എസ്. ഹംസ ചെയർമാനായി മുൻ എൽ.ഡി.എഫ്. സർക്കാർ രൂപവത്കരിച്ച നിലവിലെ വഖഫ് ബോർഡിൽ മുസ്‌ലിംലീഗിനുപോലും പ്രതിനിധിയില്ല. ബോർഡ് അംഗങ്ങളെ നാമനിർദേശംചെയ്യാൻ സർക്കാരിന് അധികാരം നൽകുന്ന കഴിഞ്ഞ വർഷത്തെ നിയമഭേദഗതിയാണ് യു.ഡി.എഫിനെ കുഴക്കുന്നത്.

ബോർഡ് കാലാവധി അഞ്ചുവർഷമാണ്. അതിനുള്ളിൽ പിരിച്ചുവിട്ടാൽ കോടതിയിൽ ചോദ്യംചെയ്യാം. മുനമ്പം അടക്കം രാഷ്ട്രീയമായി ഏറെ മാനങ്ങളുള്ള വിഷയങ്ങൾ കത്തിനിൽക്കുമ്പോൾ പ്രതിപക്ഷത്തിന് നിയന്ത്രണമുള്ള വഖഫ് ബോർഡ് തുടരുന്നത് സർക്കാരിന് വെല്ലുവിളിയാണ്. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നശേഷമാണ് മുനമ്പം ഭൂമി 'ഉമീദ് പോർട്ടലിൽ' ബോർഡ് ഉൾപ്പെടുത്തിയത്.

നിയമഭേദഗതിക്കുമുൻപ്

മുസ്ലിങ്ങളായ എം.പി.മാർ, എം.എൽ.എ.മാർ, ബാർ കൗൺസിൽ അംഗങ്ങൾ, മുതവല്ലി എന്നിവരാണ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുത്തുകൊണ്ടിരുന്നത്. ബോർഡിലുണ്ടായിരുന്ന രണ്ട് എം.എൽ.എ.മാരും ഒരു എം.പി.യും രണ്ട് മുതവല്ലിയും ലീഗിന്റെ പ്രതിനിധികളാകുന്നതായിരുന്നു പതിവ്. മുസ്ലിം പണ്ഡിതർ, സ്ത്രീകൾ എന്നിവരെമാത്രാണ് നാമനിർദേശം ചെയ്തിരുന്നത്.

നിയമഭേദഗതിക്കുശേഷം

അംഗങ്ങളെല്ലാം സർക്കാർ നാമനിർദേശംചെയ്യുന്നവർ. മുസ്ലിമല്ലാത്ത രണ്ടുപേർ വേണമെന്നത് നിർബന്ധമായി. ബോർഡ് രൂപവത്കരിക്കുന്ന കാലത്ത് അധികാരത്തിലിരിക്കുന്ന സർക്കാരിന്/പാർട്ടിക്ക് അംഗങ്ങളുടെമേൽ പൂർണ നിയന്ത്രണം.

സർക്കാർനീക്കം ഇങ്ങനെ

ഫെബ്രുവരി രണ്ടിന് വഖഫ് ബോർഡ് രൂപവത്കരിച്ചത് നിയമപരമല്ലെന്നും വഖഫ് നിയമം വകുപ്പ് 14 പ്രകാരം പുനഃസംഘടിപ്പിക്കാനുമാണ് സർക്കാർ നീക്കം. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരുന്നു. രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല എന്നതുമാത്രമല്ല, ഷിയാ വിഭാഗം അടക്കം മുസ്ലിം സമുദായത്തിൽത്തന്നെ ഇതര വിഭാഗങ്ങളുടെ പ്രാതിനിധ്യവും ഇല്ലെന്നതും ചൂണ്ടിക്കാട്ടിയാണ് പുനഃസംഘടനാശ്രമം.

നിലവിലെ അവസ്ഥ

പുനഃസംഘടിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചതടക്കം കണക്കിലെടുത്തായിരുന്നു ബോർഡിന്റെ പ്രവർത്തനത്തിൽ ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തിയത്. ഇതിനെതിരേ ബോർഡും അംഗം കെ. ഉമ്മർ ഫൈസിയും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ബോർഡിൽ അമുസ്ലിം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയ ബി.ജെ.പി. നേതാവ് ഷോൺ ജോർജിനെ മാത്രമാണ് എതിർകക്ഷിയാക്കിയത്. ബോർഡ് രൂപവത്കരണംതന്നെ നിയമപരമല്ലെന്ന് ആരോപിച്ച് ഹർജി നൽകിയ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ആക്ട്സ്) അടക്കമുള്ളവരെ എതിർകക്ഷിയാക്കിയിട്ടില്ല. മാത്രമല്ല, സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനെ ബോർഡ് എതിർക്കുന്നില്ലെന്നും സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Government is moving to restructure the Waqf Board citing legal non-compliance under Section 14., The board currently lacks representation from non-Muslims and specific Muslim sects as mandated by recent amendments., The Munambam land issue adds political complexity to the ongoing board tenure., A legal battle is active in the Supreme Court regarding the board's validity and composition.