വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ഷോൺ ജോർജും സ്റ്റാലിൻ ദേവനും

ന്യൂഡൽഹി: കേരള വഖഫ് ബോർഡ് കേസിൽ ബിജെപി നേതാവ് ഷോൺ ജോർജും സ്റ്റാലിൻ ദേവനും സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്തു. കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരായ ഹർജിയിലാണ് തടസ ഹർജി.
മുനമ്പം ഭൂസമരവുമായി ബന്ധപ്പെട്ട ഒരു സംഘടനയും സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്യുമെന്നാണ് സൂചന. സംസ്ഥാന വഖഫ് ബോർഡും, വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയും ആണ് കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കണം എന്നുമാണ് ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹർജി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജും സ്റ്റാലിൻ ദേവനും സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തത്. വഖഫ് ബോർഡും ബോർഡ് അംഗങ്ങളും ഫയൽ ചെയ്യുന്ന ഹർജികളിൽ തങ്ങളുടെ വാദം കേൾക്കാതെ യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജികൾ ഫയൽ ചെയ്തിരിക്കുന്നത്.
Content Highlights: Shone George and Stalin Devan filed a caveat in the Supreme Court., The move challenges the Kerala Waqf Board's plea against the High Court order., The Supreme Court bench led by Justice Surya Kant is set to hear the matter., The petitioners seek to ensure their arguments are heard before any stay order is issued.