എസ്ഐആർ അന്തിമ പട്ടിക: തലസ്ഥാനത്ത് കനത്തവോട്ടുചോർച്ച; മലബാറിൽ വോട്ട് കൂടി

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ.) പൂർത്തിയായപ്പോൾ ഏറ്റവുംകൂടുതൽ വോട്ടർമാർ പുറത്തായത് തലസ്ഥാനജില്ലയിൽനിന്ന്. അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ എട്ടുലക്ഷത്തോളംപേരാണ് പട്ടികയിൽനിന്ന് പുറത്തായത്. എന്നാൽ, തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി പുറത്തായത് 3,01,015 വോട്ടർമാരാണ്. അതായത്, ആകെ വോട്ടുചോർച്ചയുടെ 33 ശതമാനത്തിലധികവും തലസ്ഥാനത്ത്.

‘വോട്ടുചോർച്ച’യിൽ മുന്നിൽ തിരുവനന്തപുരം മണ്ഡലമാണ്; 45,050 പേരാണ് 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുമായി താരതമ്യംചെയ്യുമ്പോൾ എസ്.ഐ.ആർ. അന്തിമവോട്ടർപട്ടികയിൽനിന്ന് പുറത്തായത്. തൊട്ടുപിന്നിൽ വട്ടിയൂർക്കാവ് മണ്ഡലമാണ്-40,694. നേമം മണ്ഡലത്തിൽ 35,642 പേർ പട്ടികയിൽനിന്ന് പുറത്തായി. എറണാകുളം ജില്ലയിൽ എറണാകുളം മണ്ഡലത്തിൽ 31,168 വോട്ടുകളും പാലക്കാട് മണ്ഡലത്തിൽ 15,829 വോട്ടുകളും കുറഞ്ഞു.

കനത്തവോട്ടുചോർച്ച ഉണ്ടായ മണ്ഡലങ്ങളിൽ പലതും ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളാണ്. ഈ വോട്ടുചോർച്ച വരുന്ന തിരഞ്ഞെടുപ്പിൽ എങ്ങനെ സ്വാധീനിക്കുമെന്നാണ് അറിയേണ്ടത്.

ഭൂരിപക്ഷം ജില്ലകളിലും വോട്ടുകുറഞ്ഞപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മണ്ഡലങ്ങളിൽ വോട്ടുവർധനയാണ് രേഖപ്പെടുത്തിയത്. മലപ്പുറം ജില്ലയിലാണ് പുതിയവോട്ടർമാർ കൂടുതൽ. സംസ്ഥാനത്ത് വേങ്ങര മണ്ഡലത്തിലാണ് മുൻകാലത്തെ അപേക്ഷിച്ച് വോട്ട് അധികമായി ചേർന്നിട്ടുള്ളത്-20,927. തിരൂർ മണ്ഡലത്തിൽ 18,930 പേരും പുതുതായി ചേർന്നു.

140 മണ്ഡലങ്ങളിൽ 95 ഇടത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തെക്കാൾ വോട്ടുശോഷണമാണ്. 20 നിയമസഭാ മണ്ഡലങ്ങളിൽ 15,000-ത്തിലധികം വോട്ടർമാർ പുറത്തായി. തൃശ്ശൂർ, തൃക്കാക്കര, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട്, ആറന്മുള മണ്ഡലങ്ങളിൽ ഇത് 20,000-ത്തിനും മുകളിലാണ്. നഗരമേഖലയിലാണ് വോട്ടുശോഷണം ഗണ്യമായുള്ളത്.
(തയ്യാറാക്കിയത്: അശ്വതി രാജേന്ദ്രൻ, ജസ്ന ജയൻ, ഷിബിന വാസുദേവൻ, ഗാഥ ആനന്ദ്)

ഈ മണ്ഡലങ്ങളിൽ പ്രവാസിവോട്ട് നിർണായകം

# എ.കെ. ശ്രീജിത്ത്‌

മലബാറിലെ ചില നിയമസഭാ മണ്ഡലങ്ങളിൽ ആരുവാഴുമെന്ന് ഇക്കുറി പ്രവാസികൾ തീരുമാനിക്കും. എസ്.ഐ.ആർ. പൂർത്തിയാക്കി പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം സംസ്ഥാനത്താകെ 2,23,558 പ്രവാസികളാണ് ഉൾപ്പെട്ടത്. മലബാർ ജില്ലകളിലാണ് ഇതിൽ ഭൂരിഭാഗവും. കോഴിക്കോട് (57,679), കണ്ണൂർ (52,163), മലപ്പുറം (39,501) എന്നിവിടങ്ങളിലാണ് പ്രവാസികൾ കൂടുതൽ. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ ആശങ്ക എസ്.ഐ.ആറിൽ പ്രതിഫലിച്ചതിനാലാണ് പ്രവാസികൾ കൂട്ടത്തോടെ വോട്ടർപട്ടികയിൽ പേരുചേർത്തതെന്നാണ് നിഗമനം.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിലാണ് കൂടുതൽ പ്രവാസി വോട്ടർമാരുള്ളത്- 16,002 പേർ. തൊട്ടുകിടക്കുന്ന നാദാപുരമാണ് തൊട്ടുപിന്നിൽ. ഇവിടെ 12,424 പേരുണ്ട്. കുറ്റ്യാടിയിൽ 333 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കെ.പി. കുഞ്ഞമ്മദ് കുട്ടി തിരഞ്ഞെടുക്കപ്പെട്ടത്. 3,385 വോട്ടാണ് നാദാപുരത്ത് സി.പി.ഐ.യിലെ ഇ.കെ. വിജയന്റെ ഭൂരിപക്ഷം. 1745 വോട്ടിന്റെ ഭൂരിപക്ഷത്തിന് കോൺഗ്രസ് -എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി ജയിച്ച കണ്ണൂരിൽ 6331 പ്രവാസികളാണ് പട്ടികയിലുള്ളത്. മൂന്നിടത്തും വിദേശത്തുനിന്ന് വോട്ടർമാർ കൂട്ടമായെത്തിയാൽ ഫലത്തെ സ്വാധീനിക്കും.

5000-ന്‌ മുകളിൽ പ്രവാസിവോട്ടർമാരുള്ള മണ്ഡലങ്ങൾ:
1. കല്യാശ്ശേരി - 8097
2 തളിപ്പറമ്പ് - 5301
3. അഴീക്കോട് - 5267
4. കണ്ണൂർ - 6331
5. തലശ്ശേരി - 5915
6. കൂത്തുപറമ്പ് - 6839
7. വടകര - 6127
8. കുറ്റ്യാടി - 16002
9. നാദാപുരം - 12424
10. തിരൂർ - 8601
11. പൊന്നാനി - 5779
12. കയ്പമംഗലം - 6031
തൃക്കരിപ്പൂർ (4283), ധർമടം (4498), കൊയിലാണ്ടി (4401), കോട്ടയ്ക്കൽ (4717) ഗുരുവായൂർ (4757)

എസ്ഐആർ അന്തിമ പട്ടിക: വിവിധ ജില്ലകളിലെ വോട്ട് നില

Content Highlights: Kerala`s intensive voter list revision sees Thiruvananthapuram losing over 3 lakh voters. impact and key areas affected by this significant voter turnout.