വൈസ് ചാൻസലർ നിയമനം: സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട യുജിസി പ്രതിനിധികളുടെ പട്ടിക തയ്യാറായി

ന്യൂഡൽഹി: സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും സ്ഥിരം വൈസ് ചാൻസലർമാരെ കണ്ടെത്തുന്നതിനുള്ള സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട യുജിസി പ്രതിനിധികളുടെ പേരുകൾ തയ്യാറായി. യുജിസി ചെയർമാനുമായി താൻ കഴിഞ്ഞ ദിവസം ടെലിഫോണിൽ സംസാരിച്ചിരുന്നതായി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ യുജിസി ചെയർമാൻ തയ്യാറാക്കിയ പേരുകൾ ഏതൊക്കെയെന്ന് അറ്റോർണി ജനറൽ പരസ്യപ്പെടുത്തിയിട്ടില്ല.
സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട പേരുകളുടെ പട്ടിക ചാൻസലറായ ഗവർണർ തയ്യാറാക്കിയിട്ടുണ്ടെന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഗവർണർ തയ്യാറാക്കിയ പത്തുപേരടങ്ങുന്ന പട്ടികയിൽ ഐഐടിയിലെ പ്രൊഫസർമാർ ഉൾപ്പടെ ഉണ്ട്. എന്നാൽ, സെർച്ച് കമ്മിറ്റിയുടെ ഭാഗമാകാൻ അവരുടെ സമ്മതംകൂടി വാങ്ങേണ്ടതുണ്ട്. അതിന് കുറച്ചുകൂടി സമയം വേണമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് തിങ്കളാഴ്ച്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
തയ്യാറാക്കിയ പട്ടിക അറ്റോർണി ജനറലിന് കൈമാറൂ- കേരളത്തിനോട് സുപ്രീം കോടതി
സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ട പത്ത് പേരുകൾ തയ്യാറാക്കിയെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് ഈ പേരുകൾ അറ്റോർണി ജനറലിന് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചു. കേരളം തയ്യാറാക്കിയ പട്ടികയിലും ഗവർണറുടെ പട്ടികയിലും ഒരേ പേരുകൾ ആണെങ്കിൽ അവരെ സെർച്ച് കമ്മിറ്റിയിൽ നിയമിക്കുമെന്ന് കോടതി സൂചിപ്പിച്ചു. ജസ്റ്റിസുമാരായ ജെ.ബി പർഡിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി.
Content Highlights: Supreme Court adjourns Kerala VC search case. UGC submits nominees, Governor prepares list