വി.സി നിയമനം, ആ ഒത്തുതീർപ്പിന് പിന്നിൽ പിണറായി സർക്കാർ; സുപ്രീം കോടതി ഉത്തരവ് തെളിവ്‌

#പ്രശാന്ത് കൃഷ്ണ/മാതൃഭൂമി ന്യൂസ്
മുന്‍ കേരള ഗവർണർ ആർ.വി. ആർലേക്കറും മുൻ മുഖ്യമന്ത്രി പിണറായി വിജയനും
മുന്‍ കേരള ഗവർണർ ആർ.വി. ആർലേക്കറും മുൻ മുഖ്യമന്ത്രി പിണറായി വിജയനും

തിരുവനന്തപുരം: സർവ്വകലാശാലാ വൈസ് ചാൻസലർ (V.C) നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയത് മുൻ പിണറായി സർക്കാരാണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി ഉത്തരവ് പുറത്ത്. ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെ വി.സിമാരെ ഇരുവിഭാഗവും യോജിപ്പോടെ നിയമിച്ചതിനെ സുപ്രീം കോടതി പ്രകീർത്തിച്ചിരുന്നു. വി.സി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പ് കരാറുണ്ടാക്കിയത് ഇപ്പോഴത്തെ വി.ഡി. സതീശൻ സർക്കാരാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഉയരുന്നതിനിടയിലാണ്, ധാരണ ഉണ്ടായത് മുൻ പിണറായി സർക്കാരിന്റെ കാലത്താണെന്ന് തെളിയിക്കുന്ന സുപ്രീം കോടതി ഉത്തരവ് പുറത്തുവരുന്നത്.

നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം, ഓഗസ്റ്റ് 17-നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പും ഗവർണറുടെ സെക്രട്ടറിയറ്റും തമ്മിൽ ധാരണാപത്രം ഒപ്പിട്ടത്. മുൻ പിണറായി സർക്കാരിന്റെ കാലത്തെ കേസ് അവസാനിപ്പിക്കുന്നതിനാണ് ഈ ധാരണാപത്രം ഒപ്പിട്ടത്. ഡോ. സിസ തോമസിനെ ഗവർണർ താൽക്കാലിക വി.സിയായി നിയമിച്ചതിനെതിരെ മുൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ച് നിയമനം റദ്ദാക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഗവർണർ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. ഈ കേസ് നിയമപരമായി അവസാനിപ്പിക്കുന്നതിനായാണ് നിലവിലെ സർക്കാർ ഇപ്പോൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.

Also Read: വി.സി നിയമന തർക്കം: ഗവർണറും സർക്കാരും ധാരണയിലെത്തി; സിസയും, സജിയും തുടരും, കരാർ ഒപ്പുവച്ചു

2025 ഡിസംബർ 10-നാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറുമായി സമവായ ചർച്ചകൾക്കായി പിണറായി സർക്കാരിലെ നിയമമന്ത്രി പി. രാജീവും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ലോക്ഭവനിൽ എത്തിയത്. ഡോ. സിസ തോമസിനെ സാങ്കേതിക സർവ്വകലാശാല വി.സിയാക്കണമെന്ന് ഗവർണറും, സജി ഗോപിനാഥിനെ ഡിജിറ്റൽ സർവ്വകലാശാല വി.സിയാക്കണമെന്ന് സർക്കാരും ഒരേപോലെ പിടിവാശി കാണിച്ചതോടെ ചർച്ചകൾ പ്രതിസന്ധിയിലായി. മന്ത്രിമാർ ചർച്ച നടത്തിയിട്ടും സമവായമാകാത്തതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയായിരുന്നു. അദ്ദേഹം രാവിലെയും വൈകിട്ടും നേരിട്ടെത്തി ഗവർണറുമായി നടത്തിയ ചർച്ചകളുടെ ഒടുവിലാണ് ഒത്തുതീർപ്പ് ധാരണ രൂപപ്പെട്ടത്.

ഈ ഒത്തുതീർപ്പ് പ്രകാരമാണ് ഗവർണർക്ക് താത്പര്യമുള്ള ഡോ. സിസ തോമസിനെ സാങ്കേതിക സർവ്വകലാശാല വിസിയായും മുഖ്യമന്ത്രി പിണറായി വിജയന് താത്പര്യമുള്ള സജി ഗോപിനാഥിനെ ഡിജിറ്റൽ സർവ്വകലാശാല വിസിയായും നിയമിക്കാൻ ധാരണയായി. തുടർന്ന് 2025 ഡിസംബർ 16-ന് ഗവർണർ ഇതിനുള്ള ഉത്തരവിറക്കുകയായിരുന്നു. വി.സി നിയമനത്തിനായി സുപ്രീം കോടതി നേരിട്ട് ഒരു സെർച്ച് കമ്മിറ്റി രൂപീകരിച്ച പശ്ചാത്തലത്തിൽ, ഇരുപക്ഷത്തിനും ഉണ്ടാകാനിടയുള്ള തിരിച്ചടി ഒഴിവാക്കാനാണ് അന്ന് പിടിവാശി ഉപേക്ഷിച്ച് ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തിയത്.

തൊട്ടടുത്ത ദിവസം, അതായത് 2025 ഡിസംബർ 17-ന്, സർക്കാരും ഗവർണറും തമ്മിൽ വി.സി നിയമനത്തിൽ ധാരണയിലെത്തിയ വിവരം സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിച്ചു. അന്നത്തെ സുപ്രീം കോടതി ഉത്തരവിന്റെ നാലാം പേജിലെ അഞ്ചാം ഖണ്ഡികയിൽ ഈ ധാരണ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചാൻസലറും സർക്കാരും ഒരേ സ്വരത്തിൽ വിസി നിയമനം നടത്തിയതിൽ സുപ്രീം കോടതി ബെഞ്ച് വലിയ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ചർച്ച നടത്തി അന്ന് ഗവർണറുമായി ഒത്തുതീർപ്പുണ്ടാക്കിയ ശേഷമാണ് ഇപ്പോൾ പ്രതിപക്ഷം വി.സി നിയമനത്തിന്റെ പേരിൽ നിലവിലെ യുഡിഎഫ് സർക്കാർ ആർഎസ്എസിന് വഴങ്ങി എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്ന വൈരുധ്യവും ഇതോടെ വ്യക്തമാകുകയാണ്.

Content Highlights: Supreme Court order proves the previous Pinarayi government made a compromise deal with the Governor regarding VC appointments., CM Pinarayi Vijayan personally intervened in December 2025 to reach a consensus with the Governor., Dr. Ciza Thomas was appointed to the Technical University and Saji Gopinath to the Digital University as part of the agreement., The opposition's current allegations against the UDF government are countered by this historical Supreme Court document.